മനോഹരമാണ് ഈ ‘മനോരാജ്യം’; റിവ്യൂ
Manorajyam Review
Mail This Article
സ്വപ്നം കാണാനുള്ള അവകാശം എല്ലാവർക്കും ഉണ്ടല്ലോ! എല്ലാ മനോരാജ്യങ്ങളും ഒരേപോലെ നടക്കണമെന്നില്ല. എന്നാൽ ചില മനോരാജ്യങ്ങൾ അതേപടി നടന്നെന്നും വരാം. മനോരഥങ്ങളിലൂടെ സഞ്ചരിച്ച് അവയെ നേടിയെടുക്കുന്നവരുടെ പ്രയത്നവും കണ്ടില്ലെന്നു നടിക്കാനാവില്ല. അങ്ങനെയുള്ള സ്വപ്നങ്ങളുടെ കഥയാണ് ‘മനോരാജ്യം’ എന്ന സിനിമ പറയുന്നത്. ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന മലയാളി ജീവിതത്തിന്റെ കഥ.
വിദേശത്ത് പഠനവും ജോലിയും സ്വപ്നം കാണുന്നവരാണ് ഭൂരിഭാഗം മലയാളികളും. അതിനൊരു അവസരം കിട്ടിയാൽ അത് പാഴാക്കാതെ നാട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന, അവരിൽ പലരും അവിടെത്തന്നെ സ്ഥിരതാമസം ആക്കാനാണ് ശ്രമിക്കുന്നത്. അപ്പോഴും കേരളീയതയെയും മലയാളത്തെയും മറക്കാൻ അവരിൽ പലർക്കും സാധിക്കാറുമില്ല. കേരളത്തിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ചെറുപ്പക്കാരനാണ് മനു. മനുവിന്റെ ജീവിതത്തിലേക്ക് മിയ കടന്നുവരുന്നതോടെയാണ് അയാളുടെ ജീവിതമാകെ മാറിമറിയുന്നത്. ആത്മാർഥമായ പ്രണയം ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും പിന്നീട് വിവാഹിതരാകുന്നതോടെ അവർക്കിടയിൽ ഉണ്ടാവുന്ന ചില തെറ്റിദ്ധാരണകളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് മനോരാജ്യം എന്ന ചിത്രത്തിലൂടെ സംവിധായകൻ റഷീദ് പാറയ്ക്കൽ.
ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യത്തിൽ മൊബൈൽ എത്രമാത്രം ഒഴിച്ചുകൂടാൻ ആവാത്തതാണ് എന്നും ചിത്രം സൂചിപ്പിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ അനാവശ്യ സന്ദർഭങ്ങളിലെ ഫോണിന്റെ ഉപയോഗം കുടുംബജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കാം എന്നും ചിത്രം പറഞ്ഞു പോകുന്നു. സാധാരണ ഗതിയിൽ പോകുന്ന ആദ്യ പകുതിയും സംഘർഷങ്ങൾ നിറഞ്ഞ രണ്ടാം പകുതിയും ഒപ്പം മനോഹരമായ ഒരു ക്ലൈമാക്സുമാണ് മനോരാജ്യത്തിനുള്ളത്. ഒരു മനോഹര കുടുംബചിത്രം എന്നതിനോടൊപ്പം തന്നെ സമൂഹം ചർച്ച ചെയ്യേണ്ട ഒരു പിടി വിഷയങ്ങൾ കൂടി ഈ ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്. നല്ലൊരു കഥയുടെ പിൻബലത്തിൽ സൗഹൃദത്തിൻറെ വലിപ്പവും കുടുംബ ബന്ധത്തിന്റെ ആഴവും ചിത്രം പങ്കുവയ്ക്കുന്നു.
ഓസ്ട്രേലിയയുടെ മനോഹാരിതയും പ്രകൃതി ഭംഗിയും വളരെ മനോഹരമായി ചിത്രത്തിനുവേണ്ടി പകർത്തിയിട്ടുണ്ട്. മനോഹരമായി ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്
ചിത്രത്തിൻറെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോ, നിഖിൽ സന എന്നിവർ ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്.
മനുവായി ഗോവിന്ദ് പത്മസൂര്യയും നായികയായ മിയ ആയി രഞ്ജിതയും പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്. നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വി ജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ ആണ് മനോരാജ്യം നിർമ്മിച്ചിരിക്കുന്നത്. എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ മനോരാജ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചിരിക്കാനും അതോടൊപ്പം തന്നെ ചിന്തിക്കാനും ഉള്ള ഒരു പിടി കാര്യങ്ങൾ പകർന്ന് തരുന്ന മനോരാജ്യം കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാവും എന്നുള്ളത് ഉറപ്പാണ്.