ADVERTISEMENT

'ആരാണ് ചിത്തിനി? എന്താണ് ചിത്തിനിക്ക് സംഭവിച്ചത്?' ഈ ചോദ്യങ്ങളിലേക്ക് ഉത്തരം തേടിയിറങ്ങുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും മാധ്യമപ്രവർത്തകരുടെയും കഥയാണ് സിനിമയുടെ പ്രമേയം. അലൻ എന്ന പൊലീസ് ഓഫീസറുടെ ‍ജീവിതത്തിലെ സംഭവങ്ങളുടെ പിന്നാലെ അവിചാരിതമായി എത്തുന്ന നൂൽപുഴ എന്ന സ്ഥലവും പാതിരിവനവും അവിടുത്തെ ദുരൂഹ സംഭവവികാസങ്ങളെല്ലാം അവസാനം ചിത്തിനിയെ തേടിയുള്ള യാത്രയിലേക്കാണ് അദ്ദേഹത്തെ എത്തിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമായ ചിത്തിനിയുടെ സംവിധാനം ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ്. ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം. വനപ്രദേശത്തിനുള്ളിലുള്ള നാട്ടിലേക്ക് സ്ഥലം മാറിയെത്തുന്ന സർക്കിൾ ഇൻസ്പെക്ടർ അലൻ (അമിത് ചക്കാലക്കൽ) ആ നാട്ടിൽ ദുരൂഹമായി നടക്കുന്ന പല സംഭവങ്ങൾക്കും പിന്നാലെ പോകവേയാണ് ചിത്തിനിയെന്ന പ്രേതകഥയിലേക്ക് സിനിമ എത്തുന്നത്. 

'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഹൊറർ സിനിമയുടെ മൂഡ് നൽകുന്ന സംഗീതത്തോടെയാണ് തുടക്കമെങ്കിലും നൂൽപുഴ സ്റ്റേഷനിൽ അലൻ ചാർജ് എടുത്തശേഷമാണ് ചിത്രം തികച്ചും ഹൊറർ മൂഡിലേക്ക് എത്തുന്നത്. നൂൽപുഴയിലെ ഗ്രാമവാസികൾക്ക് ചിത്തിനി ഒരു പേടി സ്വപ്നവും യാഥാർത്ഥ്യവുമാണെങ്കിലും അലന് ഇതിലൊന്നും വിശ്വാസമില്ല. ഈ വിശ്വാസമില്ലായ്മയിൽ നിന്ന് ചിത്തിനിയുെട സാന്നിധ്യമുണ്ടെന്ന് തിരിച്ചിറിയുന്നിടത്ത് നിന്നു സിനിമ കൂടുതൽ ആസ്വാദ്യകരമാകുന്നു.

ശബ്ദ വിന്യാസവും അതിമനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്തിനി. സംഗീതം വളരെ മികച്ചതാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ് സംഗീതം നിര്‍വ്വഹിക്കുന്നു. വ്യത്യസ്തമായ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നാലും നാലു മൂഡിലുള്ളതാണ്. പശ്ചാത്തല സംഗീതവും ഹൊറർ മൂവിയ്ക്ക് അനുയോജ്യമായതാണ്. മധുബാലകൃഷ്ണൻ, സത്യ പ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ഗായകര്‍. വയനാട്ടിലെ നാടൻപാട്ട് കലാകാരന്മാരും ചിത്രത്തിലെ ഒരു ഗാനത്തിന്റെ പിന്നണിയിൽ ഭാഗമായിട്ടുണ്ട്.  

'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബംഗാളി താരം മോക്ഷയാണ് ചിത്രത്തിലെ നായിക. മോക്ഷയും അമിത് ചാമക്കാലയും തമ്മിലുള്ള കോമ്പോ ആണ് ചിത്രത്തിന്റെ ഹൈലേറ്റ്. പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സുധീഷ്‌, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി എന്നിവർക്കൊപ്പം പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി ഗാംഗുലി എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ജോയ് മാത്യു, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരും ‘ചിത്തിനി’യിൽ വേഷമിടുന്നു.

മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാര്‍,ചിറ്റൂര്‍, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമിൽ ഹൊറർ മൂഡ് നിലനിർത്തുന്ന വിഷ്വൽ കൊണ്ടുവരാൻ‍ സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയന് കഴിഞ്ഞു. രതീഷ് റാമിന്റെ സിനിമാട്ടോഗ്രഫിയും ജോൺ കുട്ടിയുടെ എഡിറ്റിങ്ങും വളരെ മികച്ചതാണ്.

English Summary:

Chithini movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com