ADVERTISEMENT

ഫാന്റസിയും യാഥാർഥ്യവും ഏതെന്ന് തിരിച്ചറിയാൻ കഴിയാതെ രണ്ടു മണിക്കൂർ പ്രേക്ഷകനെ ഭീതിയുടെ കൊടുംകാട്ടിൽ തളച്ചിടുന്ന സിനിമയാണ് സിക്കാഡ.  കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു വ്യക്തി നേരിടുന്ന അസാധാരണമായ ചില സംഭവങ്ങൾ പശ്ചാത്തലമാക്കി എത്തിയ ചിത്രം അടിമുടി ദുരൂഹതകൾ നിറഞ്ഞ സർവൈവൽ ത്രില്ലറാണ്.  'നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നു പാടാം' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്ന ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സിക്കാഡ.

കാമുകി മേഘയെ തേടി പുലിയറ എന്ന ഒരു സ്ഥലത്തേക്ക് യാത്ര പുറപ്പെട്ടതാണ് ജോ.  അപശകുനം എന്നപോലെ ജോയുടെ കാറ് ചീത്തയാവുകയും ജോയ്ക്ക് ഒരു ട്രെയിലറിൽ ലിഫ്റ്റ് ചോദിക്കേണ്ടി വരികയും ചെയ്യുന്നു.  "'നീ പോകുന്നത് മനുഷ്യരെ മാത്രം വേട്ടയാടുന്ന കൂറ്റന്റെ കോട്ടയിലേക്കാ" ഡ്രൈവർ പറയുന്നത് കേട്ട ജോ ഞെട്ടിയെങ്കിലും ചങ്കുറപ്പ് ഒരല്പം കൂടുതലുള്ള ജോ അതൊന്നും കാര്യമാക്കിയില്ല. ഒരല്പം ഗുണ്ടായിസവും ജോയ്ക്ക് കൈമുതലായുണ്ട്. പക്ഷേ കൂറ്റൻറെ താവളത്തിൽ ജോയെ കാത്തിരുന്നത് പാമ്പും ചീവീടും കാട്ടുപോത്തും മാത്രമായിരുന്നില്ല. ഒറ്റക്ക് പുലിയറയിലേക്കുള്ള കാടുകയറിയ ജോ പിന്നെ നേരിടുന്ന നിഗൂഢമായ പ്രതിസന്ധിയും കൊടുംകാട്ടിലൂടെയുള്ള ജോയുടെ ഓട്ടപ്പാച്ചിലുമാണ് സിക്കാഡയുടെ പ്രമേയം.

ഗോൾ, സെവൻസ്, ജനകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ രജിത് മേനോൻ ആണ് സിക്കാഡയിൽ ജോ എന്ന കഥാപാത്രമായി എത്തുന്നത്. വെല്ലുവിളികൾ നിറഞ്ഞ ജോയുടെ വേഷം രജിത് മികവുറ്റതാക്കി. ജോ നേരിടുന്ന വെല്ലുവിളികൾ പ്രേക്ഷകർക്കും അനുഭവപ്പെടുന്നതായി തോന്നിക്കുന്നതിൽ രജിത് വിജയിച്ചിട്ടുണ്ട്.  ഗായത്രി മയൂര എന്ന പുതുമുഖമാണ് നായിക.  വില്ലൻ വേഷങ്ങളിൽ സജീവമായ നടൻ ജെയിസ് ജോസ് ഏറെ നിഗൂഢത നിറഞ്ഞ കൂറ്റൻ എന്ന കഥാപാത്രമായി എത്തുന്നു.  ഷാലിൽ കല്ലൂർ അർജുൻ മൈക്കിൾ മെർലിൻ റീന തുടങ്ങിയവരാണ് മറ്റ് അഭിനയേതാക്കൾ.

മലയാളത്തിന്റെ പതിവ് പരിചരണ രീതികളിൽ നിന്ന് മാറി ഒരു പുതിയ സർവൈവൽ ത്രില്ലർ പരീക്ഷണ ചിത്രമാണ് സിക്കാഡ. പ്രേക്ഷകരെ ഭയത്തിന്റെയും ആകാംഷയുടെയും ദുരൂഹതയിൽ തളച്ചിടുന്ന ചിത്രം ആദ്യാവസാനം സസ്പെൻസ് നിലനിർത്തിയിട്ടുണ്ട്.  നോൺലീനിയറാണ് ചിത്രത്തിന്റെ ഭാഷ.  തിരക്കഥ രചനയും സംവിധാനം കൂടി തനിക്കിണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീജിത്ത് ഇടവന എന്ന സംഗീത സംവിധായകൻ. കാടിന്റെ മനോഹാരിതയും  വന്യമായ കാഴ്ചകളും ഒന്നുപോലെ ഒപ്പിയെടുക്കാൻ നവീൻ രാജിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു.  ഓരോ നിമിഷവും ഭീതി ജനിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതത്തിനൊപ്പം മനോഹരമായ ഗാനങ്ങളും സിക്കാഡയുടെ പ്രത്യേകതയാണ്. നാല് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ശ്രീജിത്ത് ഇടവന തന്നെയാണ് മലയാളം ഉൾപ്പെടെ നാലു ഭാഷകളിലെയും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

കാടുകളിൽ കാണാറുള്ള ഒരുതരം ചീവീടാണ് സിക്കാഡ. വർഷങ്ങളോളം മണ്ണിനടിയിൽ കഴിഞ്ഞ് ഒരു ദിവസം ഒന്നിച്ച് പുറത്തേക്ക് വരുന്ന സിക്കാഡ എന്ന ജീവിയെപോലെ കാടിന്റെയും കാടിനെയറിയാത്ത ചില മനുഷ്യരുടെയും നിഗൂഡത നിറഞ്ഞ കഥയാണ് സിക്കാഡ എന്ന സിനിമയും പറയുന്നത്.  പുതുമയുള്ള കഥയും മികച്ച തീയറ്റർ എക്സ്പീരിയൻസും നൽകുന്ന സിക്കാഡ ലക്ഷണമൊത്ത ഒരു സർവൈവൽ ത്രില്ലറാണ്.

English Summary:

Cicada Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com