എച്ച്എൻഎൽ: സർക്കാർ ഏറ്റെടുക്കലിന് സാധ്യത
Mail This Article
കോട്ടയം ∙ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) കേരള സർക്കാർ ഏറ്റെടുക്കുന്നതിനു വഴിയൊരുങ്ങുന്നു. എച്ച്എൻഎൽ ഏറ്റെടുക്കലിന് 142 കോടി രൂപയുടെ പദ്ധതി സമർപ്പിക്കാൻ കേരള സർക്കാർ കിൻഫ്രയ്ക്ക് അനുവാദം നൽകി. എച്ച്എൻഎൽ വിൽപനയ്ക്കായി കോടതി നിയോഗിച്ച ‘റസല്യൂഷൻ പ്രഫഷനൽ’ കുമാർ രാജന് പുതുക്കിയ ഏറ്റെടുക്കൽ പദ്ധതി കിൻഫ്ര തിങ്കളാഴ്ച സമർപ്പിക്കും.
നഷ്ടത്തിലായ എച്ച്എൻഎൽ വിൽപന നടത്തുന്നതിന് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലാണ് റസല്യൂഷൻ പ്രഫഷനലിനെ (ആർപി) ചുമതലപ്പെടുത്തിയത്. ആർപിയുമായി ചർച്ച നടത്താൻ കേരള സർക്കാർ കിൻഫ്രയെ ചുമതലപ്പെടുത്തി. കമ്പനിയുടെ കടങ്ങൾ തീർത്ത് കേരളത്തിനു കൈമാറുന്നതിന് 360 കോടി രൂപയാണ് ആർപി ആവശ്യപ്പെട്ടത്. 133 കോടി രൂപ കിൻഫ്ര ആദ്യം വാഗ്ദാനം ചെയ്തു. തുക കൂട്ടിത്തരണമെന്നായിരുന്നു ആർപിയുടെ മറുപടി. അതോടെ 5% തുക കൂട്ടി നൽകാൻ (9 കോടി) കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകി.
കിൻഫ്രയുടെ പുതിയ വാഗ്ദാനം എച്ച്എൻഎല്ലിന് വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങളെ അറിയിക്കും. അവർ കൂടി അംഗീകരിച്ചാൽ എച്ച്എൻഎൽ കേരളത്തിനു കൈമാറി കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവ് ഇറക്കും. കിൻഫ്രയും സ്വകാര്യ കമ്പനിയായ സൺ പേപ്പേഴ്സും മാത്രമാണ് കമ്പനി ഏറ്റെടുക്കാൻ തയാറായത്. സൺ പേപ്പേഴ്സ് കിൻഫ്ര പറഞ്ഞതിലും കുറഞ്ഞ തുകയാണ് വാഗ്ദാനം ചെയ്തത്.