ആ രഹസ്യം വെളിപ്പെടുമോ?; ഇന്ദ്രാണി മുഖർജി ഡോക്യുമെന്ററിയുമായി നെറ്റ്ഫ്ലിക്സ്; ടീസർ
Mail This Article
ഐഎൻഎക്സ് മീഡിയ കമ്പനി മുൻ മേധാവി ഇന്ദ്രാണി മുഖർജിയുടെ ജീവിതം ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി എത്തുന്നു. ദ് ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്ത് എന്ന ഡോക്യുമെന്ററിയുടെ ആദ്യ ടീസർ എത്തി. ഫെബ്രുവരി 23നാണ് റിലീസ്. ഏറെ ദുരൂഹത നിറഞ്ഞ ഷീന ബോറ കൊലക്കേസിലെ ഇനിയും കണ്ടെത്താനാകാത്ത പല രഹസ്യങ്ങളും ഇതിലൂടെ വെളിപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
ഷാന ലെവി, ഉറാസ് ബാൽ എന്നിവർ ചേർന്നാണ് ഡോക്യു സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രാണി മുഖർജി, മക്കളായ വിധി മുഖർജി, മിഖൈൽ ബോറ എന്നിവരും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ആദ്യ വിവാഹത്തിലെ മകൾ ഷീന ബോറയെ (25) 2012ൽ ശ്വാസംമുട്ടിച്ചു കൊന്നെന്ന കേസിൽ പിടിയിലായ ഇന്ദ്രാണി 2015 മുതൽ വിചാരണത്തടവിലായിരുന്നു. 2022ൽ ഇന്ദ്രാണിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആറര വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷമാണ് ഇന്ദ്രാണി ബൈക്കുള ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തി കത്തിച്ചെന്നാണു കേസ്. ഇന്ദ്രാണിയുടെ മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും കേസിൽ പ്രതികളാണ്.
ഷീന സഹോദരിയാണെന്നാണ് ഇന്ദ്രാണി പുറത്തു പറഞ്ഞിരുന്നത്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം. സ്വത്ത് തന്നില്ലെങ്കിൽ ഇന്ദ്രാണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നു ഷീന ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. 2012ൽ ഷീന യുഎസിലേക്കു പോയെന്നാണു കൊലയ്ക്കുശേഷം ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. മൂന്നു വർഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായി മറ്റൊരു കേസിൽ അറസ്റ്റിലായതോടെയാണ് കൊലയുടെ ചുരുളഴിഞ്ഞത്. താനോടിച്ച കാറിൽ വച്ചാണു ഷീനയെ കൊന്നതെന്നു മൊഴി നൽകിയ റായി കേസിൽ മാപ്പുസാക്ഷിയായി. അഞ്ച് വർഷത്തെ വിചാരണത്തടവിനു ശേഷം കഴിഞ്ഞ വർഷം പീറ്ററിനു ജാമ്യം ലഭിച്ചിരുന്നു.
ഇതിനിടെ മകൾ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് സിബിഐ ഡയറക്ടർക്കു ജയിലിൽവച്ച് ഇന്ദ്രാണി മുഖർജി കത്തയച്ചിരുന്നു. കശ്മീരിൽ ഷീനയെ കണ്ടതായി സഹതടവുകാരി പറഞ്ഞതായാണു കത്തിൽ. ഇന്ദ്രാണി മുഖർജിയുടെ അവകാശവാദം സിബിഐ തള്ളിയിരുന്നു. ഷീന 'യഥാർഥത്തിൽ മരിച്ചു' എന്നു സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നു സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. അസ്ഥികൂടത്തിന്റെ ഡിഎൻഎ ഇന്ദ്രാണിയുടെയും ഷീനയുടെയും സാംപിളുമായി പൊരുത്തപ്പെടുന്നതാണു മുഖ്യതെളിവെന്നും സിബിഐ കോടതിയിൽ പറഞ്ഞു.