കറ തീർന്ന അന്വേഷണം; ഒരു അന്വേഷണത്തിന്റെ തുടക്കം റിവ്യു
Mail This Article
നീതി നിഷേധിക്കപ്പെട്ടവരുടെ നീതി ഉറപ്പാക്കാനുള്ള ഒറ്റയാൾ പോരാട്ടവും ആ പോരാട്ടത്തെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കഥയാണ് ഒരു അന്വേഷണത്തിൻ്റെ തുടക്കം.
പൊതു ഇടങ്ങളിലെ പ്രശ്നങ്ങൾ അതേപടി സമൂഹത്തിന് മുന്നിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകൻ ആണ് ജീവൻ തോമസ്. എൻജിനീയറിങ് ബിരുദധാരിയായ ജീവൻ മുംബൈയിലെ ജോലി ഉപേക്ഷിച്ചാണ് മാധ്യമപ്രവർത്തനം തിരഞ്ഞെടുക്കുന്നത്. ടെലിവിഷൻ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പ്രാവീണ്യമുള്ള ജീവനെ സഹപ്രവർത്തകർക്കും വലിയ കാര്യം ആയിരുന്നു. സുഹൃത്തും ബന്ധുവും ആയ റൂബിയുമായി മനസമ്മതം കഴിഞ്ഞതിൻ്റെ അടുത്ത ദിവസം, വാകത്താനം കൊലക്കേസ് പ്രതികളെ കോടതിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ പോയ ജീവനെ അവിടെ നിന്നും കാണാതാവുന്നു. ഇടയ്ക്കിടെ യാത്രകൾ പോകുന്നയാളാണ് ജീവൻ എന്നുള്ളത് കൊണ്ട് ജീവൻ്റെ അന്നത്തെ യാത്രയിൽ കുടുംബക്കാരിലും തുടക്കത്തിൽ അസ്വാഭാവികത ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ജീവൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ബോധ്യപ്പെട്ടതോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുന്നു. കോട്ടയത്തെ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ല എന്ന് ബോധ്യപ്പെട്ട ബന്ധുക്കൾ തുടരന്വേഷണത്തിന് കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. തുടർന്ന് തിരോധാനത്തിൻ്റെ അന്വേഷണം കോട്ടയം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് കോടതി ഉത്തരവ് ഇറക്കുന്നു. തുടർന്ന് നടക്കുന്ന അന്വേഷണം ആണ് ചിത്രത്തിന്റെ പ്രമേയം.
കോട്ടയം ക്രൈംബ്രാഞ്ചിന് വലിയ വെല്ലുവിളി ഉയർത്തിയ കേസാണ് ജീവന്റേത്. അന്വേഷണത്തിന്റെ തുടക്കത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ നിന്നും ഒഴിഞ്ഞുമാറാൻ ഐസക്ക് മാമൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് നടപ്പാവുന്നില്ല. ഐസക്ക് മാമന്റെ നേതൃത്വത്തിലുള്ള സംഘം വളരെ കൃത്യതയോടും ചടുലതയോടും നടത്തുന്ന അന്വേഷണത്തിൽ കോട്ടയത്തും ഇടുക്കിയിലും നടന്ന ചില സംഭവങ്ങൾ കൂടി ബന്ധപ്പെടുന്നതോടെയാണ് കഥയുടെ പിരിമുറുക്കം തുടങ്ങുന്നത്. ഒരു തിരോധാനം എങ്ങനെയാണ് മറ്റു കേസുകളുമായി കണക്ട് ചെയ്യുന്നത്, അന്വേഷണം എങ്ങനെയാണ് കൃത്യമായി പുരോഗമിക്കുന്നത് എന്നൊക്കെ വളരെ ഭംഗിയായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സൗഹൃദത്തിന്റെ വീർപ്പുമുട്ടിക്കലും ഒക്കെ ഈ ചിത്രത്തിൽ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഒരു അന്വേഷണസംഘം എങ്ങനെയാണ് ഉണർന്ന് പ്രവർത്തിക്കേണ്ടത് എന്നും ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുന്നതിന് ഒരു ഉദ്യോഗസ്ഥൻ എത്രമാത്രം ആത്മാർത്ഥതയോടെ പ്രവർത്തിക്കണമെന്നും അതിലൂടെ സമൂഹത്തിനുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചുമൊക്കെ ഈ ചിത്രം പറയുന്നുണ്ട്.
കോട്ടയത്ത് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും അന്വേഷണസംഘം നീങ്ങുമ്പോൾ അതൊക്കെ ഒട്ടും ബോറടിപ്പിക്കാതെ തന്നെ സംവിധായകൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൻറെ കൂട്ടായ്മ, അതിൽ അവർക്കുണ്ടാകുന്ന നേട്ടൾ, ഇവയൊക്കെ പ്രേക്ഷകരെ സിനിമയോട് അടുപ്പിക്കുമെന്നത് ഉറപ്പാണ്. ഉബൈദിന്റെയും ആയിഷയുടെയും ജീവിതത്തിലൂടെ മഹാമാരിയുടെ ഓർമ്മപ്പെടുത്തലുകളും കുടുംബ ബന്ധത്തിൻറെ ആഴവും പ്രേക്ഷകരിലേക്ക് പകരുകയാണ് സംവിധായകൻ. മാനുഷിക മൂല്യങ്ങളുടെ വില എന്താണെന്ന് നമ്മെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്താനും സംവിധായകന് കഴിഞ്ഞു.
തിരക്കഥയുടെ ബ്രില്ല്യൻസാണ് സിനിമയുടെ നട്ടെല്ല്. വളരെ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾക്ക് കൃത്യമായി സ്ക്രീൻ സ്പേസ് നൽകാൻ കഴിഞ്ഞതിന് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ കയ്യടി അർഹിക്കുന്നു. കഥാപാത്രങ്ങൾക്ക് തുടക്കം മുതൽ തുടർ പ്രാധാന്യം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഒരു അന്വേഷണത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോഴും ആദ്യത്തേതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ തന്നെ മുന്നേറുന്നത് ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും കരുതലും എല്ലാം വളരെ മികവോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തതലവനായ ഐസക് മാമനായി എത്തുന്ന എം.എ. നിഷാദ് വളരെ മനോഹരമായ പ്രകടനമാണ് കാഴ്ചവച്ചത്. ആക്ഷൻ രംഗങ്ങളിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മാനറിസങ്ങളും ഒക്കെ കൃത്യമായി അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുണ്ട്. വാണിവിശ്വനാഥിൻ്റെ തിരിച്ചുവരവും വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സാസ്വികയുടെയും ദുർഗാ കൃഷ്ണയുടെയും ആക്ഷൻ രംഗങ്ങളിലെ മികവും ശ്രദ്ധേയമാണ്.
സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, ഗൗരി പാർവ്വതി, പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, സമുദ്രക്കനി, ബൈജു, ജോണി ആൻ്റണി, അശോകൻ, കലാഭവൻ ഷാജോൺ, അനുമോൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി.ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി തുടങ്ങിയ ഒരു വലിയ താരനിരയും ചിത്രത്തിൽ ഉണ്ട്.
പശ്ചാത്തല സംഗീതമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ചിത്രത്തിന് യോജിക്കുന്ന തരത്തിൽ പശ്ചാത്തല സംഗീതം കൃത്യമായി ഒരുക്കിയിരിക്കുന്നത് മാർക്ക് ഡിമൂസ് ആണ്.
മികച്ച ഛായാഗ്രഹണവും ചില സീക്വൻസുകളിലെ ടെക്നിക്കൽ ബ്രില്യൻസും ചിത്രത്തെ വേറിട്ടതാക്കുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണ പുരോഗതിയും വിലയിരുത്തലുകളും എല്ലാം വളരെ ഭംഗിയായി വിവേക് മേനോൻ പകർത്തിയിട്ടുണ്ട്.
മനോഹരമായ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. എം. ജയചന്ദ്രൻ്റെ സംഗീതത്തിൽ പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി എന്നിവരാണ് ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രണയവും സൗഹൃദവും കൂട്ടായ്മയും ഒക്കെ ചേരുന്ന ഒരു നല്ല ചിത്രം! കുടുംബമായി തിയറ്ററിൽ എത്തി ആസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രം തന്നെയാണ് ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന് ഉറപ്പിച്ചു പറയാം.