വ്യവസായമാകും, വൈകില്ല: ടൂറിസത്തിന് മന്ത്രി റിയാസിന്റെ ഉറപ്പ്

Mail This Article
അടുത്ത വർഷത്തോടെ കേരളത്തിൽ ടൂറിസത്തിനു വ്യവസായപദവി കൈവരുമെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വ്യവസായ, ധനകാര്യ മന്ത്രിമാരുമായുള്ള ചർച്ച കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കാൻ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും ടൂറിസം വികസനത്തിനായി മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ‘മാറിയ കാലം, മാറണം ടൂറിസം’ ആശയക്കൂട്ടായ്മയിൽ മന്ത്രി പറഞ്ഞു.
ടൂറിസത്തെ 1986ൽ വ്യവസായമായി പ്രഖ്യാപിച്ചതാണെന്നു മന്ത്രി പറഞ്ഞു. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നതുപോലെ കടലാസിൽത്തന്നെ നിൽക്കുകയാണ് ആ പ്രഖ്യാപനം. ടൂറിസം വ്യവസായമാകുന്നതോടെ, വ്യവസായ സംരംഭങ്ങൾക്കു ലഭിക്കുന്ന തരത്തിലുള്ള സബ്സിഡികളും ഇൻസെന്റീവുകളും വായ്പകളുമെല്ലാം ടൂറിസം സംരംഭകർക്കും ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.
കേരള ടൂറിസത്തിന്റെ മാർക്കറ്റിങ് ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. പരമ്പരാഗത മാർക്കറ്റിങ് രീതി മാറ്റും. ഇത്തവണത്തെ ഓണാഘോഷം കേരള ടൂറിസത്തിന് തിരിച്ചുവരവായിരുന്നു. അടുത്ത ഓണാഘോഷത്തിന്റെ പ്രചാരണം യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ കാലേക്കൂട്ടി നടത്തും. വിദേശരാജ്യങ്ങളിലെ മലയാളികളെ അവിടെ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറ്റും. വയനാട് ടൂറിസത്തിനു വേണ്ടി ബെംഗളൂരു കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണമാണ് അവിടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചത്. അത്തരത്തിൽ ‘ഫോക്കസ്’ ചെയ്തുള്ള മാർക്കറ്റിങ് തന്ത്രങ്ങളാണ് ഉദ്ദേശിക്കുന്നത്.

ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും പുതിയതായി കണ്ടെത്താനുള്ള ഡെസ്റ്റിനേഷൻ ചാലഞ്ചിന്റെ ഭാഗമായി നൂറിലേറെ കേന്ദ്രങ്ങൾക്കാണ് ഈ വർഷം അനുമതി കൊടുക്കാൻ ഉദ്ദേശിക്കുന്നത്. ടൂറിസം കേന്ദ്രം വികസിപ്പിക്കാനുള്ള ചെലവിന്റെ 60% ടൂറിസം വകുപ്പും ബാക്കി തദ്ദേശസ്ഥാപനവുമാണു വഹിക്കുക. സ്വകാര്യ പങ്കാളിത്തത്തിനും അവസരമുണ്ട്. നിലവിലെ ടൂറിസം കേന്ദ്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവഗണിച്ചല്ല പുതിയതിലേക്കു പോകുന്നത്. കോവളം പോലെയുള്ള ചില രാജ്യാന്തര ടൂറിസം കേന്ദ്രങ്ങൾ 25 വർഷം മുൻപു നിന്നിടത്തുതന്നെ നിൽക്കുകയാണ്. ശുചിമുറി സൗകര്യങ്ങളുടെ പോലും കുറവുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു കോവളം വികസനത്തിനു തുടക്കമിടുകയാണ്. ഹോംസ്റ്റേകളെ സഹായിക്കാൻ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പ്രത്യേക ക്യാംപെയ്ൻ ഉദ്ദേശിക്കുന്നുണ്ട്. ‘വെൽനെസ് ടൂറിസ’ത്തിനായി കേരളത്തിലേക്ക് എത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് എന്തു ചെയ്യാനാകുമെന്നു പരിശോധിക്കും. ഹൗസ് ബോട്ടുകളുടെ ക്ലാസിഫിക്കേഷൻ പ്രക്രിയ ശക്തിപ്പെടുത്തും. ക്ലാസിഫൈഡ് ഹൗസ് ബോട്ടിലെ ജീവനക്കാർക്കു പരിശീലനം നൽകാനുള്ള ചെലവിന്റെ നിശ്ചിത ശതമാനം ടൂറിസം വകുപ്പ് വഹിക്കും.
ഒന്നാം തീയതി മദ്യം ലഭിക്കാത്തതിൽ വിദേശ വിനോദസഞ്ചാരികൾക്കു പരാതിയുള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മദ്യനയം ടൂറിസം വകുപ്പിന്റെ കയ്യിൽ ഒതുങ്ങുന്നതല്ല. ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നു സർക്കാർതലത്തിൽ ആലോചിക്കും. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ വികസിപ്പിക്കും. വാഗമൺ റോഡിന്റെ വികസനം അങ്ങേയറ്റം ശ്രദ്ധയോടെ നടത്തുകയാണ്. അവിടെ മഴയുടെ ആധിക്യം പണിയെ ബാധിക്കുന്നുണ്ട്.
ചാലിയാറിൽ സംഘടിപ്പിച്ച ചാംപ്യൻസ് ബോട്ട് ലീഗ് ആസ്വദിക്കാൻ ജനമൊഴുകിയെത്തി. ഒരു ജില്ലയിൽ ഒരു കേന്ദ്രമെന്ന നിലയിൽ ബോട്ട് ലീഗ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പാലങ്ങൾ മനോഹരമാക്കി ടൂറിസം കേന്ദ്രമാക്കാൻ ആലോചിക്കുന്നു. കൊല്ലം – ആലപ്പുഴ ജില്ലാ അതിർത്തിയിലെ വലിയഴീക്കൽ പാലവും കോഴിക്കോട് ബേപ്പൂരിലെ ഫറോക്ക് പാലവുമൊക്കെ സെൽഫി സ്പോട്ട് ആയി മാറിയിട്ടുണ്ട്. കൊച്ചി വെണ്ടുരുത്തി പാലത്തിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കും. ബീച്ചുകളിലെ തെരുവുനായശല്യം തടയാൻ അവിടെ തെരുവുനായ ഷെൽറ്ററുകൾ തുടങ്ങുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
വൃത്തിക്ക് മുൻഗണന
ടൂറിസം കേന്ദ്രങ്ങളിൽ വൃത്തിക്കു മുൻഗണന നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഗാന്ധിജയന്തിക്കും ടൂറിസം ദിനത്തിലും മാത്രം പോരാ ശുചീകരണം. കോളജുകളിലെ ടൂറിസം ക്ലബ്ബുകൾക്ക് സമയക്രമം നിശ്ചയിച്ചുനൽകി സമീപത്തെ ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കും. യുവജനക്ഷേമ ബോർഡ് പരിശീലിപ്പിക്കുന്ന ആയിരക്കണക്കിനു വൊളന്റിയർമാരെയും ഉപയോഗിക്കും. ടൂറിസം ക്ലബ് അംഗങ്ങളായ കുട്ടികളിൽ വിദേശഭാഷ പഠിക്കുന്നവരെ ട്രാവൽ ഗൈഡ് ആയും പ്രയോജനപ്പെടുത്തും.

മലബാറിന് പരിഗണന
മലബാറിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. കേരളത്തിലെത്തുന്ന വിദേശസഞ്ചാരികളിൽ 6% പേർ മാത്രമാണു തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിലെത്തുന്നത്. വടക്കൻ മലബാറിലാകട്ടെ ഇതു 4% ആണ്. ഈ സ്ഥിതി മാറ്റും. താമസസൗകര്യത്തിന്റെ കുറവു പരിഹരിക്കും. മരാമത്തു വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ച് 11 മാസമായപ്പോഴേക്കും 55,000 പേർ ബുക്ക് ചെയ്തു.
ചേർത്തല – കുമരകം റോഡ് മുഖം മിനുക്കും
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ കോട്ടയം – കുമരകം (ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെ) റോഡിന് 120 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. റോഡിന്റെ വർക്ക് ഫയൽ കിഫ്ബി പ്രവൃത്തികളുടെ നിർവഹണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പത്തനംതിട്ട, കോട്ടയം ഡിവിഷനിലേക്കു കഴിഞ്ഞ വർഷം കൈമാറി. നിലവിൽ 10–12 മീറ്റർ വീതിയുള്ള റോഡിന്റെ 10.823 കിലോമീറ്റർ ഭാഗം 13.60 മീറ്റർ വീതിയിലും പാടശേഖരം വരുന്ന രണ്ടര കിലോമീറ്റർ 13 മീറ്റർ വീതിയിലുമാണു വികസിപ്പിക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് കെആർഎഫ്ബിക്കു സമർപ്പിച്ചിട്ടുണ്ട്.
സെമിനാറിൽ ഉയർന്നുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും
സ്വകാര്യ മേഖലയ്ക്ക് ഉത്തരവാദിത്തമേറെ
മോഡറേറ്റർ ടി.ബാലകൃഷ്ണൻ (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി)
∙ ഇന്ത്യയിൽ ആദ്യം ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. 1986ൽ നടന്ന ആ പ്രഖ്യാപനത്തിന് അർഹിക്കുന്ന ഫോളോഅപ് ഉണ്ടായില്ല.
∙ സർക്കാരിനു ടൂറിസം മേഖലയെ സഹായിക്കുന്നതിനു പരിധിയുണ്ട്. എല്ലാക്കാലത്തും എല്ലാ ഇനം ടൂറിസത്തിനും ഉയർന്ന അളവിൽ പ്രോത്സാഹനം നൽകാനാകില്ല. ഒരു മേഖല ശക്തമായിക്കഴിഞ്ഞാൽ പിന്നെ അതിന്റെ വളർച്ച സ്വകാര്യമേഖലയുടെ ഉത്തരവാദിത്തമാണ്. സർക്കാർ ടൂറിസം രംഗത്തേക്കു വരുന്നതിനു 3 പതിറ്റാണ്ടു മുൻപുതന്നെ കേരളത്തിൽ സ്വകാര്യമേഖല ഈ രംഗത്തുണ്ടായിരുന്നു എന്നും ഓർക്കണം. സർക്കാർ–സ്വകാര്യ പങ്കാളിത്തവും ടൂറിസം രംഗത്തു വളരെ പ്രധാനം.
∙ ചെറിയ നെഗറ്റീവ് സംഭവങ്ങൾ പോലും ലോകത്തിനു മുന്നിൽ വളരെ വലുതായി അവതരിപ്പിക്കപ്പെടുന്നു. ഇത് കേരള ടൂറിസത്തിനു വലിയ പ്രതിസന്ധിയുണ്ടാക്കുന്നു
മാറ്റണം മദ്യനയം
നിർമല ലില്ലി (പ്രസിഡന്റ്, കേരള മാനേജ്മെന്റ് അസോസിയേഷൻ)
∙ ഒന്നാം തീയതി മദ്യവിൽപന പാടില്ലെന്ന വ്യവസ്ഥ പിൻവലിക്കണം. 30 ദിവസം മദ്യം കഴിക്കാം, ഒരു ദിവസം മാത്രം അതു പാടില്ലെന്നു പറയുന്നതു ശരിയല്ല. രാത്രി 11നു ബാർ അടയ്ക്കണമെന്നു പറയുന്നതും വിചിത്രമാണ്. സമ്മേളനങ്ങൾക്കും മറ്റും വരുന്നവർക്ക് അതു കഴിഞ്ഞാൽ അൽപം ഉല്ലാസത്തിനു സൗകര്യം ആവശ്യമല്ലേ? ഡൽഹിയിൽ പെട്ടിക്കടകളിൽ പോലും ബീയർ ലഭിക്കും. കേരളത്തിലാകട്ടെ, സമ്മേളന ടൂറിസത്തിന്റെ ഭാഗമായി വരുന്നവരെ നിയന്ത്രണങ്ങൾ അകറ്റിവിടുന്ന അവസ്ഥയാണ്. എക്സൈസ് നയം പുനഃപരിശോധിച്ച് ടൂറിസത്തിന് അനുകൂലമായ മാറ്റങ്ങൾ വരുത്തണം.
∙ ബീച്ചുകൾ ഉൾപ്പെടെ മിക്ക ടൂറിസം കേന്ദ്രങ്ങളിലും ശുചിത്വമില്ല. ടൂറിസം കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ പ്രഫഷനൽ ഏജൻസികളെ ഏൽപിക്കണം. അല്ലെങ്കിൽ പൊതു–സ്വകാര്യ പങ്കാളിത്ത മാതൃക ആലോചിക്കണം.
∙ കൊച്ചി–മുസിരിസ് ബിനാലെ ആഗോളതലത്തിൽ പ്രമോട്ട് ചെയ്യണം.
സമ്മേളന ടൂറിസം വലിയ സാധ്യത
യു.സി.റിയാസ് (എംഡി, സ്പൈസ്‌ലാൻഡ് ഹോളിഡേയ്സ്)
∙ മൈസ് (മീറ്റിങ്, ഇൻസെന്റീവ്, കോൺഫറൻസ്, എക്സിബിഷൻ) ടൂറിസത്തിനു കൂടുതൽ പ്രോത്സാഹനം നൽകണം. കൺവൻഷൻ ടൂറിസവും വികസിക്കണം. ഈ മേഖല കേരളത്തിൽ വേണ്ടത്ര സജീവമല്ല. സംസ്ഥാനത്തിനു മികച്ച സംഭാവന നൽകാൻ കഴിയുന്ന മേഖലയാണിത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഇതിനു രൂപരേഖ തയാറായെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല.
∙ നൈറ്റ് ലൈഫ്, മദ്യനയം തുടങ്ങിയവ സംബന്ധിച്ചു പുതിയ ചിന്തകൾ ഉണ്ടാകണം. നമുക്കുള്ളിൽത്തന്നെ അത്തരത്തിലുള്ള സംസ്കാരം ഉണ്ടാകണം.
കായലാണ് ശക്തി; അവഗണിക്കരുത്
ജോബിൻ ജോസഫ് (എംഡി, സ്പൈസ്റൂട്സ്)
∙ ഹൗസ് ബോട്ടുകൾക്ക് നിലവാരം അനുസരിച്ചു ക്ലാസിഫിക്കേഷൻ നൽകണം. ലൈസൻസുള്ള സ്റ്റാഫ് ഇല്ലാത്തതാണു വഞ്ചിവീടുകളുടെ പ്രധാന പ്രശ്നം.
∙ അൻപതിലേറെ ആളുകളെ കയറ്റാൻ പറ്റുന്ന ഹൗസ്ബോട്ടുകൾക്ക് 2024 മുതൽ കേന്ദ്ര നിയമങ്ങൾ മാത്രമാണു ബാധകമാകുക. അതിനുമുൻപ് സംസ്ഥാനത്തെ ഹൗസ്ബോട്ട് വ്യവസായത്തിന്റെ താൽപര്യസംരക്ഷണം ഉറപ്പാക്കണം.
∙ കായലുകൾക്കും തോടുകൾക്കും കുറുകെയുള്ള ഉയരം കുറഞ്ഞ പാലങ്ങൾ ഹൗസ്ബോട്ടുകൾക്കു തടസ്സമാകുന്നു. മിക്ക ബോട്ടുകളും ഇരുനിലയാകുന്നു. ഉയരം കുറഞ്ഞ പാലങ്ങൾക്കടിയിലൂടെ ഓടിക്കാനാകില്ല. കായലുകളിൽ മണ്ണടിഞ്ഞ് വള്ളങ്ങൾക്കു പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. ഡ്രജിങ്ങിലൂടെ ആഴം കൂട്ടി പരിഹാരം കാണണം. മണൽ വിൽക്കുകയും ചെയ്യാം.
∙ ഹൗസ് ബോട്ടുകളിൽ ബീയർ നൽകാൻ ലൈസൻസ് അനുവദിക്കണം.
ശക്തമാകണം മാർക്കറ്റിങ്
ബേബി മാത്യു സോമതീരം (പ്രസിഡന്റ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി)
∙ ഇന്ത്യയിൽ ഏറ്റവും ഊർജിതമായി ടൂറിസം മാർക്കറ്റിങ് നടത്തിയിരുന്നതു കേരളമാണ്. ആ സ്ഥിതി മാറി. പഴയ ഒന്നാം സ്ഥാനത്തെക്കുറിച്ച് അഹങ്കരിക്കുന്നതു നിർത്തി കഠിന പരിശ്രമം നടത്തണം. 20 വർഷം മുൻപുണ്ടായിരുന്ന പല വിദേശ ടൂർ ഓപ്പറേറ്റർമാരും ഇപ്പോൾ രംഗത്തില്ലെന്നതും കണക്കിലെടുത്ത് അഗ്രസീവ് മാർക്കറ്റിങ് നടത്തണം.
∙ കേരളത്തിന്റെ ടൂറിസം വരുമാനമായ 40,000 കോടി രൂപയുടെ 5% എങ്കിലും ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തിനും മാർക്കറ്റിങ്, പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കാൻ തയാറാകണം. നിലവിൽ ഒരു ശതമാനം തുക മാത്രമാണ് അതിനു ചെലവിടുന്നത്.
∙ മാലിന്യസംസ്കരണത്തിന് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.
∙ ശബ്ദമലിനീകരണം ടൂറിസ്റ്റുകൾക്കു പ്രശ്നമാണ്. പരിഹാരം കണ്ടെത്തണം.
കരുത്തേകും ഹെൽത്ത് ടൂറിസം
ജോസഫ് കോടത്ത് (ഡയറക്ടർ, നാട്ടിക ആയുർവേദ റിസോർട്ട്)
∙ ഹെൽത്ത് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിൽ എത്തുന്നവരുടെ പ്രായപരിധിയിൽ സമീപകാലത്തു വലിയ വ്യത്യാസം പ്രകടമാണ്. മുൻപ്, 50–55 വയസ്സ് വിഭാഗത്തിൽപെട്ടവരാണു കൂടുതൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ അതു കുറഞ്ഞു. യുവാക്കളെക്കൂടി ആകർഷിക്കുന്ന തരത്തിൽ ഹെൽത്ത് ടൂറിസത്തെ അവതരിപ്പിക്കണം. അതിനു യോജിക്കുന്ന വിപണന തന്ത്രങ്ങൾ രൂപീകരിക്കണം.
∙ കോവിഡിനു ശേഷം ഹെൽത്ത് ടൂറിസത്തിനും അനുബന്ധമായി ഹെൽത്ത് ഹോട്ടലുകൾക്കും കേരളത്തിൽ വലിയ സാധ്യതയുണ്ട്. ഹെൽത്ത് ഹോട്ടലുകൾക്കു വേണ്ടതു ശാന്തമായ അന്തരീക്ഷമാണ്. അത്തരത്തിലുള്ള 10 ബീച്ച് മേഖലകളും 10 മലയോര കേന്ദ്രങ്ങളും കണ്ടെത്തി ഹെൽത്ത് ഹോട്ടലുകൾ സ്ഥാപിക്കുന്നതു ടൂറിസത്തിനു മുതൽക്കൂട്ടാകും.
സാഹസികരെ ആകർഷിക്കണം
പ്രദീപ് മൂർത്തി (ഡയറക്ടർ, മഡ്ഡി ബൂട്ട്സ്)
∙ എക്സ്പീരിയൻസ് ടൂറിസത്തിൽ ആളുകൾ സ്ഥലം കാണുക മാത്രമല്ല അനുഭവിക്കുക കൂടിയാണ്. കേരളത്തിൽ ഏറെ സാധ്യതകളുള്ള അഡ്വഞ്ചർ ടൂറിസത്തിലേക്ക് ആളുകളെ ആകർഷിക്കാൻ കഴിയണം.
∙ അഡ്വഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ മിക്കതും പ്രാവർത്തികമായിട്ടില്ല. കേരളത്തിൽ അഡ്വഞ്ചർ ടൂറിസം മേഖലയിൽ അറുപതോളം ഓപ്പറേറ്റർമാരുണ്ട്. എന്നാൽ ലൈസൻസ് നേടിയത് ഏകദേശം 10 ഓപ്പറേറ്റമാർ മാത്രമാണ്. പരിശോധനകൾ കൃത്യമായി നടക്കുന്നില്ല. ഈ രംഗത്തു സ്വയം നിയന്ത്രിത സമ്പ്രദായം ഫലപ്രദമല്ല. സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണം.
സഞ്ചാരികൾക്ക് വേണം സൗകര്യങ്ങൾ
സിജോ ജോസ് (ചെയർമാൻ, സതേൺ ചാപ്റ്റർ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ്)
∙ കോവിഡിനുമുൻപ് വർഷം 52 ഉല്ലാസക്കപ്പലുകൾ സഞ്ചാരികളുമായി എത്തിയിരുന്നെങ്കിൽ ഇപ്പോൾ 14 എണ്ണം മാത്രം. മുതിർന്ന പൗരൻമാരാണ് കപ്പലുകളിൽ എത്തുന്നവരിൽ ഏറെയുമെന്നതിനാൽ അവർക്ക് റോഡ് യാത്രയിൽ ശുചിമുറി സൗകര്യം ഒരുക്കണം.
∙ കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്കായി മ്യൂസിയം പോലുള്ള ടൂറിസ്റ്റ് ആകർഷണങ്ങൾ തിങ്കളാഴ്ചകളിലും തുറക്കണം.
∙ തമിഴ്നാടും കർണാടകയും ടൂറിസ്റ്റ് ബസുകളുടെ നികുതി അമിതമായി ഉയർത്തിയതിനാൽ കേരളത്തിൽനിന്നുള്ളവർക്കു വൻ തുക ആ ഇനത്തിൽ ചെലവാകുന്നു. ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ സമ്മേളനം വിളിച്ച് ഇതിനു പരിഹാരം കാണണം.
ടൂറിസം തൊഴിൽ പരിശീലിപ്പിക്കാം
മൈക്കിൾ ഡൊമിനിക് (ഡയറക്ടർ, സിജിഎച്ച് എർത്ത് ഗ്രൂപ്പ്)
∙ വിനോദസഞ്ചാര മേഖലയിൽ തൊഴിലാളിക്ഷാമമുണ്ട്. വിദ്യാർഥികൾക്കു പരിശീലനം നൽകി വിനോദസഞ്ചാരമേഖലയിൽ ജോലിക്കു പ്രാപ്തരാക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കണം. ഈ മേഖലയിൽ കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ ജോലിസാധ്യതകൾ ഉണ്ടാകണം.
∙ അടിക്കടിയുള്ള മഴമുന്നറിയിപ്പുകൾ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ബോട്ടിങ്ങിനും ട്രെക്കിങ്ങിനും പെട്ടെന്നുണ്ടാകുന്ന വിലക്കുകൾ മേഖലയുടെ വളർച്ചയെ ബാധിക്കും. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൃത്യമായ ഏകോപനം ഉണ്ടാകണം.
∙ 32 വർഷമായി സ്ഥിരമായി കേരളത്തിലെത്തുന്ന വിദേശവനിത പറഞ്ഞ പ്രധാന പരാതി തെരുവുനായശല്യമാണ്. ഇത്തവണ അവർക്കു നായയുടെ കടിയേൽക്കുകയും ചെയ്തു. പ്രശ്നം സർക്കാർ ഗൗരവമായി പരിഗണിക്കണം.
വഴിമുട്ടി ഹോംസ്റ്റേ
എം.പി.ശിവദത്തൻ കുമ്പളങ്ങി (ഡയറക്ടർ, കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി)
∙ കോവിഡിനുശേഷം ഹോംസ്റ്റേകളിലേക്കു വിദേശ സഞ്ചാരികൾ എത്തുന്നില്ല. നിലവിൽ കേരളത്തിൽനിന്നു തന്നെയുള്ള അതിഥികളെക്കൊണ്ടാണ് ഹോം സ്റ്റേകൾ പുലരുന്നത്. അതും വാരാന്ത്യങ്ങളിൽ മാത്രമേയുള്ളൂ.
∙ ഹോം സ്റ്റേകൾക്കു മാത്രമായി ടൂറിസം വകുപ്പ് മാർക്കറ്റിങ് സംവിധാനം ഏർപ്പെടുത്തണം.
∙ കേരളത്തിൽ ഇപ്പോൾ 628 ക്ലാസിഫൈഡ് ഹോം സ്റ്റേകൾ മാത്രം. മൂവായിരത്തിലേറെ ഹോം സ്റ്റേകൾക്കു ക്ലാസിഫിക്കേഷൻ ലഭിച്ചിട്ടില്ല.
∙ തീര നിയന്ത്രണ മേഖലയിൽ (സിആർസെഡ്) പണ്ടേയുള്ള വീടുകൾക്കു പോലും ഹോംസ്റ്റേ ലൈസൻസ് ലഭിക്കുന്നില്ല. ലൈസൻസ് ലഭിക്കാത്ത ഹോം സ്റ്റേകൾക്ക് കെഎസ്ഇബി വാണിജ്യ കണക്‌ഷൻ എടുക്കാത്തതിന്റെ പേരിൽ വൻതുക പിഴ ചുമത്തുന്നു. കണ്ണൂർ തോട്ടടയിലെ വീടുകൾക്ക് ലക്ഷങ്ങൾ പിഴ അടയ്ക്കാൻ നോട്ടിസ് ലഭിച്ചു. തദ്ദേശ വകുപ്പുമായും വൈദ്യുതി ബോർഡുമായും ചർച്ച ചെയ്ത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണം.
ഉണരണം രാവുകൾ
രമ്യ എസ്.ആനന്ദ് (ട്രാവൽ റൈറ്റർ)
∙ ലോകമെങ്ങും ടൂറിസത്തിന്റെ ഏറ്റവും ഊർജസ്വലമായ മുഖമാണ് നൈറ്റ്‌ലൈഫ്. പക്ഷേ, കേരളത്തിൽ നൈറ്റ് ലൈഫ് ഇല്ലേയില്ല. നിയന്ത്രണങ്ങളാണ് എല്ലായിടത്തും. ഇതു മാറിയേ തീരൂ. മദ്യനയവും മാറണം.
∙ പ്രത്യേക എന്റർടെയ്ൻമെന്റ് ഡിസ്ട്രിക്ടുകൾ രൂപപ്പെടുത്തണം. ഉപയോഗശൂന്യമായ വെയർഹൗസുകൾ ഇതിന് ഉപയോഗപ്പെടുത്താം. നാടൻകലകൾ, സംഗീതം എന്നിവയൊക്കെ പ്രമോട്ട് ചെയ്യാൻ അവസരമാകും.
∙ ക്രൂസ് ഷിപ്പുകളിൽ എത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ഡിടിപിസി കൂടുതൽ സജ്ജമാകേണ്ടതുണ്ട്. കേരളത്തിന്റേതായി സുവനീർ വിൽക്കുന്ന ഷോപ്പുകൾ മഷിയിട്ടുനോക്കിയാൽപോലും കാണാനാകില്ല. സാമ്പത്തികശേഷിയുള്ള വിദേശികളാണു വരുന്നത്. അവർക്കുവേണ്ടിയെങ്കിലും സുവനീർ ഷോപ്പുകൾ തുറക്കണം.
∙ സഞ്ചാരികൾക്കു കണക്ടിവിറ്റി ഉറപ്പാക്കണം. ലക്ഷ്യസ്ഥാനത്തെത്താൻ വഴിയോ വാഹനമോ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകുന്നതു മനംമടുപ്പിക്കും.
Content Highlight: Manorama seminar on Kerala Tourism