ADVERTISEMENT

സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കി ആസ്വാദകനെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടാണ് സൈജു കുറുപ്പ് നായകനായ ‘പൊറാട്ട് നാടകം’ എന്ന സിനിമ ഇന്ന് തിയറ്ററിൽ എത്തിയിരിക്കുന്നത്.  ഇന്ത്യൻ രാഷ്ട്രീയം മുതൽ കേരളത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ വരെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് പത്രപ്രവർത്തകനും ഈ വര്‍ഷത്തെ ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാടാണ്.  മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായ സംവിധായകൻ സിദ്ദിഖിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.  സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്നു എന്ന് ടൈറ്റിൽ കാർഡിൽ തന്നെ പരാമർശിച്ചിട്ടുള്ളത് ഹാസ്യ സിനിമാപ്രേമികൾക്ക് ഗൃഹാതുരതയുണർത്തി.

കർണാടകയ്ക്കടുത്തു കിടക്കുന്ന ഗോപാലപുരം ഗ്രാമത്തിലെ ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററാണ് അബു. ഉമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന അബുവിന്റെ കുടുംബം കടക്കെണിയിൽ പെട്ട് വീടുപോലും കൈവിട്ടുപോകുന്ന അവസ്ഥയിലാണ്.  ബാപ്പ ഉണ്ടാക്കിയ ബാങ്ക് കടം തീർക്കാൻ വഴിയില്ലാതെ നെട്ടോട്ടമോടുകയാണ് അബു. കർണാടകയ്ക്ക് അടുത്ത് കിടക്കുന്ന ഗ്രാമമായതുകൊണ്ട് തന്നെ പലവിധ അന്ധവിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും രാഷ്ട്രീയ പാർട്ടി പ്രവർത്തനങ്ങളും നാട്ടിൽ സജീവമാണ്.  അതിൽ പ്രധാനമാണ് ഗോമാതാ പൂജ.  പശുവിനെ മാതാവായി കാണുന്ന പാർട്ടിയും സംസ്ഥാനത്തെ ഭരണപ്പാർട്ടിക്കാരും തമ്മിലുള്ള സംഘർഷം സ്ഥലത്തെ നിത്യ സംഭവമാണ്.   

പലിശക്കാരുടേയും ബാങ്കിന്റെയും സമ്മർദം സഹിക്കവയ്യാതെ പൊറുതിമുട്ടിയ അബു പെട്ടെന്നാണ് സ്വന്തം ആദർശം മാറ്റിവച്ച് എതിർപാർട്ടിയുടെ ടിക്കറ്റ് എടുത്തത്. പെട്ടെന്നൊരു ദിവസം അന്നാട്ടിലെ ജന്മിയുടെ വീട്ടിലെ മണിക്കുട്ടി എന്ന പശുവിനെ പരിചരിച്ചു തുടങ്ങിയ അബുവിനെ ആർക്കും മനസ്സിലാകുന്നില്ല. മണിക്കുട്ടിയുടെ ചാണകം പോലും കയ്യിൽ വാങ്ങുന്ന അബു എല്ലാവർക്കും വിസ്മയമായി മാറി.  പക്ഷേ നാട് ഒരു വർഗീയ കലാപത്തിലേക്ക് പോകാൻ അധിക സമയം വേണ്ടിവന്നില്ല.  അബുവിന്റെ ജീവിത പോരാട്ടങ്ങളും രാഷ്ട്രീയക്കാരുടെ കുടില തന്ത്രങ്ങളുമാണ് പിന്നീട് ‘പൊറാട്ട് നാടക’ത്തിന് വേദിയായി മാറുന്നത്. 

പ്രേക്ഷകർക്ക് ഒരു സെക്കൻഡ് പോലും ബോറടിക്കാത്ത രീതിയിൽ സംഭവ ബഹുലമാണ് നൗഷാദ് സാഫ്രോണിന്റെ പൊറാട്ട് നാടകം. കേരള രാഷ്ട്രീയത്തിൽ തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലീന വിഷയങ്ങളെല്ലാം സുനീഷ് വാരനാട്  തന്റെ തിരക്കഥയിൽ ചർച്ചാവിഷയമാക്കുന്നുണ്ട്.  പശുരാഷ്ട്രീയം, ആൾക്കൂട്ട വിചാരണ, ആൾക്കൂട്ട കൊലപാതകം, കടക്ക് പുറത്ത്, പിപ്പിടി വിദ്യ തുടങ്ങി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പല വാക്കുകളും സിനിമയിൽ കേട്ടത് പൊട്ടിച്ചിരിക്ക് വഴിയൊരുക്കി.  രസച്ചരട് മുറിയാത്ത തിരക്കഥയുടെ കെട്ടുറപ്പാണ് ചിത്രത്തിന്റെ പ്രത്യേകത.  ഇന്ത്യയിലെ രാഷ്ട്രീയക്കാരെ മുഴുവൻ തലങ്ങും വിലങ്ങും വിമർശിച്ചുകൊണ്ടുള്ള തിരക്കഥ അതിന്റെ രസം ഒട്ടും ചോരാതെ സിനിമയിൽ പറഞ്ഞു ഫലിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.  രാഹുൽ രാജിന്റെ ത്രസിപ്പിക്കുന്ന സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, രാഹുൽ രാജ് അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്.  

സിനിമയിൽ നായകനായ അബുവായി എത്തിയത് സൈജു കുറുപ്പാണ്. കടക്കെണിയിൽ പെട്ട പരാധീനനായ നായകവേഷം സൈജുവിന് ഒട്ടും പുതിയതല്ല.  ഏതു വേഷം കിട്ടിയാലും അത് മികച്ചതാക്കാൻ ശ്രമിക്കുന്ന സൈജു അബുവിന്റെ വേഷവും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.  മണിക്കുട്ടി എന്ന പശുവാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഗത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.  രമേഷ് പിഷാരടി, നിര്‍മ്മല്‍ പാലാഴി, അര്‍ജുന്‍ വിജയന്‍, രാജേഷ് അഴീക്കോട്,  ആര്യ വിജയന്‍, ഗീതി സംഗീതിക, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ആക്ഷേപഹാസ്യമാണ് പൊറാട്ട് നാടകത്തിന്റെ സ്വഭാവമെങ്കിലും ഇന്ത്യൻ സാമൂഹ്യ പശ്ചാത്തലത്തിൽ വേരുറച്ചു കിടക്കുന്ന മത ജാതി വ്യവസ്ഥകളും സമൂഹത്തിൽ ഇന്നും നടമാടുന്ന ഉച്ചനീചത്വങ്ങളും സിനിമയിൽ ചർച്ചയാകുന്നുണ്ട്.  ഹാസ്യത്തിന്റെ മേമ്പൊടിയോടെ തിരക്കഥാകൃത്ത് സുനീഷ് വാരനാട് പ്രേക്ഷകരുടെ മനസ്സിലേക്ക് കടത്തിവിടുന്നത്  ഏറെ ഗൗരവമുള്ള വിഷയങ്ങളാണ്. പ്രബുദ്ധരെന്നു കരുതുന്ന ഇന്ത്യയിലെ വോട്ടർമാരെ പറ്റിച്ച് ‘പൊറാട്ട് നാടകം’ കളിക്കുന്ന സ്വാർഥതയുടെ ആൾ രൂപങ്ങളായ രാഷ്ട്രീയക്കാരുടെ നേർക്കാഴ്ചയാണ് ഈ പൊറാട്ട് നാടകം.

English Summary:

Porattu Nadakam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com