ചങ്കിലൊട്ടും ഈ 'പല്ലൊട്ടി'; നയന്റീസ് കിഡ്സിന്റെ നൊസ്റ്റാൾജിയ
Mail This Article
ലൂണാര്‍ ചെരുപ്പില്‍ ടയറുവെട്ടി ഉജാല ടിന്നില്‍ ചേര്‍ത്തുവെച്ച് വണ്ടി കളിച്ചവര്‍, ബബിള്‍ഗം വിഴുങ്ങിയാല്‍ ചത്തുപോകുമോ എന്ന് ഭയപ്പെട്ടവര്‍, പൊട്ടാസ് തോക്കുകൊണ്ട് വെടിപൊട്ടിച്ച് ഡോണ്‍ ചമഞ്ഞവര്‍, ഓലയില്‍ തൂങ്ങി വട്ടം കറങ്ങിയും യൂണിഫോമിലെ ചെളിയും പോക്കറ്റിലെ മഷിക്കറയും ഗൗനിക്കാതെ സ്കൂളില്പോയവര്... തൊണ്ണൂറുകളില്‍ ജനിച്ച് സ്കൂള്‍ജീവിതം ആഘോഷവും ചുറ്റുപാടുകള്‍ പാഠപുസ്തകങ്ങളുമാക്കി മാറ്റിയ കൂട്ടുകാരുടെ കഥ. ഗൃഹാതുരതയുടെ വാതില്‍പ്പടിയിലിരുന്ന് കാറ്റുകൊണ്ട് കാഴ്ചകള്‍ കണ്ട് കണ്ണിമാങ്ങ നുണയുന്ന സുഖമുണ്ട് പല്ലൊട്ടി നയന്റീസ് കിഡ്സിന്. നിറംമങ്ങാത്ത ഓര്‍മകളെ ചുംബിച്ച് ചുംബിച്ച് തിയറ്റര്‍ വിട്ടിറങ്ങാം ജിതിന്‍രാജ് സംവിധാനം ചെയ്ത ‘പല്ലൊട്ടി’ കണ്ടാല്‍.
കുട്ടികളുടെ മാത്രം സിനിമയല്ലിത്. കുട്ടികളുടേയും കുട്ടിത്തം നഷ്ടപ്പെട്ടവരുടേയും കുട്ടികളാവാന്‍ കൊതിക്കുന്നവരുടേയുമാണ്. അത്രമേല്‍ ജീവിതത്തിന്റെ വിയര്‍പ്പും കണ്ണീരും ഓര്‍മകളും കൊണ്ട് പൊതിഞ്ഞ ചലച്ചിത്രയാത്രയാണ് പല്ലൊട്ടി. പുത്തന്‍ കുട്ടൂകാര്‍ക്ക് പല്ലൊട്ടി കൗതുകമായെങ്കില്‍ പോയ ബാല്യങ്ങള്‍ക്ക് അനുഭവത്തിന്റെ ചൂടുപകരും ഓരോ രംഗങ്ങളും. കുളംകര എന്ന ഗ്രാമവും അവിടുത്തെ കണ്ണനും ഉണ്ണിയും മഞ്ജുളനുമൊക്കെ നമുക്ക് പരിചിതരെന്നു തോന്നിയേക്കാം. അയാല്‍വാസികളാണ് ഏഴാം ക്ലാസുകാരന് ഉണ്ണിയും അഞ്ചാം ക്ലാസുകാരന് കണ്ണനും. അതുകൊണ്ടുതന്നെ സ്കൂളിലേക്കുള്ള യാത്രയും കറക്കവുമൊക്കെ ഇരുവരും ഒന്നിച്ചുമാണ്. കണ്ണന് ചേട്ടനെ ശക്തിമാനെപോലെ കണ്ട് ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുകയാണ് ഉണ്ണി. ഇവരുടെ യാത്രകളും രസകരമായ സംഭവങ്ങളും സംഭാഷണങ്ങളുമാണ് ‘പല്ലൊട്ടി’ പ്രേക്ഷകരോട് സംവദിക്കുന്നത്.
സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്്കളങ്കതയും പത്തരമാറ്റോടെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. നയന്റീസ് കിഡ്സിന് ഓര്‍മകളുടെ കുടമാറ്റവും വെടിക്കെട്ടുമൊക്കെ ഒരുപോലെ ചിത്രം പകരും എന്നതില്‍ സംശയമില്ല. നന്മ മാത്രം നിറഞ്ഞ കഥാപാത്രങ്ങളാണ് സിനിമയുടെ ജീവന്. തുടക്കം മുതല്‍ ഒടുക്കംവരെ നമ്മെ ഓര്‍മപ്പെടുത്തുന്നതും ആ നന്മയാണ്.
മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷിന്റെയും മാസ്റ്റര്‍ നീരജ് കൃഷ്ണയുടെയും കിടിലന്‍ പ്രകടനമാണ് സിനിമയുടെ ജീവന്. ഇരുവരും ഓരോ രംഗവും മത്സരിച്ചഭിനയിച്ചിട്ടുമുണ്ട്. ബാല്യത്തിന്റെ നിഷ്കളങ്കതയും സൗന്ദര്യവുമൊക്കെ ആഴത്തില്‍ തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കാന്‍ ഈ കൊച്ചുമിടുക്കന്മാര്ക്കായി. ഹൃദയംകൊണ്ട് സംസാരിക്കുന്ന നാട്ടിമ്പുറത്തുകാരന്‍ മഞ്ജുളനായി സൈജു കുറുപ്പും ചിത്രത്തില്‍ നിറഞ്ഞാടിയിട്ടുണ്ട്. നിരവധി പുതുമുഖങ്ങളെയാണ് ചിത്രത്തിലൂടെ കാസ്റ്റിങ് ഡയറക്ടറായ അബു വളയംകുളം അവതരിപ്പിച്ചിരിക്കുന്നത്. വന്നുപോയ ഓരോ കഥാപാത്രവും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഹൃദയസ്പര്‍ശിയായ നല്ല സിനിമ ഒരുക്കിയ ജിതിന്‍രാജ് ഇനിയും പ്രതീക്ഷയ്ക്ക് ഏറെ വകനല്കുന്ന സംവിധായകനാണ്. ദീപക് വാസന്റെ തിരക്കഥ മനോഹരമെന്നു പറാതെ വയ്യ. ഷാരോണ്‍ ശ്രീനിവാസിന്റെ ക്യാമറ, രോഹിത് വാര്യത്തിന്റെ എഡിറ്റിങ്ങ് എന്നിവയും സിനിമയെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ടൈറ്റില്‍ മ്യൂസിക്ക് മുതല്‍ അവസാനരംഗം വരെ സംഗീതം കൊണ്ട് സിനിമയിലേക്ക് നമ്മെ ചേര്‍ത്തു നിര്‍ത്തുകയാണ് സംഗീത സംവിധായകനായ മണികണ്ഠന് അയ്യപ്പ. സുഹൈല്‍ കോയയുടെ വരികളും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. സാജിദ് യഹിയയും നിതിന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.