ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യ റീട്ടെയ്‌ൽ ഷോറൂം മുംബൈയിൽ തുറന്ന് ടിം കുക്ക്
Mail This Article
മുംബൈ ∙ ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഒൗദ്യോഗിക റീട്ടെയ്‌ൽ ഷോറും മുംബൈയിൽ തുറന്നു. ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ടിം കുക്ക് ആണ് ബാന്ദ്ര–കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലുള്ള ഇരുനില ഷോറൂമിന്റെ വാതിൽ തുറന്നത്. മറ്റു ചടങ്ങുകൾ ഒന്നുമുണ്ടായില്ല. സീനിയർ വൈസ് പ്രസിഡന്റ് ഡിയഡ്രെ ഒബ്രിയൻപങ്കെടുത്തു. ജീവനക്കാർക്കും ഉപയോക്താക്കൾക്കുമൊപ്പം ഏറെ സമയം ചെലവഴിച്ച ടിം കുക്ക് അവർക്കൊപ്പം സെൽഫികളുമെടുത്തു.
രാവിലെ 11 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന മുംബൈ ഷോറൂമിൽ ഐഫോൺ, ഐപാഡ്, മാക് ബുക്, ആപ്പിൾ വാച്ച്, ടിവി എന്നിങ്ങനെ ആപ്പിളിന്റെ എല്ലാ ഉൽപന്നങ്ങളും അവയുടെ വിവിധ മോഡലുകളും ലഭിക്കും. ഇതോടുചേർന്ന് സർവീസ് സെന്ററുമുണ്ട്. തിങ്കളാഴ്ച മുംബൈയിലെത്തിയ ടിം കുക്ക് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി ചർച്ച നടത്തി. ബോളിവുഡ് താരം മാധുരി ദീക്ഷിതിനൊപ്പം മുംബൈയിൽ വടാ പാവിന്റെ രുചിയും ആസ്വദിച്ചു. ഇതിനു മുൻപ് 2016ൽ ആണ് ടിം കുക്ക് മുംബൈ സന്ദർശിച്ചത്. ആപ്പിളിന്റെ ഒൗദ്യോഗിക ഷോറൂം ഡൽഹിയിലെ സാകേതിൽ നാളെ തുറക്കും.