ചിരിപ്പിച്ച് രസിപ്പിക്കുന്ന ‘നാട്യം’; ‘ഭരതനാട്യം’ റിവ്യു
Bharatanatyam Review
Mail This Article
ആരും അറിയാൻ പോകുന്നില്ല എന്നുകരുതി കള്ളം പറഞ്ഞു മറ്റുളളവരെ പറ്റിച്ചു ജീവിക്കുന്ന ചിലരുണ്ട്. ആ കള്ളത്തരം മറ്റുളളവർ അറിയുമ്പോഴേക്കും ഒരുപക്ഷേ ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിഞ്ഞെന്നു വരില്ല. നുണയിൽ ജീവിതം കെട്ടിപ്പൊക്കിയ ഒരു കുടുംബ നാഥന്റെ കഥപറയുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിൽ സൈജു കുറുപ്പാണ് പ്രധാന താരമായി എത്തുന്നത്. കൊച്ചു കൊച്ചു തമാശകളും ഇടക്കൊക്കെ നെഞ്ച് പിടയുന്ന നോവുകളും എല്ലാം ഒത്തുചേരുന്ന മനോഹരമായ ഒരു കുടുംബ ചിത്രമാണ് ഭരതനാട്യം
നാട്ടിൻപുറത്തെ അമ്പലക്കമ്മറ്റിയും ഒരൽപം പൊതുപ്രവർത്തനവുമായി നടക്കുന്ന ചെറുപ്പക്കാരനാണ് ശശിധരൻ. അച്ഛൻ ഭരതനും അമ്മ സരസ്വതിയും രണ്ടു സഹോദരിമാരും ഒരു അനുജനുമടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണാണ് ശശി. വിവാഹിതരെങ്കിലും ശശിയുടെ സഹോദരിമാരും കുടുംബവും വീട്ടിൽ തന്നെ നിൽപ്പാണ്. ഉള്ളിൽ സ്നേഹം ഒളിപ്പിച്ച കർക്കശക്കാരനായ അച്ഛൻ ഭരതൻ ഭാര്യയോടും മക്കളോടും സ്നേഹത്തോടെ പെരുമാറാറില്ല. സാമാന്യം തരക്കേടില്ലാത്ത വീടും പറമ്പിൽ നിന്ന് കിട്ടുന്ന ആദായവുമാണ് അല്ലലില്ലതെ ആ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. പെട്ടെന്നൊരു ദിവസം അച്ഛൻ തളർന്നു വീഴുന്നതോടെ ശശിയും കുടുംബവും അരക്ഷിതാവസ്ഥയുടെ പടുകുഴിയിലേക്ക് പതിക്കുന്നു. മരണം ആസന്നമായി എന്നുറപ്പായ ഭരതൻ മകനെ സ്നേഹത്തോടെ അടുത്ത് വിളിച്ച് ചില സത്യങ്ങൾ വെളിപ്പെടുത്തുന്നു. ഗൗരവക്കാരനായ അച്ഛൻ സ്നേഹത്തോടെ സംസാരിച്ചത് ശശിയെ സന്തോഷിപ്പിച്ചെങ്കിലും അച്ഛൻ വെളിപ്പെടുത്തിയ സത്യത്തിന്റെ ചൂടിൽ പിന്നീട് വെന്തുരുകുകയാണ് ശശിയും കുടുംബവും.
ഭരതനാട്യത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയത് നടൻ സായികുമാറാണ്. ഏറെ നാളിന് ശേഷം ശക്തമായ, മനസ്സിൽ തട്ടുന്ന കഥാപാത്രവുമായാണ് സായികുമാർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നായകകഥാപാത്രമായ ശശിയായത് സൈജു കുറുപ്പാണ്. സൈജു കുറുപ്പ് സ്ഥിരമായി ചെയ്യുന്ന പ്രാരാബ്ധക്കാരന്റെ വേഷത്തിൽ നിന്ന് ഒരൽപം വ്യത്യസ്തനാണ് ശശി. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പതിവുപോലെ തന്റെ വേഷം സൈജുകുറുപ്പ് ഭംഗിയാക്കി. വളരെക്കാലത്തിനു ശേഷം അമ്മവേഷത്തിൽ സിനിമയിലെത്തിയ കലാരഞ്ജിനിയും തന്റെ വേഷം മികച്ചതാക്കി. ശ്രുതി സുരേഷ്, ദിവ്യ എം. നായർ, ശ്രീജ രവി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ,സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണ് ഭരതനാട്യത്തിന്റേത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ഭരതനാട്യത്തിന്റെ ചുവടുകൾക്ക് ശക്തി പകരുന്നത്. പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തുന്ന തിരക്കഥയും മേക്കിങ്ങും കൊണ്ട് മലയാളസിനിമയിൽ തന്റെ ഇരിപ്പിടം ഉറപ്പിക്കുകയാണ് കൃഷ്ണദാസ് മുരളി എന്ന നവാഗത സംവിധായകൻ. ഫാമിലി പ്രേക്ഷകരുടെ പൾസറിഞ്ഞു തന്നെയാണ് സംവിധായകൻ ക്‌ളൈമാക്‌സും ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഗ്രാമ്യഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണം ചിത്രത്തിന്റെ സൗന്ദര്യം കൂട്ടുന്നുണ്ട്. മനു മഞ്ജിത് എഴുതിയ വരികൾക്ക് സംഗീതം നൽകിയത് സാമുവൽ എബിയാണ്.
കുടുംബജീവിതത്തിൽ പങ്കാളിയെ നുണപറഞ്ഞു പറ്റിച്ച് ജീവിതം പടുത്തുയർത്തുന്ന ചിലരുണ്ട്. പക്ഷേ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ആ നുണയുടെ ചീട്ടുകൊട്ടാരം തകർന്നടിയുമ്പോൾ ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാതെ ജീവിതവും കയ്യിൽ നിന്ന് വഴുതിപ്പോയിട്ടുണ്ടാകും. കുടുംബ പ്രേക്ഷകർക്ക് മുന്നിൽ നല്ലൊരു ഗുണപാഠവുമായാണ് നാട്യകലകളിൽ റാണിയായ ഭരതനാട്യത്തിന്റെ പേരിൽ ഒരു ചിത്രം തിയറ്ററിലെത്തിയത്. ഒരു പാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒപ്പം കരയിക്കുകയും ചെയ്ത ഭരതനാട്യം കുടുംബത്തോടൊപ്പം തിയറ്ററിൽ തന്നെ ആസ്വദിക്കാവുന്ന നല്ലൊരു ഫീൽ ഗുഡ് സിനിമയാണ്.