ADVERTISEMENT

ലക്ഷ്യമിട്ടതു റെക്കോർഡ്. പക്ഷേ കുതിപ്പിനിടയിൽ കിതച്ചുപോയതിനാൽ ലക്ഷ്യത്തിലെത്താനായില്ല. കഴിഞ്ഞ ആഴ്‌ച ഓഹരി വിപണിയിൽ സംഭവിച്ചത് ഇതാണ്. സമാഹരിക്കപ്പെട്ട ആവേശം മുഴുവൻ റിസർവ് ബാങ്കിനു പണയപ്പെടുത്തേണ്ടിവന്നതാണു വീഴ്‌ചയ്‌ക്കു കാരണം.ഇന്നു വ്യാപാരം പുനരാരംഭിക്കുന്നതു റെക്കോർഡിലേക്കു കുതിക്കാനുള്ള ആഗ്രഹത്തോടെയാകുമെങ്കിലും വിപണിക്ക് ആവേശം വീണ്ടെടുക്കാനാകുന്ന ആഴ്‌ചയായിരിക്കുമോ ഇത് എന്ന കാര്യത്തിൽ ഉറപ്പില്ല. കാരണങ്ങൾ പലതാണ്:

പണപ്പെരുപ്പ നിരക്ക് ഇന്ന് അറിയാം

ഉപഭോക്‌തൃ വില സൂചികയെ ആസ്‌പദമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ ഇന്നു പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ നിരക്ക് ആർബിഐയുടെ പ്രതീക്ഷകളോടു പൊരുത്തപ്പെടുന്നതായിരിക്കുമോ എന്നു നിശ്‌ചയമില്ല. പൊരുത്തപ്പെടുന്നതല്ലെങ്കിൽ അതിന്റെ നിരാശ വിപണിയിൽ പ്രതിഫലിക്കും.

ഫെഡ്, ഇസിബി നിരക്കുകൾ

യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ സമിതി പലിശ നിരക്കുകളുടെ കാര്യത്തിൽ ഈ ആഴ്‌ച കൈക്കൊള്ളുന്ന തീരുമാനവും വിപണിയുടെ ഗതിയെ സ്വാധീനിക്കും. തുടർച്ചയായി 10 തവണ നിരക്കുവർധന പ്രഖ്യാപിച്ച ഫെഡ്റിസർവ് ഇത്തവണ നിലവിലെ സ്‌ഥിതി തുടരാനായിരിക്കും തീരുമാനിക്കുക എന്നാണു പൊതുവായ അനുമാനം. വർധന തുടരാനാണു തീരുമാനമെങ്കിൽ ഓഹരി വിപണികളിൽ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടും. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ഇസിബി) വായ്‌പ നയവും ഈ ആഴ്‌ച പ്രഖ്യാപിക്കുന്നുണ്ട്. അതും വിപണി ഉറ്റുനോക്കുന്നു.

കാലവർഷത്തിന്റെ കണക്ക്

തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ വരുംദിവസങ്ങളിലെ തോതും വിപണിയെ ഗണ്യമായി സ്വാധീനിക്കും. മഴയുടെ അളവും വ്യാപനവും മെച്ചപ്പെട്ടാൽ കാർഷികോൽപാദനവുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിൽ പ്രസരിപ്പു പ്രതീക്ഷിക്കാം.

എഫ്‌ഐഐ നിക്ഷേപം നിർണായകം

വിദേശ ധനസ്‌ഥാപനങ്ങളിൽനിന്നുള്ള  (എഫ്‌ഐഐ) പണപ്രവാഹത്തിന്റെ തോതും വിപണിക്കു നിർണായകമാണ്. പിന്നിട്ട ഏതാനും ആഴ്‌ചകളിലെപ്പോലെ വിദേശ നിക്ഷേപം തുടരുമെന്ന പ്രതീക്ഷയാണു വിപണിയിലുള്ളത്.

പിന്തുണ, പ്രതിരോധം: രണ്ടും ശക്‌തം

കഴിഞ്ഞ ആഴ്‌ചയിലെ ഇടിവിന്റെ ഫലമായി ഓഹരി വില സൂചികകൾക്കു റെക്കോർഡ് നിലവാരത്തിലേക്കുള്ള ദൂരം കൂടിയിട്ടുണ്ട്. എങ്കിലും റെക്കോർഡ് നിലവാരത്തിലേക്കു കയ്യെത്തിപ്പിടിക്കാവുന്നത്ര അകലമേയുള്ളൂ. സെൻസെക്‌സിനു സർവകാല ഔന്നത്യത്തിലെത്താൻ ഒരു ശതമാനം വർധനയേ വേണ്ടൂ. നിഫ്‌റ്റിക്കാകട്ടെ 1.3% കൂടി ഉയർന്നാൽ റെക്കോർഡിലെത്താം.

നിഫ്‌റ്റി 18,563.40 പോയിന്റിലാണു ക്ലോസ് ചെയ്‌തിട്ടുള്ളത്. ആശങ്കകളുടെയും ലാഭമെടുപ്പിന്റെയുമൊക്കെ ഫലമായി കൂടുതൽ ഇടിവുണ്ടായാലും 18,450 – 18,400 നിലവാരത്തിനു താഴേക്കു പോകില്ലെന്ന് ഉറപ്പിക്കാം. കാരണം ആ നിലവാരത്തിലെ പിന്തുണ വളരെ ശക്‌തമാണ്. അതേസമയം, വിപണിക്ക് ആവേശം വീണ്ടെടുക്കാനായാൽ 18,700 – 18,800 നിലവാരം അപ്രാപ്യമായിരിക്കുകയില്ലെന്നാണ് അടിയൊഴുക്കുകളിൽനിന്നു ബോധ്യപ്പെടുന്നത്. ആ നിലവാരത്തിൽ പ്രതിരോധവും വളരെ ശക്‌തമായിരിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com