‘സ്പൂഫ് ബോയ്സ്’ ബൈ ഒമർ ലുലു; റിവ്യൂ
Bad Boyz Review
Mail This Article
‘ബാഡ് ബോയ്സ്’ പേര് പോലെ തന്നെ നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ ഒമർ ലുലു ചിത്രം. തന്റെ പതിവുചേരുവകൾക്കൊപ്പം ആക്‌ഷനും സ്പൂഫും ചേർത്തൊരുക്കിയിരിക്കുന്ന ശരാശരി എന്റർടെയ്നർ ചിത്രമാണ് ഒമറിന്റെ ‘ബാഡ് ബോയ്സ്’. ഇടവകയിലേക്ക് പുതുതായി ചാർജ് എടുക്കാൻ വരുന്ന കൊച്ചച്ചന് ആ നാടിനെക്കുറിച്ച് പറഞ്ഞു കൊടുക്കുകയാണ് നാട്ടിലെ പ്രമുഖർ. സിനിമകളും കഥകളും ഒട്ടേറെ ഇഷ്ടപ്പെടുന്ന കൊച്ചച്ചന് ഒരു ഫ്ലാഷ് ബാക്കിലൂടെയാണ് ആന്റപ്പന്റെയും കൂട്ടുകാരുടെയും കഥ നാട്ടിലെ പള്ളിയിൽ അച്ഛൻ വിശദീകരിച്ചു കൊടുക്കുന്നത്. പഠനത്തിൽ മോശമായിരുന്ന ആന്റപ്പന്റെ ജീവിതത്തിലേക്ക് മേരി കടന്നുവരുന്നതോടുകൂടിയാണ് ബാഡ് ബോയ്സിന്റെ കഥ ആരംഭിക്കുന്നത്. കുശുമ്പും കുന്നായ്മയും ഒക്കെയുള്ള മേരി ആന്റപ്പനോട് പത്താം ക്ലാസ് പാസ് ആവുകയാണെങ്കിൽ വിവാഹം കഴിക്കാം എന്ന് ഉറപ്പു നൽകുന്നതോടെ അതിനുള്ള ശ്രമങ്ങൾ ആന്റപ്പൻ തുടങ്ങി. എന്നാൽ ആന്റപ്പന് പത്താം ക്ലാസ് പാസ് ആവാൻ കഴിഞ്ഞില്ല. അതോടെ ആ ബന്ധം നിന്നു പോകുമെന്ന് ഉറപ്പായതോടെ മേരിയിലേക്ക് എത്താൻ വഴി ആലോചിച്ചുകൊണ്ട് നടന്ന ആന്റപ്പന് മറ്റൊരു വഴി തുറന്നു കിട്ടുന്നു. പിന്നീടുള്ള അവരുടെ ജീവിതമാണ് ചിത്രത്തിലുള്ളത്
സ്ഥലത്തെ പ്രമാണിയുടെ മകനാണ് ആന്റപ്പൻ. എങ്കിലും പള്ളിയിൽ അർഹിക്കുന്ന സ്ഥാനമൊന്നും ആന്റപ്പന് ലഭിച്ചിരുന്നില്ല. നാട്ടുകാർക്കിടയിൽ സ്ഥാനം കിട്ടണമെന്ന് ആഗ്രഹിച്ചുകൊണ്ട് നടന്ന ആന്റപ്പനും കൂട്ടുകാർക്കും മുന്നിൽ തെളിഞ്ഞു കിട്ടിയ വഴിയാണ് ഗുണ്ടയാവുക എന്നത്. പണം മുടക്കി ഗുണ്ടകളെ ഇറക്കി സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുകയും അത് പരിഹരിക്കുകയും ചെയ്ത ഇമേജ് ഉണ്ടാക്കിയ ആന്റപ്പൻ അത് നിലനിർത്താനുള്ള തത്രപ്പാടിലാണ് മുന്നോട്ടുപോകുന്നത്. അതിനിടയിലാണ് ബെൽസ്ജോ എന്ന പ്രമുഖ ഗുണ്ടയുമായി ആന്റപ്പന് ഏറ്റുമുട്ടേണ്ടി വരുന്നത്. ഗുണ്ടകളുടെ ലോകത്തെ നിയമമനുസരിച്ച് തലവൻ ഇരിപ്പായപ്പോൾ ബാക്കി ഗുണ്ടകളെല്ലാം ആന്റപ്പനൊപ്പം ചേർന്നു. തുടർന്ന് ആന്റപ്പനും ഗുണ്ടാ സംഘങ്ങളും നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങളും നാടിനെ നന്നാക്കാനുള്ള പ്രവർത്തനങ്ങളുമാണ് ചിത്രത്തിന്റെ കാതൽ.
ഒമർ ലുലുവിന്റെ തന്റെ ശൈലി വിടാതെയാണ് ഇത്തവണയും ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മാസ്സ് എന്റർടെയ്നർ എന്ന നിലയിൽ തുടങ്ങുന്ന ചിത്രം പിന്നീട് പ്രേക്ഷകർക്ക് ഊഹിക്കാവുന്ന തരത്തിലേക്കാണ് മുന്നോട്ടുപോകുന്നത്. പല ചിത്രങ്ങളെയും ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്പൂഫ് എന്ന് വേണമെങ്കിൽ പറയാം. മിക്ക കഥാപാത്രങ്ങളെയും ആവശ്യമില്ലാതെയാണ് ചിത്രത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. നല്ലൊരു താരനിരയെ കിട്ടിയിട്ടും കഥയുടെ ക്ലീഷേ മൂലം അവർക്കൊന്നും കൃത്യമായ പ്രാധാന്യം ചിത്രത്തിൽ കിട്ടുന്നില്ല എന്ന് തോന്നി. ആന്റപ്പന്റെ കൂട്ടുകാരായി എത്തുന്ന സിന്റപ്പനും ചക്കരയും ചേർന്ന് തമാശകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും പൂർണത കൈവരിക്കുന്നില്ല. ബാഡ് ബോയ്സ് മാഡ് കോപ്പിനെ കണ്ടുമുട്ടുന്നതോടെ കഥാഗതിയിൽ അൽപമെങ്കിലും മാറ്റം പ്രതീക്ഷിക്കുന്ന പ്രേക്ഷകന് ചിലപ്പോൾ നിരാശയാകും ഫലം.
സമൂഹത്തിലെ ഒട്ടേറെ കാര്യങ്ങൾ ചിത്രത്തിലേക്ക് കൂട്ടിയിണക്കിയിട്ടുണ്ട്. പക്ഷേ പലതും അപൂർണമാണ്. ചില കഥാപാത്രങ്ങളെ ആവശ്യമില്ലാതെയാണ് കൊണ്ടുവരുന്നതെന്ന് തോന്നിപ്പോകുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ പല കാര്യങ്ങളെയും വിമർശിക്കുന്ന ഈ ഫൺ ചിത്രത്തിന്, കെട്ടുറപ്പുള്ള തിരക്കഥ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി മികച്ചത് ആക്കാമായിരുന്നു എന്നും തോന്നി.
പ്രധാന കഥാപാത്രമായ ആന്റപ്പനായി റഹ്മാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മേരിയായ ശീലു എബ്രഹാമിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഒരു സാധാരണ വീട്ടമ്മയിൽ നിന്നും അവർക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി തന്നെ അവർ അവതരിപ്പിച്ചിട്ടുണ്ട്. ആന്റപ്പന്റെ സുഹൃത്തുക്കളായ അലോഷായി സെന്തിലും, സിന്റപ്പൻ ആയി ബിബിൻ ജോർജും ചക്കരയായി അൻസൺ പോളും നാട്ടിൽ ചാർജ് എടുക്കാൻ എത്തുന്ന പൊലീസായി ധ്യാൻ ശ്രീനിവാസനും, ഡോക്ടറായ അജു വർഗീസും, പ്രൊഡ്യൂസർ ആയി ബാലയും എത്തുന്നു. വെട്ടുകാട് ബെൽസനായ ബാബു ആൻറണിയുടെ പ്രകടനവും നന്നായിരുന്നു.
സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടിനി ടോം, ഹരിശ്രീ അശോകൻ, ശങ്കർ, സോഹൻ സീനു ലാൽ, സജിൻ ചെറുകയിൽ, ഭീമൻ രഘു , മൊട്ട രാജേന്ദ്രൻ, ആരാധ്യ ആൻ, മല്ലികാ സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒമറിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്.
ഓണക്കാലത്ത് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഒരു ‘ഒമർ തമാശ ചിത്രം’ കാണാൻ മാത്രം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ചിത്രമാണിത്.