പാളിപ്പോയ ബയോപിക്; ‘സാം ബഹദൂർ’ റിവ്യു
Mail This Article
തൽവാർ, റാസി തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്ത മേഘ്ന ഗുൽസാറിന്റെ ‘സാം ബഹദൂർ’ പക്ഷേ ബോളിവുഡിലെ പാളിപ്പോയ ബയോപിക്കുകളിൽ ഒന്നു മാത്രമായി മാറി. ബയോപിക്കുകളോടുള്ള ബോളിവുഡിന്റെ പ്രിയം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ് ഈ സിനിമ.
1971 ൽ പാക്കിസ്ഥാനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്ത്യൻ ആർമി ചീഫും ഫീൽഡ് മാർഷലുമായ സാം മനേക് ഷാ ആയി വിക്കി കൗശൽ ആണ് അഭിനയിച്ചിരിക്കുന്നത്. മുഹമ്മദ് സീഷാൻ ആയൂബ്, സാനിയ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തിലുണ്ട്.
സാം മനേക് ഷായുടെ കരിയറിലെ പ്രധാന സംഭവങ്ങളും നാഴികക്കല്ലുകളും, ബ്രിട്ടിഷ് ഇന്ത്യൻ ആർമിയിൽ കെഡറ്റായിരുന്ന നാളുകൾ മുതൽ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തത്, 1962 ലെ ഇന്ത്യ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക്ക് യുദ്ധം, 1971 ലെ യുദ്ധം എന്നിവയെല്ലാം സിനിമയിൽ കാണാം. മനേക് ഷായുടെ കുടുംബ ജീവിതം, യഹ്യാ ഖാനുമായുള്ള സൗഹൃദം, ഇന്ദിരാ ഗാന്ധിയുമായുള്ള ബന്ധം എന്നിവയും ചിത്രത്തിൽ ഉണ്ട്.
വിക്കി കൗശലിന്റെ പെർഫോമൻസ് മാത്രമാണ് സിനിമയിൽ എടുത്തു പറയാവുന്ന ഒന്ന്. സർദാർ ഉദ്ദം, മാസാൻ, റാസി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിക്കി സാം ബഹദൂറിലും നിരാശപ്പെടുത്തിയില്ല.
ശങ്കർ ഇഹ്സാൻ ലോയിയുടെ സംഗീതം നിരാശയാണു നൽകിയത്. "ബണ്ടിഷ് ബണ്ഡിറ്റ്" പോലെ സംഗീതത്തെ മാത്രം ആസ്പദമാക്കിയെടുത്ത വെബ് സീരീസിൽ അദ്ദേഹം നൽകിയ സംഗീതം മറക്കാനാവുന്നതല്ല. എന്നാൽ ഇവിടെ കഥയോട് ഒട്ടും യോജിച്ചു നിൽക്കാത്ത സംഗീതമാണ് നൽകിയിരിക്കുന്നത്. പങ്കജ് കുമാറിന്റെ വിഷ്വലുകളിലും പുതുതായി ഒന്നുമില്ല. യുദ്ധ രംഗങ്ങളിൽ കൃത്രിമത്വം മുഴച്ചുനിൽക്കുന്നു.
ബയോപിക് ആയതു കൊണ്ട്,പ്രധാന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രംഗങ്ങളെ മാത്രം ഫോക്കസ് ചെയ്തതിനാൽ സിനിമയുടെ ആകെത്തുകയിൽ മറ്റൊന്നും തന്നെയില്ല. രംഗങ്ങളെ തമ്മിൽ ബന്ധപ്പെടുത്താനുള്ള അടിസ്ഥാനപരമായ ഒരു കഥ പോലും സിനിമ പിന്തുടരുന്നില്ല. മനേക് ഷായുടെ ജീവിതത്തിലെ വിവിധ സംഭവങ്ങളെ ചിത്രീകരിക്കുക എന്ന ലക്ഷ്യം മാത്രമേ ആത്യന്തികമായി സിനിമ പിന്തുടരുന്നുള്ളൂ.
ബയോപിക് എന്നാൽ അത്തരം സംഭവങ്ങളെ ക്രോഡീകരിക്കുക മാത്രമാണ് എന്നൊരു പൊതുബോധം ബോളിവുഡിലെ പല ബയോപിക്കുകളിലും കാണാം. കഥാപരമായ പുതുമകൾ ഒന്നുമില്ലാത്ത ഇത്തരം ബയോപിക്കുകളിലൂടെയും റീമേക്കുകളിലൂടെയും ഒരു സിനിമ ഇൻഡസ്ട്രിക്ക് എത്രകാലം നിലനിൽക്കാനാവും എന്ന ചോദ്യം പ്രസക്തമാണ്.