കണ്ണൻ എത്തിയപ്പോഴേക്കും അവർ മറഞ്ഞു; ലളിതം, സുന്ദരം ഈ നൃത്തം
Mail This Article
എക്കാലത്തെയും സൂപ്പർഹിറ്റ് തമിഴ് ചിത്രമായ ‘ദളപതി’യിലെ ‘യമുന ആട്രിലേ’ എന്ന ഗാനത്തിന് കവർ ഡാൻസുമായി രണ്ട് യുവഡോക്ടർമാർ. ഡോക്ടർമാരായ ഗ്രീഷ്മ അനൂപും ദിവ്യരാജും ചേർന്നൊരുക്കിയ കവർ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൃഷ്ണഭക്തകളായ നർത്തകികൾ ആയാണ് വിഡിയോയിൽ ഇരുവരും പ്രത്യക്ഷപ്പെടുന്നത്.
ഈയടുത്ത കാലത്താണ് ഗ്രീഷ്മയും ദിവ്യയും സംഗീതവും നൃത്തവും ശാസ്ത്രീയമായി അഭ്യസിക്കാൻ തുടങ്ങിയത്. ഇരുവരും ഒന്നിച്ച 'കല്ലുതാലി' എന്ന ഹ്രസ്വചിത്രവും ശ്രദ്ധേയമായിരുന്നു. കലയോടുള്ള തീവ്രമായ ഇഷ്ടമാണ് കരിയറിനൊപ്പം സംഗീതവും നൃത്തവും അഭ്യസിക്കാൻ കൂടി സമയം കണ്ടെത്താൻ ഇരുവരെയും പ്രേരിപ്പിച്ചത്. പരിമിതികൾക്കുള്ളിൽ ഇവരൊരുക്കിയ നൃത്തസംഗീത ശിൽപം പ്രേക്ഷകർക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. വിഡിയോയുടെ ക്ലൈമാക്സും പ്രേക്ഷകരുടെ കയ്യടി നേടി.
1991-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദളപതി. ഇളയരാജയാണ് സംഗീതസംവിധാനം നിർവഹിച്ചത്. മിത്താലി ബാനർജിയാണ് ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചത്. മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മുഖ്യകഥാപാത്രങ്ങളായെത്തിയിരുന്നു.