ആശ്വാസം; മൊത്തവിപണിയിലെ വിലക്കയറ്റത്തോത് കുറഞ്ഞു
Mail This Article
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) 34 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ മൈനസ് 0.92 ആയി. ജൂൺ 2020നാണ് ഇതിന് മുൻപ് ഏറ്റവും കുറഞ്ഞ തോത് രേഖപ്പെടുത്തിയത് (–1.81). ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വില കുറഞ്ഞതാണു നിരക്കു കുറയാൻ ഇടയാക്കിയത്.കഴിഞ്ഞ വർഷം ഏപ്രിലിലെ വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി (15.38%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്ട്) ഇത്തവണത്തെ നിരക്കിൽ പ്രതിഫലിച്ചു.
കഴിഞ്ഞ 11 മാസമായി മൊത്തവിപണിയിലെ വിലക്കയറ്റത്തോതു കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിനു താഴെപ്പോകുമ്പോഴാണ് പണച്ചുരുക്കം (ഡിഫ്ലേഷൻ) എന്നു വിശേഷിപ്പിക്കുന്നത്.കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.
പലിശ വർധനയ്ക്ക് ഇടവേള ലഭിച്ചേക്കും
ചെറുകിട വിപണിയിലെ വിലക്കയറ്റവും കാര്യമായ തോതിൽ കുറയുന്നതിനാൽ റിസർവ് ബാങ്ക് പലിശനിരക്ക് വർധനയ്ക്ക് ഇടവേള നൽകുമെന്നുറപ്പായി. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 4.7 ശതമാനത്തിലേക്കും കുറഞ്ഞിട്ടുണ്ട്. ഇത് 4 ശതമാനത്തിലെത്തികുകയാണ് ആർബിഐയുടെ ലക്ഷ്യം. വിലക്കയറ്റത്തോതു കുറയുന്നതിനാലും അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകൾ പലിശ വർധനയുടെ തോതു കുറച്ചതിനാലും പലിശ ഇളവിനുള്ള സാധ്യതകളുമുണ്ട്.