സ്റ്റാർ, മങ്കിമാൻ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Mail This Article
വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം, ഹിന്ദി ചിത്രങ്ങളായ ബഡേ മിയാൻ ഛോട്ടേ മിയാൻ, മൈതാൻ, സ്റ്റാർ എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയ സിനിമകൾ. വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കർ പുരസ്കാരം നേടിയ ഗോഡ്സില്ല മൈനസ് വൺ, ഹൊറർ ചിത്രം ദ് ഫസ്റ്റ് ഒമെൻ എന്നീ സിനിമകൾ കഴിഞ്ഞ ആഴ്ച ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
സ്റ്റാർ: ജൂൺ 8: പ്രൈം വിഡിയോ
കവിനെ നായകനാക്കി ഏലൻ സംവിധാനം ചെയ്ത ചിത്രം. സിനിമാ നടനാകാൻ ആഗ്രഹിക്കുന്ന യുവാവിന്റെ ജീവിതമാണ് പറയുന്നത്.ലാൽ, അതിദി പൊഹാങ്കർ, പ്രീതി മുകുന്ദൻ, ഗീത കൈലാസം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മങ്കിമാൻ: ജൂൺ 8: പീകോക്ക്
ദേവ് പട്ടേൽ നായകനാകുന്ന ആക്‌ഷന്‍ ത്രില്ലർ. നായകനു പുറമെ സിനിമയുടെ തിരക്കഥ, സംവിധാനം, കഥ, നിർമാണം എന്നിവ നിർവഹിച്ചിരിക്കുന്നത് ദേവ് പട്ടേൽ ആണ്. പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജോർദാൻ പീലിയും ഒരു നിർമാതാവാണ്..
വർഷങ്ങൾക്കു ശേഷം: ജൂൺ 7: സോണി ലിവ്
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മൈതാൻ: ജൂൺ 7: ആമസോൺ പ്രൈം
അജയ് ദേവ്ഗൺ, പ്രിയാമണി, ഗജരാജ് റാവു എന്നിവർ അഭിനയിച്ച സ്പോർട്സ് ബയോപിക്. ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവ് അമിത് ശർമയാണ് സംവിധാനം. ഇന്ത്യൻ ഫുട്ബോൾ പരിശീലകനായിരുന്ന സയ്യിദ് അബ്ദുൾ റഹീമിന്‍റെ ജീവിതകഥയാണ് സിനിമ പറയുന്നത്.
ബഡേ മിയാൻ ഛോട്ടേ മിയാൻ: ജൂൺ 7: നെറ്റ്ഫ്ലിക്സ്
അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും മുഖ്യവേഷങ്ങളിലെത്തിയ ആക്‌ഷൻ ചിത്രം. പൃഥ്വിരാജ് സുകുമാരൻ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമ തിയറ്ററുകളിൽ ആദ്യ ദിനം മുതൽ തകർന്നടിയുകയായിരുന്നു.
ഗോഡ്സില്ല മൈനസ് വൺ: ജൂൺ 1: നെറ്റ്ഫ്ലിക്സ്
125 കോടി ബജറ്റിൽ നിർമിച്ച ജാപ്പനീസ് ചിത്രം. 70 വർഷത്തിനിടയിൽ റിലീസ് ചെയ്ത 38 ഗോഡ്സില്ല സിനിമകളുടെ ചരിത്രത്തിൽ ഓസ്‌കർ നേടുന്ന ആദ്യ ഗോഡ്‌സില്ല സിനിമയാണിത്. 2016-ൽ പുറത്തിറങ്ങിയ ഷിൻ ഗോഡ്‌സില്ലയ്ക്ക് ശേഷം ടോഹോ നിർമിച്ച ചിത്രമാണ് തകാഷി യമസാകി സംവിധാനം ചെയ്ത ഗോഡ്‌സില്ല മൈനസ് വൺ. 1954ൽ റിലീസ് ചെയ്ത ആദ്യ ഗോഡ്‌സില്ലയുടെ പുനർരൂപകൽപനയാണ് ഈ സിനിമയെന്നു പറയാം. സംവിധായകൻ തകാഷി ഉൾപ്പെടുന്ന 35 വിഎഫ്എക്സ് ആർടിസ്റ്റുകൾ മാത്രമാണ് ഗോഡ്സില്ല മൈനസ് വൺ സിനിമയുടെ വിഎഫ്എക്സ് വിഭാഗത്തിൽ പ്രവർത്തിച്ചത്. സിനിമയിൽ ആകെ ഉപയോഗിച്ചിരിക്കുന്നത് 610 വിഎഫ്എക്സ് ഷോട്ടുകളാണ്. കഴിഞ്ഞ വർഷം വിഷ്വൽ ഇഫക്ട്സിന് ഓസ്കർ നേടിയ അവതാർ വേ ഓഫ് വാട്ടർ സിനിമയിൽ ഉപയോഗിച്ചത് 3,289 വിഎഫ്ക്സ് ഷോട്ടുകളാണ്.
15 മില്യൻ യുഎസ് ഡോളർ മുടക്കിയ ‘ഗോഡ്സില്ല മൈനസ് വൺ’ ബോക്സ് ഓഫിസിൽ നിന്നും വാരിയത് 100 മില്യൻ ഡോളറാണ്. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ജാപ്പനീസ് റിലീസായി ചിത്രം മാറിയിരുന്നു. യുഎസ് ബോക്‌സ് ഓഫfസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക‌്ഷൻ നേടിയ അഞ്ചാമത്തെ വിദേശ ഭാഷാ ചിത്രം കൂടിയാണിത്.
ദ് ഫസ്റ്റ് ഒമെൻ: ഹോട്ട്സ്റ്റാർ: മേയ് 30
ഹൊറർ ഫ്രാഞ്ചൈസിയായ ദ് ഒമെൻ സീരിസിന്റ പ്രീക്വല്‍ ആണ് ദ് ഫസ്റ്റ് ഒമെൻ. പള്ളിയിൽ സേവനം ആരംഭിക്കാൻ റോമിലേക്ക് അയയ്ക്കുന്ന മാർഗരറ്റ് എന്ന യുവതിയിലൂടെയാണ് സിനിമയുടെ തുടക്കം.
സ്വതന്ത്ര വീർ സവർക്കർ: സീ 5: മേയ് 28
രൺദീപ് ഹൂഡ നായകനായെത്തിയ ബോളിവുഡ് ചിത്രം. മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.