ആകാശ എയർ ആദ്യ സർവീസ് ഏഴിന്

Mail This Article
ന്യൂഡൽഹി∙ ശതകോടീശ്വരനായ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല മുഖ്യ ഓഹരിയുടമയായ ‘ആകാശ എയർ’ വിമാനക്കമ്പനിയുടെ ആദ്യ സർവീസുകൾ അഹമ്മദാബാദ്– മുംബൈ റൂട്ടിലും കൊച്ചി–ബെംഗളൂരു റൂട്ടിലും.ഓഗസ്റ്റ് 7ന് അഹമ്മദാബാദ്– മുംബൈ റൂട്ടിലും 12ന് കൊച്ചി–ബെംഗളൂരു റൂട്ടിലും സർവീസ് ആരംഭിക്കും.ബുക്കിങ് ആരംഭിച്ചു. 2 റൂട്ടുകളിലും 28 സർവീസുകൾ വീതം ഒരാഴ്ചയിലുണ്ടാകും.
2 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുക. വൈകാതെ റൂട്ടുകളും സർവീസുകളും വർധിപ്പിക്കും. 72 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ആകാശ എയർ ഓർഡർ ചെയ്തിരിക്കുന്നത്. ഇതിൽ 18 എണ്ണം ഈ വർഷം സർവീസ് ആരംഭിച്ചേക്കും. കൊച്ചി–ബെംഗളൂരു സർവീസ് ഓഗസ്റ്റ് 13ന് പൂർണതോതിൽ ആരംഭിക്കും. അഹമ്മദാബാദ്– മുബൈ നിരക്ക് 3,945 രൂപയാണ്. ആകാശയുടെ ടിക്കറ്റ് നിരക്ക് ഇൻഡിഗോ, എയർഏഷ്യ ഇന്ത്യ, ഗോഎയർ എന്നീ ബജറ്റ് എയർലൈനുകളുടെ നിലവാരത്തിലാണ്. ബുക്കിങ്ങിന്: www.akasaair.com
കൊച്ചി– ബെംഗളൂരു റൂട്ടിലെ പ്രതിദിന സർവീസ് (ആദ്യ ദിവസങ്ങളിലെ മിനിമം നിരക്ക്)
∙ കൊച്ചി (രാവിലെ 9.05)–ബെംഗളൂരു 3,282 രൂപ
∙ കൊച്ചി (ഉച്ചയ്ക്ക് 1.10)–ബെംഗളൂരു 3,282 രൂപ
∙ ബെംഗളൂരു (രാവിലെ 7.15)–കൊച്ചി 3,483 രൂപ
∙ ബെംഗളൂരു (രാവിലെ 11)–കൊച്ചി 3,483 രൂപ