വാരിക്കോരി കൊടുത്ത് അംബാനി, മിനിറ്റുകൾക്കു വേണ്ടി പൊടിച്ചത് ദശകോടികൾ; ഗായകരുടെ പ്രതിഫലം ഇങ്ങനെ
Mail This Article
ആഡംബരത്തിന്റെ അവസാനവാക്ക്! ഒറ്റവാക്യത്തിൽ അതായിരുന്നു അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹം. വിവാഹ ഒരുക്കത്തിന്റെ ആദ്യ ഘട്ടം മുതൽ കോടികൾ വാരിയെറിഞ്ഞ മുകേഷ് അംബാനി, പൊന്നുംവിലയുള്ള ഗായകരെയാണ് ആഘോഷം കൊഴുപ്പിക്കാൻ വിളിച്ചുവരുത്തിയത്. പ്രീവെഡ്ഡിങ് മുതലിങ്ങോട്ട് ഓരോ ആഘോഷരാവിലും ലോകഗായകരുടെ സംഗീതവും അത്യുച്ചത്തിൽ മുഴങ്ങിക്കേട്ടു. വേദിയെ പ്രകമ്പനം കൊള്ളിച്ച, മിനിറ്റുകൾ മാത്രം നീണ്ട പാട്ടുമേളത്തിന് അവരോരോരുത്തരും എണ്ണിവാങ്ങിയത് ഏറ്റവും ഉയർന്ന പ്രതിഫലവും. പ്രധാന ആഘോഷങ്ങളിലെല്ലാം വമ്പൻ ഗായകരെ എത്തിച്ച അംബാനി, ഇന്ത്യൻ ഗായകര്‍ക്കു വേണ്ടിയും കോടികൾ ചെലവഴിച്ചു. പാട്ടോളങ്ങളിൽ മുങ്ങിനിവർന്ന് അംബാനിക്കല്യാണം സമാപ്തി കുറിച്ചപ്പോൾ പാടാനെത്തിയ ഗായകരുടെ പ്രതിഫലത്തുകകൾ ചർച്ചയാവുകയാണ്.
റിയാന
മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷത്തിനു പാടാനാണ് ബാർബഡോസിന്റെ ഹീറോ ഗായിക റിയാന എത്തിയത്. 40 മിനിറ്റ് മാത്രം നീണ്ടുനിന്ന പ്രകടനത്തിന് 74 കോടി രൂപ റിയാന പ്രതിഫലമായി കൈപ്പറ്റി. ഇന്ത്യൻ സംസ്കാരത്തോടുള്ള ആദരസൂചകമായി വേദിയിൽ നഗ്നപാദയായാണ് റിയാന പ്രത്യക്ഷപ്പെട്ടത്.
കാറ്റി പെറി
അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും രണ്ടാംഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി ഇറ്റലിയിൽ നിന്നാരംഭിച്ച് ഫ്രാന്‍സിലെത്തിയ ആഡംബര കപ്പലില്‍ നടന്ന ആഘോഷത്തിൽ പാടാനാണ് കാറ്റി പെറി എത്തിയത്. കാറ്റിയുടെ പ്രകടനത്തോടെയുള്ള ആഘോഷരാവ് പ്രൗഢ്വോജ്വലമായിരുന്നു. വേദിയിൽ പാട്ടുമായി തീപോൽ പടർന്നുകയറി കാറ്റി കാണികളെ വിസ്മയിപ്പിച്ചു. ഒരു മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന പാട്ടുമേളത്തിന് ഗായിക 45 കോടി രൂപ ഈടാക്കിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ കപ്പലിൽ ബാക്സ്ട്രീറ്റ് ബോയ്സ് എന്ന ബാൻഡിന്റെ പ്രകടനവും നടന്നു. 4 മുതൽ 7 കോടി രൂപ വരെയാണ് സംഘം പാട്ടിനായി ഈടാക്കിയതെന്നാണു വിവരം.
ജസ്റ്റിൻ ബീബർ
അനന്ത്–രാധിക വിവാഹത്തോടനുബന്ധിച്ച് ജൂലൈ ആദ്യവാരം നടന്ന സംഗീത് ചടങ്ങിൽ പാടാനാണ് ജസ്റ്റിൻ ബീബർ എത്തിയത്. വേദിയിലെ ബീബറിന്റെ പവർപാക്ഡ് പ്രകടനം അതിഥികൾക്കു വിശിഷ്ട വിരുന്നായി. അരമണിക്കൂർ പാടിയതിന് 83 കോടി രൂപ ജസ്റ്റിൻ ബീബറിന്റെ പോക്കറ്റിൽ വീണു! സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 20 മുതൽ 50 കോടി വരെയാണ് ബീബർ വാങ്ങാറുള്ളത്. ഏറ്റവും ഉയർന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തിൽ നിന്നും ബീബർ കൈപ്പറ്റിയത്.
കോടിക്കിലുക്കത്തിൽ ഇന്ത്യൻ ഗായകരും
അനന്ത്–രാധിക വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ ഇന്ത്യൻ ഗായകരും പാടാനെത്തിയെങ്കിലും അവരുടെ പ്രതിഫലത്തുക വ്യക്തമല്ല. എങ്കിലും അർജിത് സിങ്ങും ശ്രേയ ഘോഷാലും തങ്ങളുടെ പ്രകടനത്തിന് 5 കോടി രൂപ വീതം അംബാനിക്കുടുംബത്തിൽ നിന്നും കൈപ്പറ്റിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കല്യാണം കളറാക്കാൻ ഗായകർ പതിവ്
ഇതാദ്യമായല്ല, ദശകോടികൾ മുടക്കി മുകേഷ് അംബാനി, കുടുംബാഘോഷത്തിൽ പാടിക്കാൻ ഗായകരെ എത്തിക്കുന്നത്. 2018ൽ മകൾ ഇഷയുടെയും ആനന്ദ് പിരമലിന്റെയും വിവാഹനിശ്ചയ ചടങ്ങിന് ജോൺ ലെജൻഡ് ആണ് പാട്ടുമായി വേദി കീഴടക്കിയത്. ആഘോഷരാവിലെ പാട്ടിന് 8 കോടിയിലേറെ ഗായകൻ പ്രതിഫലമായി വാങ്ങി. ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിനെയാണ് അംബാനി പാടാനായി ക്ഷണിച്ചത്. ഇതിനു വേണ്ടി 50 കോടിയിലേറെ രൂപ ചെലവഴിച്ചു.
2019ൽ ആകാശ് അംബാനി–ശ്ലോക മേഹ്ത വിവാഹത്തിനു മുന്നോടിയായി സ്വിറ്റ്സർലൻഡിൽ നടന്ന ആഘോഷവേളയിൽ ബ്രിട്ടിഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേ വേദിയിൽ പാട്ടിന്റെ കൊടുങ്കാറ്റായി വീശി. ഇതിനായി സംഘം 8 കോടി രൂപ പ്രതിഫലമായി കൈപ്പറ്റി. ആകാശ്–ശ്ലോക വിവാഹത്തിന്റെ അവസാനഘട്ടത്തിലെ മംഗൾ ഉത്സവിൽ പാടാൻ സംഗീതബാൻഡ് മറൂൺ5 എത്തി. പാട്ടിനായി സംഘം 12 കോടി പ്രതിഫലം വാങ്ങിയെന്നാണു കണക്കുകൾ.