രൂപ മുഖ്യം!

Mail This Article
ന്യൂഡൽഹി∙ രാജ്യാന്തര വ്യാപാരം ഇന്ത്യൻ രൂപയിൽ തന്നെ നടത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരുന്ന സംവിധാനം ഡോളർ ആശ്രയത്വം കുറയ്ക്കുകയും രൂപയെ ശക്തിപ്പെടുത്തുകയും ചെയ്യും. രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ നിർണായക നടപടി. നിലവിൽ ആർബിഐയുടെ ചട്ടം അനുസരിച്ച് നേപ്പാൾ, ഭൂട്ടാൻ ഒഴികെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം ഡോളർ, സ്റ്റെർലിങ് പൗണ്ട്, യൂറോ, യെൻ തുടങ്ങിയ കറൻസികളിലായിരിക്കണം. പുതിയ തീരുമാനമനുസരിച്ച് ഇറക്കുമതിയും കയറ്റുമതിയും നടത്തുന്നവർക്ക് രൂപയിൽ തന്നെ വ്യാപാരം നടത്താം.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ യുഎസും യൂറോപ്പുമടക്കം ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. റഷ്യയുമായുള്ള വ്യാപാരം മെച്ചപ്പെടുത്താൻ ഡോളറിനു പകരം രൂപയിലുള്ള ഇടപാട് പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. ഡോളർ ഉപേക്ഷിച്ചുള്ള ഇടപാടുകൾ വർധിക്കുന്നതു വഴി രൂപയുടെ മൂല്യം വർധിക്കുമെന്നുമാണ് കണക്കുകൂട്ടൽ.രൂപ വഴി ഇടപാടുകൾ നടത്തുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലകിട്ടാതെ രൂപ
മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് വീണ്ടും സർവകാല ഇടിവ്. 14 പൈസ ഇടിഞ്ഞ് 79.59 നിലവാരത്തിലെത്തി. വ്യാപാരത്തിനിടെ 79.66 വരെ എത്തിയിരുന്നു. നാലു ദിവസമായി രൂപയുടെ തകർച്ച തുടരുകയാണ്. സാമ്പത്തിക മാന്ദ്യഭീതി, വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത്, ഉയർന്ന നാണ്യപ്പെരുപ്പം എന്നിവയാണ് ഡോളറിന് കരുത്തുപകരുന്നത്.
Content Highlights: Indian Rupee