ക്വിക് ബിരിയാണി പായ്ക്കറ്റുകൾ

Mail This Article
ഇന്നത്തെ തലമുറയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണു ബിരിയാണി. വളരെ പെട്ടെന്നു ബിരിയാണി പാകം ചെയ്തു കഴിക്കാവുന്ന തരത്തിൽ പായ്ക്കറ്റുകൾ തയാറാക്കി വിൽക്കാം. റെഡി ടു കുക്ക് ബിരിയാണി പായ്ക്കറ്റുകൾക്കു വലിയ സാധ്യതയുണ്ട്. ബിരിയാണി അരിക്കു പുറമെ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉണക്കിപ്പൊടിച്ചു മിക്സ് ചെയ്ത് ഇത്തരം പായ്ക്കറ്റുകൾ തയാറാക്കാം. 15 മിനിറ്റ് കൊണ്ടു ബിരിയാണി തയാറാക്കി കഴിക്കാൻ കഴിയും. ഇത്തരം ബിസിനസുകൾ വീട്ടിൽ തന്നെ പ്ലാൻ ചെയ്യാം. കാര്യമായ നിക്ഷേപം ഒന്നും ഇല്ലാതെ ബിസിനസിലേക്കു വരാം. വീട്ടമ്മമാർക്കും ശോഭിക്കാം.
നിർമാണ രീതി
ജീരകശാല, ബസ്മതി അരികൾ മികച്ച ഗുണനിലവാരമുള്ളവ പൊതുവിപണിയിൽ നിന്നും ശേഖരിക്കുക. മില്ലുകളിൽ നിന്നു നേരിട്ടു സംഭരിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ചു ക്ലീനിങ് ആവശ്യമില്ലാത്ത മികച്ച പായ്ക്കറ്റിലുള്ള ബ്രാൻഡഡ് അരികൾ ഇപ്പോൾ ലഭ്യമാണ്.സാധാരണ ബിരിയാണികളിൽ ചേർക്കുന്ന പച്ചക്കറികൾ കാരറ്റ്, മല്ലിയില, പുതിന, ഇഞ്ചി, തക്കാളി, സവാള, കറിവേപ്പില തുടങ്ങിയ ആവശ്യമായ ചേരുവകൾ (സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ) ഉണക്കിപ്പൊടിച്ച് പ്രത്യേകം പായ്ക്ക് ചെയ്യുക.
അരിയുടെ പായ്ക്കറ്റും ചേരുവകളുടെ പായ്ക്കറ്റും ഒരൊറ്റ ബോക്സിൽ ചേർത്ത് പായ്ക്ക് ചെയ്യുക. തൂക്കിപ്പിടിക്കാവുന്ന ആകർഷകമായ കാർട്ടൺ ബോക്സുകളാണ് ഇതിന് ഉപയോഗിക്കേണ്ടത്.പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ഉണക്കാനും പൊടിക്കാനും മെഷിനറികൾ ആവശ്യമാണ്. ഒരു കുടുംബ ബിസിനസ് എന്ന നിലയിൽ ചെയ്യാൻ ആഗ്രഹിക്കുമ്പോൾ തുടക്കത്തിൽ ഇത്തരം നിക്ഷേപം നടത്തേണ്ടതില്ല. പകരം തൊട്ടടുത്ത ഉണക്കിപ്പൊടിക്കുന്ന മില്ലുകളുടെ സേവനം ഉപയോഗപ്പെടുത്തിയാൽ മതി.ഡാൽഡ, നെയ്യ് എന്നിവ ചേർക്കുന്നില്ല, മാംസം ആവശ്യമെങ്കിൽ പ്രത്യേകം ചേർക്കേണ്ടതായി വരും.
English Summary: Ready to cook biriyani packets