ADVERTISEMENT

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ് എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം.

ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കളടക്കമുള്ളവർ ട്രെയിലറിൽ വന്നുപോകുന്നു. അഭിഭാഷകനായ ബി.എ. ആളൂർ വക്കീലിനെയും ഇതിൽ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെയും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിലൂടെ പറഞ്ഞുപോകുന്നുണ്ട്.

ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം. നേരത്തെ വടക്കെ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് ഇവർ ഡോക്യുമെന്ററിയാക്കുന്നത്.

കൂടത്തായി നാൾ വഴി

ടോം തോമസ് പൊന്നാമറ്റം – ഒരു വര്‍ഷം മുന്‍പ് ഇത് തീര്‍ത്തും സാധാരണ മേല്‍വിലാസമായിരുന്നു. കേരളത്തെയാെക ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയാണ് പൊന്നാമറ്റം വീടിനെ ചര്‍ച്ചയാക്കിയത്. ഈ വീട്ടിലെ അംഗമായിരുന്ന ജോളി ജോസഫെന്ന വീട്ടമ്മയാണ് ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലപാതക ശ്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകളും പുറത്തുവന്നു. പ്ലസ്ടു യോഗ്യതമാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം നടുക്കത്തോടെയാണ് കേരളം കേട്ടത്.

14 വര്‍ഷത്തിനിടെയുണ്ടായത് ആറ് ദുരൂഹമരണങ്ങള്‍. കൊലപാതകമാണെന്നു തെളിഞ്ഞത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞ്. ആസൂത്രണവും കൊല നടത്തിയതുമെല്ലാം ജോളി ജോസഫെന്ന വീട്ടമ്മയുടെ ബുദ്ധി. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

curry-and-cyanide-jolly-joseph-case-trailer-3

ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയത്. സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനെ വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകം. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ റോജോ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. എസ്പി കെ.ജി.സൈമണ്‍ അന്വേഷണം സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിനു കൈമാറി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യതയുണ്ടെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാ‍ഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചത്.

കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി ജോളി ജോസഫ്, സയനൈഡ് എത്തിച്ചുനല്‍കിയ എം.എസ്. മാത്യു, സയനൈഡ് കൈമാറിയ പ്രജികുമാര്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി സി.വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധത്തില്‍ പ്രതിചേര്‍ത്തു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിച്ചത്.

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. 

കേസില്‍ പ്രതിയല്ലെന്ന വാദമാണ് ജോളിയുടെ അഭിഭാഷകന്‍ നിരത്തുന്നത്. തെളിവുകളും സാക്ഷികളും വ്യാജമായുണ്ടാക്കിയതാണെന്നും പ്രതിഭാഗം ആവര്‍ത്തിക്കുന്നു.

English Summary:

‘Curry and Cyanide - The Jolly Joseph Case’ trailer out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com