സിഎൻജി വില: വൻ വർധനയ്ക്ക് സാധ്യത

Mail This Article
കൊച്ചി ∙ പെട്രോൾ – ഡീസൽ വില ആകാശം മുട്ടെ ഉയർന്നപ്പോൾ വാഹന ഉടമകൾക്ക് ആശ്വാസമായിരുന്ന സിഎൻജിക്കും (സമ്മർദിത പ്രകൃതിവാതകം) വിലയേറുന്നു. ഒരു വർഷത്തിനിടെ, വില വർധിച്ചത് 5 തവണ. കിലോഗ്രാമിന് ഏകദേശം 18 രൂപയാണു കേരളത്തിൽ വർധിച്ചത്. കൊച്ചിയിൽ ഒരു കിലോഗ്രാം സിഎൻജിക്ക് 71 രൂപയാണ്. തൃശൂരും പാലക്കാടും 73 രൂപ. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, മാഹി മേഖലകളിൽ 75 രൂപയും. രാജ്യത്തെ വിവിധ നഗരങ്ങളിലും സമാന രീതിയിൽ വില വർധിച്ചിട്ടുണ്ട്.
മുംബൈയിൽ 66 രൂപയും ഡൽഹിയിൽ 57 രൂപയുമാണു വില. കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ കഴിഞ്ഞ വർഷം മധ്യത്തോടെ ആഗോളതലത്തിൽ വ്യവസായ മേഖല സജീവമായിരുന്നു. അതോടെ, പ്രകൃതി വാതക ഉപയോഗം ഗണ്യമായി വർധിച്ചു. ലഭ്യത പക്ഷേ, കുറഞ്ഞു. അതോടെ വില ഉയർന്നു തുടങ്ങി. റഷ്യ – യുക്രെയ്ൻ യുദ്ധം കൂടി പൊട്ടിപ്പുറപ്പെട്ടതോടെ ആഗോളതലത്തിൽ വില ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇന്ത്യയ്ക്ക് ആവശ്യമുള്ള പ്രകൃതിവാതകത്തിന്റെ ഗണ്യമായ പങ്കും ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാതകത്തിന്റെ വില കേന്ദ്ര സർക്കാർ ഏപ്രിലിൽ പുതുക്കി നിശ്ചയിക്കാനിരിക്കെ, സിഎൻജി വില ഇനിയും ഗണ്യമായി ഉയരുമെന്നാണ് ആശങ്ക. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലാണ് ആഭ്യന്തര വാതക വില പുതുക്കുന്നത്. ഒരു മില്യൻ മെട്രിക് ബ്രിട്ടിഷ് തെർമൽ യൂണിറ്റ് (എംഎംബിടിയു) വാതകത്തിന്റെ ആഭ്യന്തര വില നിലവിൽ 2.9 ഡോളറാണ്. ഇതു ചുരുങ്ങിയത് 6 ഡോളറായി ഉയരുമെന്നാണു വിലയിരുത്തൽ. ആഭ്യന്തര വില ഒരു ഡോളർ വർധിച്ചാൽ സിഎൻജി വില കിലോഗ്രാമിന് 5 രൂപയെങ്കിലും കൂടുമെന്നാണു വിലയിരുത്തൽ.
Content highlights: CNG Price