വിദ്യാർഥികൾക്കു ലാപ്ടോപ്: കൊക്കോണിക്സ് ഉൾപ്പെടെ 3 കമ്പനികളെ നിശ്ചയിച്ചു
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീ വഴി സ്കൂൾ വിദ്യാർഥികൾക്കു ലാപ്ടോപ്പുകൾ നൽകുക കൊക്കോണിക്സ്, ഏയ്സർ, ലെനോവോ കമ്പനികൾ. ഐടി മിഷൻ ടെൻഡർ നടപടി പൂർത്തിയാക്കി. ഈ കമ്പനികളെ എംപാനൽ ചെയ്യും. സർക്കാരിനു ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്സിന്റെ ലാപ്ടോപ്പിന് 14,990 രൂപ, ഏയ്സർ 17,883 രൂപ, ലെനോവോ 18,000 രൂപ എന്നിങ്ങനെയാണു നിരക്ക്. വിദ്യാർഥികൾക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. ഒരു ലാപ്ടോപ്പിനു 18,000 രൂപ വരെ ഈടാക്കാനാണു സർക്കാർ അനുമതി നൽകിയിരുന്നത്. ഫെബ്രുവരിയിൽ ആദ്യ പർച്ചേസ് ഓർഡർ നൽകും.
ഇതു ലഭിച്ചു 12 ആഴ്ചയ്ക്കകം കമ്പനികൾ ലാപ്ടോപ് ലഭ്യമാക്കണമെന്നാണു വ്യവസ്ഥ. ഇന്റൽ സെലറോൺ എൻ4000 അല്ലെങ്കിൽ എഎംഡി പ്രോസസറാണു ലാപ്ടോപ്പുകളിലുണ്ടാവുക. 4 ജിബി റാം, 128 ജിബി മിനിമം സ്റ്റോറേജ് എന്നിവയുണ്ടാകും.ഏകദേശം 1.2 ലക്ഷം വിദ്യാർഥികളാണു ലാപ്ടോപ്പിനായി കെഎസ്എഫ്ഇ ചിട്ടിയിൽ തവണയടച്ചു മാസങ്ങളായി കാത്തിരിക്കുന്നത്. കുടുംബശ്രീ വഴി 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്നു 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്നവർക്കു ലാപ്ടോപ് നൽകുന്നതാണു പദ്ധതി.