ADVERTISEMENT

കൊച്ചി ∙ നല്ല തൃശൂർ നേന്ത്രപ്പഴം വിൽപ്പനയ്ക്ക്. ഇവിടെയല്ല, ലണ്ടനിൽ.കേരള മണ്ണിന്റെ രുചിയും മണവും ചന്തവും ഒത്തിണങ്ങിയ നല്ല നേന്ത്രക്കായുടെ ഒരു മാസം നീണ്ട കടൽയാത്ര ഫലിക്കുമോയെന്ന ആശങ്കയിലായിരുന്നു വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള(വിഎഫ്പിസികെ) 25 ദിവസത്തെ കടൽയാത്രയും അതിന്റെ ക്ഷീണവും കഴിഞ്ഞ് ഇന്നലെ പഴുക്കവച്ച കായ്കൾ ഇന്നുമുതൽ ലണ്ടനിലെയും സ്കോട്ട്ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിൽ എത്തും, മലയാളികൾക്കായി.

ഒരു വർഷം മുൻപു വിത്തു തിരഞ്ഞെടുത്തപ്പോൾ മുതൽ വാഴക്കുല പായ്ക്കു ചെയ്യുന്നതുവരെ പ്രത്യേക നിഷ്കർഷയോടെ കൃഷിചെയ്തെടുത്ത കായ്കളാണിത്. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേന്ത്രക്കുലയുടെ ചരിത്രം അറിയാം. രാസവളമില്ല, പൂർണമായും ജൈവ കൃഷി.

വിഎഫ്പിസികെയും തിരുച്ചിറപ്പിള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിലാണു 10 ടൺ നേന്ത്രൻ കയറ്റിയച്ചത്. ഒരു മാസം നീളുന്ന കടൽ യാത്രയിൽ നേന്ത്രൻ എന്തു പരുവമാകുമെന്ന് ഉറപ്പില്ലായിരുന്നു.

പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിലാണു കയറ്റിവിട്ടത്. ലണ്ടനിലെ ഗേറ്റ് വേ തുറമുഖത്തു കയറ്റുമതി ഏജന്റ് ചരക്കു സ്വീകരിച്ചു. പഴുപ്പിക്കാൻ വച്ച നേന്ത്രനു നാട്ടിലെ അതേ രൂചിയും ഭംഗിയുമുണ്ട്. വാഴപ്പഴം സുലഭമായി ലഭിക്കുമെങ്കിലും കേരളത്തിലെ നേന്ത്രപ്പഴം വ്യാപകമായി വിദേശത്തു ലഭിക്കാറില്ല. എയർകാർഗോ ആയി അധികം കയറ്റി അയയ്ക്കാൻ കഴിയാത്തതുമൂലം വിദേശത്തു നേന്ത്രപ്പഴത്തിനു വലിയ വിലയുമാണ്.

കപ്പൽ പരീക്ഷണം വിജയിച്ചതോടെ ഇനി യൂറോപ്പിലേക്കു വ്യാപകമായി നേന്ത്രപ്പഴം കയറ്റിയയയ്ക്കാം.കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ കപ്പൽമാർഗം നേന്ത്രക്കായ് അയക്കുന്നുണ്ട്. ഇതിനു 10–15 ദിവസം മതിയാവും. യൂറോപ്പിലേക്കു കൂടുതൽ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതു നേന്ത്രക്കായ് കർഷകർക്കു വിദേശ മലയാളികൾക്കും ഗുണകരമാണെന്നും വിഎഫ്പിസികെ സിഇഒ വി. ശിവരാമകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com