പെട്ടെന്നു തലപൊക്കി 2000

Mail This Article
കൊച്ചി∙ ഫോണിലൂടെ ഡിജിറ്റൽ പണമിടപാട് മാത്രം നടത്തിയിരുന്നവർക്കു പെട്ടെന്നൊരു മനംമാറ്റം.. ബാറുകളിൽ, പെട്രോൾ പമ്പുകളിൽ, പലവ്യഞ്‍ജന കടകളിൽ... 2000 നോട്ടുകൾ പെട്ടെന്ന് തലപൊക്കി. ധൃതിപിടിച്ച് 2000 നോട്ട് ചെലവാക്കണമെന്നില്ല, മാറാൻ 3 മാസം സമയമുണ്ട് എന്ന അർഥത്തിൽ ചില പെട്രോൾ പമ്പുകളിൽ എസ്ബിഐയുടെ അറിയിപ്പും ഒട്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണക്കടകളിൽ 2 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്ക് സ്വർണാഭരണം വാങ്ങുന്നവരുടെ എണ്ണവും കൂടി. 2 ലക്ഷം വരെയുള്ള തുകയ്ക്കു വാങ്ങുമ്പോൾ പാൻ നമ്പറോ, ആധാർ നമ്പരോ വേണ്ടെന്നതാണു കാരണം. 4 പവൻ സ്വർണാഭരണം വാങ്ങിയാൽ പണിക്കൂലി ഉൾപ്പടെ രണ്ടായിരത്തിന്റെ ഏതാണ്ട് 100 നോട്ടുകൾ പോയിക്കിട്ടും.
നോട്ട് മാറ്റിയെടുക്കൽ ഔദ്യോഗികമായി ബാങ്കുകളിൽ ആരംഭിക്കുന്നത് ഇന്നാണെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച വാർത്ത വന്നതിന്റെ പിറ്റേന്നു തന്നെ ബാങ്കുകളിൽ 2000 നോട്ട് നിക്ഷേപിക്കാൻ ആരംഭിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ കയ്യിലുണ്ടായിരുന്ന 2000 നോട്ടുകളും വ്യാപാരികൾക്കു കലക്‌ഷനായി ലഭിച്ച നോട്ടുകളും ഇങ്ങനെ അക്കൗണ്ടിൽ നിക്ഷേപിച്ചു. എസ്ബിഐ ഏറെക്കാലമായി എടിഎമ്മുകളിൽ 2000 നോട്ട് ലോഡ് ചെയ്തിരുന്നില്ല. പക്ഷേ മറ്റു ചില ബാങ്കുകളിൽ നിന്നു പണം എടിഎമ്മിലൂടെ പിൻവലിക്കുമ്പോൾ മുഷിഞ്ഞ 2000 നോട്ടുകൾ കിട്ടിയിരുന്നു.
സർക്കാർ മദ്യ ഷാപ്പുകളിൽ 2000 നോട്ട് എടുക്കരുതെന്ന് സർക്കുലർ ഇറക്കിയിരുന്നു. പക്ഷേ, ബാറുകളിൽ നോട്ടിന്റെ വരവ് രണ്ടും മൂന്നും ഇരട്ടിയായി. പോകാനിറങ്ങും മുൻപ് ഗൂഗിൾ പേ നടത്തി മൊബൈൽഫോൺ പൊക്കി കാണിച്ചിരുന്നവർ ഇപ്പോൾ നോട്ട് കൊടുക്കുന്നു. ലക്ഷങ്ങളുടെ കലക്‌ഷനുള്ള പെട്രോൾ പമ്പുകളിലും ഇതേ സ്ഥിതി.
ദിവസച്ചിട്ടി ഉൾപ്പടെ ചിട്ടികളിൽ 2000 നോട്ടിന്റെ വരവു കൂടിയെന്നാണ് ചിട്ടിക്കമ്പനിക്കാരുടെ അനുഭവം. വെള്ളപ്പണവും പാത്തുവച്ചിരുന്ന കറുത്ത പണവും 2000 നോട്ടുകളായിട്ടിരുന്നത് ഇങ്ങനെ പല വഴികളിലൂടെ പുറത്തു വരികയാണ്. ഇന്നു മുതൽ ബാങ്കുകളിൽ മാറാം. ക്യൂ നിന്ന് 10 നോട്ട് മാറിയിട്ട് വീണ്ടും ക്യൂ നിന്ന് അടുത്ത 10 നോട്ട് മാറിയാലും പ്രശ്നമില്ലെന്ന അറിയിപ്പുമുണ്ട്. 3 മാസവുമുള്ളതിനാൽ ഭീതി വേണ്ട കരുതൽ മതി...