സ്വർണ വില 42,000 കടക്കാൻ സാധ്യത
Mail This Article
കണ്ണൂർ∙ സംസ്ഥാനത്ത് സ്വർണവില പവന് 41,000 രൂപയിലേക്ക്. രാജ്യാന്തര വിപണിയിൽ വില കുതിക്കുന്നതിനാൽ വരുംദിവസങ്ങളിൽ കേരളത്തിലും വില ഉയർന്നേക്കും. രാജ്യാന്തരതലത്തിൽ ഡിമാൻഡ് വീണ്ടും ഉയർന്നാൽ കേരളത്തിൽ വില റെക്കോർഡ് മറികടന്നു മുന്നേറാനും സാധ്യതയുണ്ട്. പവന് 42000 രൂപയാണ് സംസ്ഥാനത്തെ റെക്കോർഡ്. ദേശീയ ബുള്യൻ വിപണിയിൽ സ്വർണവില 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ആഗോള സാമ്പത്തികമാന്ദ്യ ആശങ്കകളും ചൈനയിൽ നിന്നുള്ള ഡിമാൻഡ് സാവധാനം ഉയരുന്നതും പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്നതുമാണ് സ്വർണവില കൂടാൻ കാരണം.
2000 ഡോളർ വില വന്നാൽ?
രാജ്യാന്തര വിപണിയിൽ ഏതാനും ദിവസങ്ങളായി സ്വർണവില ഉയരുകയാണ്. ദിവസങ്ങൾക്കുള്ളിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 2000 ഡോളർ കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സുരക്ഷിത നിക്ഷേപമായിക്കണ്ട് വൻകിട നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുകയാണ്. 1850 ഡോളറെന്ന നിർണായക നിലവാരം മറികടന്നതിനാൽ വില ഉയരാനുള്ള സാധ്യതകൾ സാങ്കേതികമായും നിലനിൽക്കുന്നുണ്ട്.
ഇന്നലെ രാജ്യാന്തര വിപണിയിൽ വില 1860 ഡോളറിന്റെ മുകളിലെത്തി. 25 ഡോളറാണ് ഇന്നലെ ഉയർന്നത്. രാജ്യാന്തര വിപണിയിലെ ഈ ട്രെൻഡ് തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വില റെക്കോർഡ് മറികടന്നേക്കും. ബുള്യൻ വിപണിയിൽ 10ഗ്രാം തങ്കത്തിന്റെ വില ഇന്നലെ 56,000 രൂപയ്ക്കടുത്തെത്തി. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇവിടെ സ്വർണവില നിശ്ചയിക്കുന്നത്.
രൂപയുടെ മൂല്യത്തിൽ ഇനിയും ഇടിവു സംഭവിച്ചാൽ സ്വർണവിലയിൽ വലിയതോതിലുള്ള വർധനയുണ്ടാകും. രൂപയുടെ മൂല്യം മെച്ചപ്പെട്ടാൽ ആനുപാതികമായ കുറവും വിലയിലുണ്ടാകും. നിലവിൽ ഡോളറിനെതിരെ 82.80 ആണ് രൂപയുടെ മൂല്യം. മുൻപ് രാജ്യാന്തര വിപണിയിൽ 2000 ഡോളർ പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് വില റെക്കോർഡ് ഉയരത്തിലെത്തിയത്. എന്നാൽ രൂപയുടെ മൂല്യം വലിയതോതിൽ ഇിഞ്ഞതിനാൽ രാജ്യാന്തര വില 1900 ഡോളർ എത്തുമ്പോൾതന്നെ കേരളത്തിൽ റെക്കോർഡ് മറികടന്നേക്കും.
കച്ചവടം കുറഞ്ഞു
സ്വർണവില പവന് 40,880 രൂപയായി ഉയർന്നതോടെ കച്ചവടത്തിൽ വലിയ കുറവു വന്നതായി വ്യാപാരികൾ പറഞ്ഞു. വിവാഹാവശ്യങ്ങൾക്കുള്ള വാങ്ങലുകൾ മാത്രമാണ് കാര്യമായി നടക്കുന്നത്. അതേസമയം വില ഉയർന്നതോടെ സ്വർണം വിൽക്കാനെത്തുന്ന ഉപയോക്താക്കളുടെ എണ്ണം ഉയർന്നു.