ADVERTISEMENT

പാരമ്പര്യമായി കൈമാറി കിട്ടിയ ശത്രുത ജീവിതത്തിലുടനീളം കൊണ്ടു നടന്ന് തമ്മിൽ കണ്ടാൽ ‘തെക്കുവടക്ക്’ നോക്കി നടക്കുന്ന രണ്ടുപേരുടെ കഥപറയുന്ന സിനിമയാണ് ‘തെക്കു വടക്ക്’.  പ്രേം ശങ്കർ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമയിൽ അഭിനയ സിംഹങ്ങളായ വിനായകനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രധാന ആകർഷണം.  പാലക്കാട്ടെ ഒരു ചെറിയ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച തെക്കുവടക്ക് ഒരു കുടിപ്പകയുടെ കഥയാണ് പറയുന്നതെങ്കിലും പ്രേക്ഷകനെ ഒരേ സമയം തന്നെ പൊട്ടിചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

കെഎസ്ഇബിയിൽ നിന്നു വിരമിച്ച ഓവർസിയറാണ് മാധവൻ. റൈസ് മില്ലുടമയായ ശങ്കുണ്ണിയും മാധവനും അന്നാട്ടിലെ അറിയപ്പെടുന്ന ഭൂവുടമകളാണ്. പാരമ്പര്യമായി പകർന്നു കിട്ടിയ വൈരമാണ്  ഇരുവരെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. മാധവന്റെയും ശങ്കുണ്ണിയുടെയും അപ്പന്മാരുടെ കാലത്ത് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി ഉണ്ടായ തർക്കം കോടതിയിൽ എത്തിയിരുന്നു. ആ വ്യവഹാരത്തിൽ വിജയം നേടാനായി മാധവനും ശങ്കുണ്ണിയും സ്ഥിരം കോടതി കയറിയിറങ്ങുകയാണ്. മുപ്പതു വർഷമായി നീളുന്ന വൈരമാണ് ഇരുവരെയും ജീവിപ്പിച്ചു നിർത്തുന്നത് എന്ന് പറയാം. ആ വൈരത്തിന്റെ ലഹരിയിൽ ഇരുവരും ജീവിക്കാൻ തന്നെ മറന്നുപോയിരുന്നു. അവരുടെ ഒരേ ഒരു ജീവിതലക്ഷ്യം എതിരാളിയെ തോൽപ്പിക്കുക എന്നത് മാത്രമാണ്. ഇവരുടെ ശത്രുത നാട്ടിൽ പാട്ടും സ്ഥലത്തെ പ്രധാന ചർച്ചാവിഷയവുമാണ്. സിനിമ പുരോഗമിക്കുന്തോറും മാധവന്റെയും ശങ്കുണ്ണിയുടെയും പിണക്കവും വർധിക്കുന്നു.  ഇവരുടെ എതിർ ദിശയിലേക്കുള്ള പോക്ക് ആ നാടിനു തന്നെ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് തെക്കുവടക്ക് എന്ന സിനിമ ചർച്ച ചെയ്യുന്നത്.

‘കമ്മട്ടിപ്പാടം’ പോലുള്ള സിനിമകളിലെ ആഴത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടുള്ള വിനായകൻ ഏറെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് തെക്കുവടക്കിൽ എത്തുന്നത്.  അഹന്തയുടെ പര്യായമായ റിട്ടയേർഡ് കെഎസ്‌സിബി ഉദ്യോഗസ്ഥനായ മാധവന്റെ വേഷത്തിൽ പാന്റും ഷർട്ടും ധരിച്ച് കൊമ്പൻ മീശയും കഷണ്ടിയും കൂളിങ് ഗ്ലാസുമുള്ള ഗംഭീര മേക്ക്ഓവറിലാണ് വിനായകൻ എത്തിയത്. മില്ലുടമയായ ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം അതിഗംഭീരമാണ്. ഇരുവരും തമ്മിൽ അഭിനയത്തിൽ തമ്മിൽ തമ്മിൽ നടത്തുന്ന മത്സരമാണ്  സിനിമയുടെ ഹൈലൈറ്റ്. സ്‌ക്രീനിൽ ഇരുവരുടെയും കെമിസ്ട്രി ശ്രദ്ധേയമാണ്. സിനിമയുടെ ആദ്യ പകുതിയിൽ വിനായകന്റെ തകർപ്പൻ പെർഫോമൻസിനെ വെല്ലുന്ന അഭിനയ മുഹൂർത്തങ്ങളാണ് രണ്ടാം പകുതിയിൽ സുരാജ് സമ്മാനിച്ചത്. വിനീത് വിശ്വം, മെറിൻ ജോസ് പൊട്ടക്കൽ, കോട്ടയം രമേഷ്, ഷമീർ ഖാൻ, മെൽവിൻ ജി. ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളാകുന്നത്.

തെക്കുവടക്കിന്റെ തിരക്കഥ എഴുതിയത് എസ് ഹരീഷാണ്. ഒരു വശത്ത് അഭിമാനം മുറുകെപ്പിടിച്ചു ജീവിക്കുന്ന രണ്ടു മനുഷ്യർ തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു പ്രദേശത്തെയാകെ ബാധിക്കുമ്പോൾ മറുവശത്ത് ആക്ഷേപ ഹാസ്യവും നർമത്തിൽ ചാലിച്ച നിമിഷങ്ങളും കൊണ്ട് പ്രേക്ഷകനെ കയ്യിലെടുക്കാൻ ഹരീഷിന്റെ തിരക്കഥക്ക് കഴിഞ്ഞിട്ടുണ്ട്.  മനുഷ്യ സ്വഭാവത്തിന്റെ വൈരുധ്യവും മൂർച്ചയുള്ള നിരീക്ഷണങ്ങളും നിറഞ്ഞ ഒരു നർമ സവാരിയിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. തിരക്കഥയുടെ ഗൗരവവും നർമ്മവും ഉൾക്കൊണ്ടുകൊണ്ട് പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയിലാണ് പ്രേം ശങ്കർ ഈ ചിത്രത്തെ സമീപിച്ചിട്ടുള്ളത്. ഷമീർ ഖാന്റെ ഛായാഗ്രഹണം പാലക്കാടൻ ഗ്രാമങ്ങളുടെ പ്രകൃതിഭംഗി അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. പാടശേഖരങ്ങളും ഗ്രാമവീഥികളും നിറഞ്ഞ വിശാലമായ ഷോട്ടുകൾ നായകന്മാരുടെ വൈരാഗ്യത്തിനിടയിലും സിനിമയിൽ ശാന്തമായ പശ്ചാത്തലം നൽകുന്നു. പശ്ചാത്തല സംഗീതവും പാട്ടുകളും ഹാസ്യവും നാടകീയവുമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രേക്ഷണനെ സിനിമയിൽ തളച്ചിടുന്നതിൽ സഹായിച്ചിട്ടുണ്ട്. താരതമ്യേന ലളിതമായ കഥാഗതികൾക്കിടയിലും സിനിമയുടെ വേഗത നിലനിർത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ എഡിറ്റിങ്. 

പകയും പോരും നർമവും ഒരേ അളവിൽ ചാലിച്ചെടുത്ത ഒരു മികച്ച രസക്കൂട്ടാണ്‌ തെക്കുവടക്ക്. മലയാള സിനിമയിലെ അതികായന്മാർ പോരിന് വെല്ലിവിളിച്ച് കൊമ്പുകോർക്കുന്നത് കാണികൾക്ക് ആസ്വാദ്യകരമാകും. ഗംഭീരമായ തിരക്കഥയും അതിലും മികച്ച സംവിധാനവും വെല്ലുന്ന പ്രകടനവുമായി താരങ്ങളും ഒന്നിക്കുന്ന ഈ തെക്കുവടക്ക് പ്രേക്ഷകന് ഇഷ്ടപ്പെടുമെന്നു ഉറപ്പാണ്.

English Summary:

Thekku Vadakku Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT