ഒരു ബോണ്ടിന്റെ പലിശ നൽകും; തൽക്കാലം തലയൂരി എവർഗ്രാൻഡെ
Mail This Article
തകർച്ചയുടെ വക്കത്തു നിന്ന ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെയ്ക്ക് താൽക്കാലിക ആശ്വാസം. ചൈനയിൽ വിപണനം ചെയ്ത ബോണ്ടിന്റെ വാർഷിക പലിശ തുകയായ 23.2 കോടി യുവാൻ (260 കോടി രൂപ) ഇന്ന് അടയ്ക്കുമെന്ന് കമ്പനി ആസ്ഥാനത്തു നിന്ന് അറിയിച്ചു. എന്നാൽ വിദേശത്തു വിപണനം ചെയ്ത ബോണ്ടിന്റെ വാർഷിക പലിശയായ 8.3 കോടി ഡോളർ (635 കോടി രൂപ) ഇന്നു നൽകുമോ, ഇല്ലയോ എന്നറിയിച്ചിട്ടില്ല.
വിദേശ ബോണ്ടിലും പണം അടയ്ക്കേണ്ടത് ഇന്നാണെങ്കിലും 30 ദിവസത്തെ സാവകാശമുള്ളതിനാൽ ഉടൻ ‘ഡിഫോൾട്ടർ’ആവേണ്ടതില്ല. അതിനാൽ പെട്ടെന്ന് ചീട്ട്കൊട്ടാരം പോലെ എവർഗ്രാൻഡെ തകർന്നടിയുമെന്നു പ്രതീക്ഷിക്കുന്നില്ല. അതേ സമയം 29ന് 4.7 കോടി ഡോളറിന്റെ (350 കോടി രൂപ) മറ്റൊരു തിരിച്ചടവു കൂടി വരുന്നുമുണ്ട്. ചൈനീസ് ഓഹരി വിപണിയിൽ ഇന്നലെ ഇടിവുണ്ടായെങ്കിലും റിയൽ എസ്റ്റേറ്റ് സൂചിക 3% വർധന രേഖപ്പെടുത്തി.
ബാങ്കിങ് ഓഹരികൾക്ക് 3% ഇടിവുമുണ്ടായി. എവർഗ്രാൻഡെ പൊളിഞ്ഞാൽ കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കമ്പനികളെയെല്ലാം അതു ബാധിക്കും. ചൈനീസ് കമ്മോഡിറ്റി വിപണി ആഗോള വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തകർച്ച മറ്റൊരു പകർച്ചവ്യാധിയായി മാറുമെന്നു ഭയപ്പെട്ടിരുന്നു. വമ്പൻ ചൈനീസ് കമ്പനി പൊട്ടിയാലും അതിന്റെ ആഘാത തരംഗങ്ങൾ തങ്ങളുടെ സമ്പദ് വ്യവസ്ഥകളെ ബാധിക്കാതിരിക്കാനായി ലോകരാജ്യങ്ങളിലെ വിപണി റഗുലേറ്റർമാരും കേന്ദ്ര ബാങ്കുകളും വിലയിരുത്തലും മുൻകരുതൽ നടപടികളും നടത്തുന്നുണ്ട്.