ADVERTISEMENT

ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യം ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അംഗീകരിച്ചു. കമ്പനി പാട്ടത്തിനെടുത്ത 26 വിമാനങ്ങൾ കൈവിട്ടു പോകാതിരിക്കാൻ മൊറട്ടോറിയവും അനുവദിച്ചു. 

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കമ്പനിയെ കരകയറ്റുന്നതിനുള്ള നടപടികൾക്കു തുടക്കമിടാൻ നിർദേശിച്ച ട്രൈബ്യൂണൽ, അതിനു മേൽനോട്ടം വഹിക്കാൻ സ്വകാര്യ ബിസിനസ് കൺസൽറ്റൻസി സ്ഥാപനമായ അൽവാരെസ് ആൻഡ് മർസലിലെ അഭിലാഷ് ലാലിനെ നിയോഗിച്ചു. കമ്പനിയുടെ നടത്തിപ്പിന്റെ താൽക്കാലിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും. കമ്പനിയുടെ അടിയന്തര ചെലവുകൾക്കായി ഡയറക്ടർ ബോർഡ് 5 കോടി രൂപ കെട്ടിവയ്ക്കണം. കമ്പനി പ്രവർത്തനം നിർത്തരുതെന്നും ഒരാളെ പോലും പിരിച്ചുവിടരുതെന്നും ജസ്റ്റിസ് രാമലിംഗം സുധാകർ അധ്യക്ഷനായ ട്രൈബ്യൂണൽ വ്യക്തമാക്കി.

അതിവേഗം നടപടികൾ പൂർത്തിയാക്കി മൊറട്ടോറിയം അനുവദിച്ചത് ചരിത്രപരമായ നടപടിയാണെന്നും വിമാന കമ്പനി പ്രവർത്തനക്ഷമമായി നിലനിൽക്കാൻ ഇതു വഴിയൊരുക്കുമെന്നും ഗോ ഫസ്റ്റ് സിഇഒ കൗശിക് ഖോന പറഞ്ഞു. ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ, വിമാന സർവീസ് എത്രയും വേഗം പുനഃരാരംഭിക്കാനുള്ള ശ്രമത്തിലാണു കമ്പനി. മൊറട്ടോറിയം അനുവദിച്ചതിനാൽ വിമാനങ്ങൾ കൈവശം വയ്ക്കാൻ ഗോ ഫസ്റ്റിനു സാധിക്കും. 19 വരെ എല്ലാ സർവീസുകളും കമ്പനി നിർത്തിവച്ചിട്ടുണ്ട്.

യുഎസ് കമ്പനിയായ ‘പ്രാറ്റ് ആൻഡ് വിറ്റ്നി’ നിർമിച്ച എൻജിനുകളിലെ തകരാർ മൂലം തങ്ങളുടെ വിമാനങ്ങൾ പറത്താൻ കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്കു വഴിവച്ചതെന്നു ട്രൈബ്യൂണലിൽ കമ്പനി ചൂണ്ടിക്കാട്ടി. ഇതുവഴി 10,800 കോടി രൂപയുടെ നഷ്ടമുണ്ടായി. കടബാധ്യതയിൽ 19,980 കോടി രൂപ ഇതുവരെ തിരിച്ചടച്ചു.

ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, വിമാനം പാട്ടത്തിനു നൽകിയ സ്ഥാപനങ്ങൾ എന്നിവയ്ക്കായി 11,463 കോടി രൂപയാണ് ഇനി നൽകാനുള്ളത്. പാട്ടത്തിനു നൽകിയവർ വിമാനങ്ങൾ പിടിച്ചെടുത്താൽ കമ്പനിയുടെ പ്രവർത്തനം അവതാളത്തിലാകുമെന്ന് ഗോ ഫസ്റ്റിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ പറഞ്ഞു. പാട്ടത്തിനു നൽകിയവർ വിമാനം തിരിച്ചുപിടിക്കാൻ അനുമതി തേടി കഴിഞ്ഞ ദിവസം വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെ (ഡിജിസിഎ) സമീപിച്ചിരുന്നു. വിമാനം പാട്ടത്തിനു നൽകിയ സ്ഥാപനങ്ങളിലൊന്നായ എസ്എംബിസി ഏവിയേഷൻ ക്യാപ്പിറ്റൽ ട്രൈബ്യൂണൽ വിധിക്കെതിരെ ഇന്നലെ അപ്പീൽ നൽകി.

ദുബായ് സർവീസ്  ഈ മാസം അവസാനം

അബുദാബി∙ പ്രവാസികളുടെ ആശങ്കയ്ക്കു വിരാമമിട്ട് ഗോ ഫസ്റ്റ് സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം അവസാന വാരത്തിൽ സേവനം വീണ്ടും തുടങ്ങുമെന്ന്എയർലൈനിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്നു ചേരുന്ന ഉന്നത യോഗത്തിൽ തീയതി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. പാപ്പരത്ത ഹർജിക്ക് അംഗീകാരം ലഭിച്ചതോടെയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com