തുറക്കുന്നതു വലിയ സാധ്യതകൾ: നവാസ് മീരാൻ

Mail This Article
കൊച്ചി∙ ഓർക്‌ലയുടെ ഓഹരി ഇടപാട് ഈസ്റ്റേൺ ബ്രാൻഡിനു വലിയ കുതിപ്പേകുമെന്ന് സ്ഥാപകൻ എം.ഇ.മീരാന്റെ മകനും ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാനുമായ നവാസ് മീരാൻ ‘മനോരമ’യോടു പറഞ്ഞു. ഇപ്പോഴത്തെ നേതൃത്വം തന്നെയാകും ഈസ്റ്റേണിനെ നയിക്കുക. (നവാസ് മീരാന്റെ സഹോദരൻ ഫിറോസ് മീരാനാണ് മാനേജിങ് ഡയറക്ടർ). കൊച്ചിയിലെ ആസ്ഥാനവും മാറുന്നില്ല.
കൂടുതൽ വിപണികളിലേക്കു കടന്നുചെല്ലാനും കൂടുതൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും ഓർക്‌ലയുടെ പങ്കാളിത്തത്തോടെ സാധിക്കുമെന്ന് നവാസ് മീരാൻ പറഞ്ഞു. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ വിപണികളുടെ സാധ്യത പ്രയോജനപ്പെടുത്താനാകും. ഓർക്‌ലയുടെ രാജ്യാന്തര ഉൽപന്നങ്ങൾ ഇവിടെ നിർമിച്ചുവിപണിയിലെത്തിക്കാനും സാധിക്കും.
ഓഹരി വാങ്ങലും ലയനവും പൂർത്തിയാക്കാൻ ഒന്നര വർഷം വേണ്ടിവരുമെന്നു നവാസ് മീരാൻ പറഞ്ഞു. ഓർക്‌ല ഓഹരി വാങ്ങുന്നത് കാഷ് ഡീലും എംടിആർ– ഈസ്റ്റേൺ ലയനം ഓഹരിപങ്കാളിത്ത ഇടപാടുമാണ്. ആദ്യ ഇടപാടിനുശേഷം മീരാൻ സഹോദരന്മാർക്കു ബാക്കിയാകുന്ന 32.2% ഈസ്റ്റേൺ ഓഹരിക്കു പകരമായാണ്, ലയനശേഷമുള്ള കമ്പനിയിൽ 9.99% ഓഹരി കിട്ടുക.