കടലാമയിൽ കുരുങ്ങി ചെമ്മീൻ കയറ്റുമതി
Mail This Article
കൊച്ചി ∙ ഇന്ത്യയിൽനിന്നു കടൽചെമ്മീൻ കയറ്റുമതി നിരോധിച്ച അമേരിക്കൻ നടപടി പരിഹരിക്കാനാവാതെ തുടരുമ്പോൾ കൂടുതൽ നഷ്ടം കേരളത്തിലെ മത്സ്യബന്ധനമേഖലക്ക്. ഇന്ത്യയിൽനിന്ന് കൂടുതൽ വില നൽകി ചെമ്മീൻ ഇറക്കുമതി ചെയ്ത ഏകരാജ്യം അമേരിക്കയായിരുന്നു. അമേരിക്കയിലേക്ക് കയറ്റുമതി നിലച്ചതോടെ ആ ചെമ്മീൻകൂടി ചൈന, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കു വഴിമാറിക്കഴിഞ്ഞു. ഇതാവട്ടെ അമേരിക്കയ്ക്കു നൽകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ്.
അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചെമ്മീനിന്റെ 36 ശമതാനവും ഇന്ത്യയിൽനിന്നായിരുന്നു. 30 കോടി ഡോളറിന്റെ ചെമ്മീനാണ് അമേരിക്ക ഒരു വർഷം ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ 60 ശതമാനവും കേരളത്തിൽ നിന്നാണ്. അമേരിക്കൻ നിരോധനം കേരളത്തിനേൽപ്പിക്കുന്ന ആഘാതം ചെറുതല്ലെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.
കടലിൽനിന്ന് വലവീശി ചെമ്മീൻ പിടിക്കുന്നത് ഇന്ത്യയിൽ കടലാമകളുടെ വംശനാശത്തിനു കാരണമാകുന്നുണ്ടെന്ന കാരണം പറഞ്ഞാണ് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. ചെമ്മീനിനൊപ്പം ട്രോൾ വലകളിൽ കുരുങ്ങുന്ന കടലാമകൾക്ക് കടലിലേക്കുതന്നെ രക്ഷപ്പെട്ടുപോകാൻ വഴിയൊരുക്കുന്ന പ്രത്യേക ടെഡ് വലകളിൽ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇതു രാജ്യാന്തര നിലവാരത്തിലുള്ളതല്ലെന്ന കാരണവും നിരോധനത്തിനു പിന്നിലുണ്ട്.
ഒരു വർഷത്തോളമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി നടക്കുന്നില്ല. കാര്യങ്ങൾ നേരിട്ടുബോധ്യപ്പെടുത്താൻ ഇന്ത്യ സന്ദർശിക്കണമെന്ന അപേക്ഷപ്രകാരം രണ്ടംഗ അമേരിക്കൻ സംഘം 6 മാസം മുൻപ് വന്നിരുന്നു. കൊച്ചിയിലും സന്ദർശനം നടത്തി കാര്യങ്ങൾ ബോധ്യപ്പെട്ടതായി ഇവിടെവച്ച് അഭിപ്രായം രേഖപ്പെടുത്തിയ സംഘം അമേരിക്കയിലെത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം വന്ന മറുപടി നിരോധനം തുടരുമെന്നാണ്.
ഇന്ത്യയിൽ കണ്ടുവരുന്ന കടലാമകളിൽ 90 ശതമാനവും ഒറീസയിലാണെന്നും കേരളമുൾപ്പടെയുള്ള മേഖലയിലെ ചെമ്മീൻപിടിത്തം കടലാമകളുടെ വംശത്തിനു ഭീഷണിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.