കുരുക്കഴിക്കുന്ന കരുനീക്കങ്ങൾ; ചെക്ക്മേറ്റ് റിവ്യൂ
Mail This Article
വമ്പൻ ബിസിനസ് സാമ്രാജ്യങ്ങൾക്കു പിന്നിൽ നടക്കുന്ന ചതിയുടെയും പ്രതികാരത്തിന്റെയും കഥയുമായി നവാഗതനായ രതീഷ് ശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ചെക്ക്മേറ്റ്'. അനൂപ് മേനോൻ നായകനായെത്തിയ ചിത്രം മരുന്നുകളുടെ ക്ലിനിക്കൽ ട്രയലുകളെക്കുറിച്ചും അതിനു പിന്നിൽ നടക്കുന്ന ബിസിനസ് താൽപര്യങ്ങളിലേക്കും വെളിച്ചം വീശുന്നു. ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രത്തിലൂടെ സ്ത്രീപേക്ഷകർക്ക് ഏറെ പ്രിയങ്കരനായ അനൂപ് മേനോന്റെ ശക്തമായ സാന്നിധ്യമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ന്യൂയോർക്കിലെ ചക്ര എന്ന ഫാർമ കമ്പനി ഉടമയാണ് ഫിലിപ് കുര്യൻ. കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുട്ടിക്കാലത്തിൽ നിന്ന് ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ മുടിചൂടാമന്നനായി വിലസുന്ന ഫിലിപ്പ് കുര്യൻ എന്ന ഫാർമ കമ്പനി ഉടമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഫിലിപ്പിനൊപ്പം ശക്തമായ പിന്തുണയുമായി ഭാര്യ ആനിയുമുണ്ട്. പുതിയ മരുന്നുകൾ വികസിപ്പിച്ചെടുത്ത് ഫാർമസ്യൂട്ടികൽ മേഖല അടക്കി വാണുകൊണ്ടിരുന്ന ഫിലിപ്പിന് പക്ഷേ ഒരിക്കൽ ഒരു പിഴവ് പറ്റി. മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന മാറാവ്യാധിക്കുവേണ്ടിയുള്ള മരുന്ന് പരീക്ഷണത്തിനിടെ ഒരു കുരുന്നു പെൺകുട്ടിയുടെ ജീവൻ ഫിലിപ്പിന്റെ കൈക്കുമ്പിളിൽ നിന്ന് ഊർന്നുപോയി. വിജയത്തിന്റെ വെന്നിക്കൊടി പായിച്ചുകൊണ്ടുള്ള ഓട്ടത്തിനിടെ എപ്പോഴോ ജെസ്സി എന്ന പെൺകുട്ടിയും ഫിലിപ്പിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. സംശുദ്ധമല്ലാത്ത ഭൂതകാലമുള്ള ജെസ്സി ഫിലിപ്പിൽ തന്റെ തുണയെ കണ്ടെത്തുകയായിരുന്നു. പുതിയ ജീവിതത്തിലേക്കുള്ള കുതിപ്പിനിടയിലും തങ്ങളുടെ ഭൂതകാലം ഫിലിപ്പിനെയും ജെസ്സിയെയും വേട്ടയാടിക്കൊണ്ടിരുന്നു. ചക്ര എന്ന കമ്പനിയുടമയുടെ കഥയ്‌ക്കൊപ്പം തന്നെ കോച്ച് എന്ന വിളിപ്പേരുള്ള ഒരു ഗുണ്ടാത്തലവനും അയാളുടെ പണിയാളുകളും ഈ ചതുരംഗക്കളത്തിലെ കാലാൾപ്പടയാകുന്നു.
രൂപത്തിലും ഭാവത്തിലും ഏറെ പുതുമയുള്ള കഥാപാത്രമായാണ് ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ എത്തിയിരിക്കുന്നത്. ഇംഗ്ലിഷും മലയാളവും ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന ഫിലിപ് കുര്യൻ എന്ന ഫാർമക്കമ്പനി ഉടമയുടെ വേഷം അനൂപിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഫിലിപ്പിനൊപ്പം പ്രധാനപ്പെട്ട കോച്ച് എന്ന കഥാപത്രമായി ലാൽ മികച്ചുനിന്നു. പുതുമുഖം രേഖ രവീന്ദ്രൻ ആണ് ജെസ്സി എന്ന കഥാപത്രമായെത്തിയത്. ആദ്യചിത്രത്തിൽ തന്നെ ശക്തമായ കഥാപാത്രമായ ജെസ്സിയായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച രേഖ ഭാവിയിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷയർപ്പിക്കാൻ കഴിയുന്ന നായികാതാരമായേക്കും. രാജലക്ഷ്മി, വിശ്വം നായർ, അഞ്ജലി മോഹനൻ, രാജീവ് ചിറയിൽ, സജി സെബാസ്റ്റ്യൻ, അനിൽ മാത്യു തുടങ്ങി നിരവധി പുതുമുഖങ്ങൾക്കൊപ്പം ഒരുപിടി വിദേശ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
അധികാരത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലുകളും സ്ത്രീ സ്വാതന്ത്ര്യവും മനുഷ്യന്റെ നൈസർഗീകമായ ലൈംഗിക ചോദനകളും സ്വവർഗ ലൈംഗികതയും എന്നുവേണ്ട പുതിയ കാലത്ത് ചർച്ചാവിഷയമാകുന്ന കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ ചെക്മേറ്റ് ചർച്ച ചെയ്യുന്നുണ്ട്. ലീനിയറായ ഒരു പാറ്റേർണിൽ നിന്ന് വ്യത്യസ്തമായി ഒരു ചതുരംഗക്കളത്തിലെ കരുക്കൾ പോലെ കഥാപാത്രങ്ങളുടെ ഭൂതകാലവും വർത്തമാനകാലവും ഇടവിട്ടിടവിട്ട് കാണിക്കുന്ന രീതിയാണ് രതീഷ് ശേഖർ തന്റെ ആദ്യചിത്രത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഒട്ടൊന്നു പാളിപ്പോയാൽ കൈവിട്ടു പോയേക്കാവുന്ന പരിചരണരീതി ഏറെ കയ്യടക്കമുള്ള ഒരു സംവിധായകനെപ്പോലെ രതീഷ് കൈകാര്യം ചെയ്തിരിക്കുന്നു. തിരക്കഥാരചനയിലും ഒരു പരിചിതന്റെ കയ്യടക്കം രതീഷ് കാണിച്ചിട്ടുണ്ട്. സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും രതീഷ് ശേഖർ തന്നെയാണ്. ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ഗതിവേഗത്തിന് മാറ്റുകൂട്ടുന്നു.
കോവിഡ് കാലത്തിന് ശേഷം സമൂഹത്തിൽ ഉടലെടുത്ത ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വാക്സിനുകളുടെ ആവശ്യകതയും നിർമാണവും. മരുന്ന് പരീക്ഷണങ്ങളും അവയുടെ പിന്നിൽ നടന്ന ബിസിനസ് തന്ത്രങ്ങളും ചർച്ചയായ കാലത്ത് ചെക്ക് മേറ്റ് പോലെയൊരു സിനിമയുടെ വരവ് ഏറെ പ്രാധാന്യമർഹിക്കുന്നു. പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനുള്ള മനുഷ്യരുടെ കൊതിയും ആർത്തിയും നല്ലവനെപ്പോലും എങ്ങനെ ചീത്തയാക്കുന്നു എന്നും ചതുരംഗക്കളത്തിലെ കരുക്കളെപ്പോലെ എതിരാളിയെ വെട്ടിവീഴ്ത്തുന്നവർ എന്നെങ്കിലുമൊരിക്കൽ വെട്ടിമാറ്റപ്പെടുമെന്നുമുള്ള ഒരു സന്ദേശമാണ് ചെക്ക്മേറ്റിലൂടെ രതീഷ് ശേഖർ തരുന്നത്.