സിംഹക്കൂട്ടിലെ ചിരിഗര്ജനം; ‘ഗർർർ’ റിവ്യു
GRRR Review
Mail This Article
സിംഹക്കൂട്ടില്‍ ഒരു മനുഷ്യൻപെട്ടാല്‍ എന്തായിരിക്കും അവസ്ഥ? അതു കണ്ടു നിന്നാലോ? ഭയക്കുമെന്നും അസ്വസ്ഥതപ്പെടുമെന്നുമൊക്കെ പറയാന്‍ വരട്ടെ. സിംഹക്കൂട്ടിലെ ചിരിഗര്‍ജനമാണ് കുഞ്ചാക്കോ ബോബന്‍- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ പിറന്ന ഗര്‍ര്‍ര്‍ എന്ന ചിത്രം. അത് രസിപ്പിച്ചും പൊട്ടിച്ചിരിച്ചുമൊക്കെ പ്രേക്ഷകനെ കൊണ്ടുപോകുന്നത് നല്ല സിനിമയുടെ സിംഹക്കൂട്ടിലേക്കാണ്. അവിടെ ഭയമില്ല, പൊട്ടിച്ചിരികള്‍ മാത്രം... പഴയ ചോക്ലേറ്റ് നായകനായി നിറഞ്ഞാടുമ്പോഴും ചിരിയുടെ രസച്ചരട് ഒട്ടും പൊട്ടാതെ അവതരിപ്പിക്കുകയാണ് ചാക്കോച്ചന്‍. ഒപ്പം സുരാജ് കൂടി ചേര്‍ന്നതോടെ ആകെ മൊത്തം അസ്സലൊരു ചിരിവിരുന്നാണ് ജയ് കെ സംവിധാനം ചെയ്ത ഗര്‍ര്‍ര്‍.
റെജിമോന്‍ നാടാര്‍ തന്റെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഇതിനിടയില്‍ മദ്യപിച്ച് ആവേശം പൂണ്ട് മൃഗശാലയിലെ ദര്‍ശന്‍ എന്ന സിംഹത്തിന്റെ കൂട്ടിലേക്ക് ചാടുന്നു. അതോടെ നാടു മുഴുവന്‍ ഇളകി. മൃഗശാലയിലെ ജീവനക്കാരനായ ഹരിദാസ് നായര്‍, റെജിമോനെ രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കി. എന്നാല്‍ ഇതിനിടയില്‍ ഹരിദാസും ആ കെണിയില്‍പ്പെട്ടു പോകുന്നു. തുടര്‍ന്നുണ്ടാകുന്ന രക്ഷാപ്രവര്‍ത്തനങ്ങളും സംഭവവികാസങ്ങളുമാണ് ‘ഗര്‍ര്‍ര്‍’ എന്ന ചിത്രം പറയുന്നത്. റെജിയായി കുഞ്ചാക്കോ ബോബനും ഹരിദാസായി സുരാജും പ്രേക്ഷകരെ ആവശ്യത്തിന് പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. സിനിമയുടെ ജീവനായി തമാശ നിലകൊള്ളുമ്പോഴും പ്രണയത്തിന്റെ രണ്ടുഘട്ടങ്ങളെ ഹൃദ്യമായി അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.
സിംഹത്തിനൊപ്പമുള്ള രംഗങ്ങള്‍ പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നതാണ്. ഈ രംഗങ്ങള്‍ അതിന്റെ എല്ലാ തനിമയോടെയും ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ സിനിമയില്‍ ഒരു സജീവ കഥാപാത്രമായി തന്നെ സിംഹം നിലകൊള്ളുന്നുമുണ്ട്. പ്രണയം തുളുമ്പുന്ന നായകനായി നിറഞ്ഞാടുമ്പോഴും തമാശരംഗങ്ങള്‍ തരക്കേടില്ലാതെ അവതരിപ്പിക്കാൻ ചാക്കോച്ചനു കഴിഞ്ഞിട്ടുണ്ട്. സുരാജിന്റെ തകര്‍പ്പന്‍ പ്രകടനവും ഒപ്പം ചേര്‍ന്നതോടെ ഗര്‍ര്‍ര്‍ മികച്ച കുടുംബചിത്രമായി മാറുകയാണ്.
അതീവ ഗൗരവമായി പറയേണ്ട ഒരു വിഷയത്തെ അതിരസകരമായി പറയാനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ എല്ലാം തന്നെ വിജയിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്ന ഫ്രെയ്മുകളൊരുക്കി അതിനെ മനോഹരമാക്കാന്‍ ഛായാഗ്രാഹകനായ ജയേഷ് നായര്‍ക്കും സാധിച്ചു. ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാത്തല സംഗീതം, വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ് എന്നിവയും പ്രശംസനീയമാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജയ് കെ, പ്രവീണ്‍ എസ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.
ഷോബി തിലകന്‍ രസകരമായി നായികയുടെ അച്ഛനായ ഇരവിക്കുട്ടി പിള്ളയുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചലനങ്ങളിലും ഭാവങ്ങളിലുമൊക്കെ ഇടയ്‌ക്ക് അദ്ദേഹം തിലകനെ അനുസ്മരിപ്പിക്കുന്നുമുണ്ട്. അനഘ, ശ്രുതി രാമചന്ദ്രന്‍, മഞ്ജുപിള്ള എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്. ആകെ മൊത്തം കുട്ടികളുടെയും കുടുംബങ്ങളുടെയും ഇഷ്ടചിത്രമായി മാറുകയാണ് ഗര്‍ര്‍ര്‍...