ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്ത് നാഫെഡിനുവേണ്ടിയുള്ള പച്ചത്തേങ്ങസംഭരണം പൂർണതോതിൽ ആരംഭിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) നേതൃത്വത്തിൽ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിലൂടെ കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരിച്ചു സ്വകാര്യ ഏജൻസികൾ വഴി കൊപ്രയാക്കി മാറ്റിയാകും നാഫെഡിനു കൈമാറുക. സംഭരിക്കുന്ന പച്ചത്തേങ്ങ സ്വാശ്രയ കർഷക വിപണികളിൽനിന്നു വാങ്ങി 15 ദിവസത്തിനകം കൊപ്രയാക്കി തിരിച്ച് വിഎഫ്പിസികെയ്ക്കു കൈമാറുന്നത് 2 സ്വകാര്യ ഏജൻസികളാണ്. വിഎഫ്പിസികെ  ഈ കൊപ്ര നാഫെഡിനു കൈമാറും.

കൊപ്ര ലഭിച്ചാൽ ഒരാഴ്ചയ്ക്കകം നാഫെഡ് പണം വിഎഫ്പിസികെയ്ക്കു നൽകും. ഒരു കിലോഗ്രാം കൊപ്രയ്ക്ക് 108.60 രൂപയാണ് നാഫെഡ് നൽകുക. ഇതനുസരിച്ച് പച്ചത്തേങ്ങയ്ക്ക് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 34 രൂപ കർഷകർക്കു ലഭിക്കില്ല. കേന്ദ്രം നിശ്ചയിച്ച ആനുപാതിക തുക 29.33 രൂപയാണ്. പ്രഖ്യാപിച്ച താങ്ങുവിലയായ 34 രൂപ കർഷകനു കിട്ടാൻ ഓരോ കിലോ തേങ്ങയ്ക്കും ബാക്കി 4.67 രൂപ കർഷകർക്ക് സംസ്ഥാന സർക്കാർ നൽകും. ഇതു രണ്ടും രണ്ടായിട്ടാകും കർഷകരുടെ അക്കൗണ്ടിലെത്തുക. ഓരോ കിലോ പച്ചത്തേങ്ങ കൊപ്രയാക്കാൻ 1.70 രൂപയാണ് ചെലവു വരുന്നത്. ഇതു സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.  ആഴ്ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് തേങ്ങ സംഭരിക്കുന്നത്.

2 മാസം വൈകി

ജൂലൈ മുതൽ ഡിസംബർ വരെ 6 മാസത്തേക്കാണ് കേന്ദ്രസർക്കാർ അനുവദിച്ച താങ്ങുവില കൊപ്രയ്ക്ക് ലഭിക്കുക. എന്നാൽ കേരളത്തിൽ കൊപ്രസംഭരണം 2 മാസം വൈകിയതിനാൽ കർഷകർക്ക് 4 മാസത്തേക്കു മാത്രമായിരിക്കും ഈ താങ്ങുവിലയുടെ ആനുകൂല്യം ലഭിക്കുക. നഷ്ടപ്പെട്ട 2 മാസത്തെ ആനുകൂല്യം ലഭിക്കാൻ താങ്ങുവില കാലാവധി 2 മാസത്തേക്കുകൂടി ദീർഘിപ്പിക്കാൻ വിഎഫ്പിസികെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടേക്കും. 50,000 ടൺ കൊപ്ര സംഭരിക്കാനാണ് കേന്ദ്രം തയാറായിട്ടുള്ളത്. എന്നാൽ കേരളത്തിൽ നിന്ന് ഇത്രയും കൊപ്ര നാഫെഡിനു നൽകാൻ കഴിഞ്ഞേക്കില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

Content Highlight: Raw coconut procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com