ADVERTISEMENT

മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കർ 2022’ പാനൽ ചർച്ചയാണ് രംഗം. കേരളം കടത്തിൽ മുങ്ങിത്താഴുകയാണെന്ന എന്റെ അഭിപ്രായത്തെ സിപിഎം പ്രതിനിധി കെ.അനിൽകുമാർ എതിർത്തു. നിർഭാഗ്യവശാൽ, നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥ ഞാൻ ചൂണ്ടിക്കാണിച്ചതു തന്നെയാണ്.

നമുക്ക് അടിസ്ഥാന വിവരങ്ങളൊന്നു നോക്കാം. 2020–21ൽ കേരളത്തിന്റെ കട അനുപാതം (ഡെറ്റ് റേഷ്യോ) 39.87% ആയിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ സാമ്പത്തിക നിലനിൽപിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ കണക്ക്. രാജ്യത്തെ ഉയർന്ന കടനിരക്കുകളിലൊന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേതിൽ ഒന്നാമത്തേതുമാണ് ഈ നെഗറ്റീവ് റാങ്ക്. സംസ്ഥാനത്തിന്റെ ധനക്കമ്മി (വരുമാനത്തിനപ്പുറമുള്ള ചെലവ്) കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ആറു മടങ്ങ് വർധിച്ചു. 2016–17ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകൾ 62.51% വർധിച്ച് 3,32,291 കോടി രൂപ എന്ന അമ്പരപ്പിക്കുന്ന അവസ്ഥയിലെത്തി. നമ്മിൽ പലർക്കും മനസ്സിലാക്കാൻ പ്രയാസമുള്ള വലിയ വലിയ കണക്കുകളാണിത്. എന്നാൽ, ഒരു കുടുംബത്തിൽ ഈ നിരക്കിൽ കടബാധ്യത പെരുകുകയാണെങ്കിൽ എന്താകും അവസ്ഥയെന്ന് ഒരു നിമിഷം ആലോചിച്ചു നോക്കൂ.

തിരുത്തൽ നടപടികൾ അടിയന്തരമായി എടുക്കേണ്ട സാഹചര്യമെന്നാണ് റിസർവ് ബാങ്ക് സംസ്ഥാനത്തോടു പറഞ്ഞത്. ഇതു വല്ലതും ഇവിടെയുള്ളവർ ശ്രദ്ധിച്ചോ എന്നറിയില്ല; കാരണം, തിരുത്തലിനു പകരം കൂടുതൽ കടം വാങ്ങുന്നതിലാണ് സർക്കാരിനു താൽപര്യം. കഴിഞ്ഞ ഒക്ടോബറിൽ നമ്മുടെ ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ട് കടംവാങ്ങൽ പരിധി കൂട്ടണമെന്ന് അഭ്യർഥിക്കുകയായിരുന്നു. സംസ്ഥാന വരവിന്റെ 71% വരുന്ന ശമ്പളം, പെൻഷൻ, പലിശ എന്നിവ കൊടുത്തു തീർക്കാനായിരുന്നു ഈ കടാഭ്യർഥന. വീണ്ടും ഒന്നാലോചിച്ചുനോക്കൂ, വരവിന്റെ 71 ശതമാനവും വീട്ടുജോലിക്കാരുടെ ശമ്പളത്തിനും കടങ്ങൾ വീട്ടാനും ഉപയോഗിക്കേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും?

ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് വികസന കാര്യങ്ങൾക്കായി ഖജനാവിൽ വളരെക്കുറച്ചു പണമേയുള്ളൂ എന്നാണ്. ഏറ്റവും സങ്കടകരം, ഓണത്തിനു ജീവനക്കാർക്കു ബോണസ് കൊടുക്കാൻ വേണ്ടി മാത്രം സർക്കാരിന് 3000 കോടി രൂപ കടമെടുക്കേണ്ടി വന്നു എന്നതാണ്. സമൃദ്ധിയുടെ ഉത്സവകാലം പാപ്പരായ സംസ്ഥാനത്തിന്റെ ചിത്രമാണ് വരച്ചിട്ടത്. ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കിൽ കാണം വിറ്റ് ഓണമുണ്ണേണ്ട  ഭാവിയാണ് കേരളത്തിനു മുന്നിലുള്ളത്.

സംസ്ഥാനത്തിന്റെ ഈ പരിധിവിട്ട കടംവാങ്ങൽ ശീലത്തോടു കേന്ദ്ര ധനവകുപ്പും റിസർവ് ബാങ്കും മാത്രമല്ല ആശങ്ക പ്രകടിപ്പിക്കുന്നത്. കേരളം കടക്കെണിയിലേക്കു വീഴുമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും മുന്നറിയിപ്പു തന്നുകഴിഞ്ഞു. രാജ്യാന്തരതലത്തിലും ഈ അപകടകരമായ സാമ്പത്തികനില ശ്രദ്ധിക്കപ്പെട്ടു. ഫിച്ച് (Fitch) എന്ന രാജ്യാന്തര റേറ്റിങ് ഏജൻസി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയിൽനിന്ന് നെഗറ്റീവ് നിലയിലേക്കു താഴുന്നതായി കഴിഞ്ഞ ഒക്ടോബറിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

സൗജന്യ കിറ്റുകൾ ലഭിച്ചപ്പോൾ കേരളീയർ സന്തോഷിച്ചു. (ആ നന്ദി തിരഞ്ഞെടുപ്പിൽ വോട്ടായി മാറുകയും ചെയ്തു.) എന്നാൽ നമ്മളറിയുന്നില്ല, സർക്കാർ ആഘോഷമായി വിതരണം ചെയ്ത ഈ സൗജന്യങ്ങളുടെ വില നമ്മുടെ മക്കളും കൊച്ചുമക്കളുമൊക്കെയാണ് നൽകേണ്ടിവരികയെന്നത്. പെരുകുന്ന കടബാധ്യത പിടിച്ചുനിർത്താൻ അടുത്ത അഞ്ചുവർഷം കാര്യമായ വിഭവ സമാഹരണം വേണ്ടിവരുമെന്നു സംസ്ഥാനത്തിന്റെ തന്നെ ആസൂത്രണ കമ്മിഷനും ചൂണ്ടിക്കാട്ടുന്നു. പക്ഷേ, എവിടെ നിന്നാണ് ഈ വിഭവങ്ങൾ വരേണ്ടത്?

2019–20ൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 78 ശതമാനവും സർവീസ്, നിർമാണ മേഖലകളിൽ നിന്നാണു ലഭിച്ചത്. ഇതിനർഥം, മറ്റെല്ലായിടത്തും ഏറ്റവും കൂടുതൽ തൊഴിലവസരം നൽകുന്ന കൃഷി, വ്യവസായ മേഖലകൾക്കു കേരളത്തിൽ നാമമാത്ര സാന്നിധ്യമേയുള്ളൂ എന്നാണ്. വിദേശത്തു പണിയെടുക്കുന്ന മലയാളികൾ അയയ്ക്കുന്ന പണത്തെപ്പറ്റി പറയാതെ കേരളത്തിന്റെ സാമ്പത്തികനിലയെപ്പറ്റി ചിന്തിക്കാനേ കഴിയില്ലെന്നതും അപകടകരമായ അവസ്ഥയാണ്. സംസ്ഥാനത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ നമ്മുടെ തൊഴിലില്ലായ്മയെ കയറ്റുമതി ചെയ്യേണ്ടിവരുന്നു.

കോവിഡ് മഹാവ്യാധിക്കാലത്തിന്റെ ഒരാഘാതം മറുനാടൻ മലയാളികളുടെ തിരിച്ചൊഴുക്കായിരുന്നു. മൂന്നു വർഷത്തിനിടെ 10 ലക്ഷം മലയാളികൾ തിരിച്ചെത്തിയെന്നാണു കണക്ക്. അത്രയും ധനശേഷി നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. എന്നിട്ടും ഇപ്പോഴും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 13 ശതമാനവും ഈ പണമയയ്ക്കൽ വഴിയുള്ളതാണ്. കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ ഇത് 25 ശതമാനമായിരുന്നു. ഇതു രണ്ടു തരത്തിലുള്ള അപകടനിലയാണ് സൂചിപ്പിക്കുന്നത്. ഒന്ന്, കേരളത്തിലേക്കുള്ള പണം വരവ് കുറയുന്നു. രണ്ട്, എന്നിട്ടും അതിനെത്തന്നെ നമുക്ക് ആശ്രയിക്കേണ്ടിയും വരുന്നു. രാജ്യത്തിന്റെ ധനസ്ഥിതി 3 ശതമാനം മാത്രമാണ് പുറത്തു നിന്നുള്ള പണം വരവിനെ ആശ്രയിക്കുന്നത്. 

thar

കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ പുറംനാടുകളിൽനിന്നു വരുന്ന പണം ഒരു ലക്ഷം കോടി രൂപയാണ്. അതു നിലച്ചാൽ അപ്പോൾത്തന്നെ കേരളത്തിന്റെ സമ്പദ്ഘടന തരിപ്പണമാകും. ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഉറപ്പിച്ചു തീരുമാനിച്ചാൽ ഒരു ഇരട്ട ദുരന്തത്തിലേക്കാവും കേരളം കൂപ്പുകുത്തുക. ഒന്ന്, നമ്മളെ താങ്ങിനിർത്തുന്ന പണംവരവ് ഇല്ലാതാകും. രണ്ട്, തൊഴിൽ രഹിതരായി മടങ്ങിയെത്തുന്ന ദശലക്ഷക്കണക്കിനു മലയാളികളെ സ്വീകരിക്കേണ്ടിയും വരും.

കഷ്ടതയുടെ കഥ അവതരിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ആ ചർച്ചയിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചത്. മറിച്ച്, ഉടൻ ഒരു പരിഹാരക്രിയ തുടങ്ങണമെന്നു ചൂണ്ടിക്കാട്ടുകയായിരുന്നു. സംസ്ഥാനത്തിനുള്ളിൽ തന്നെ വിഭവസമാഹരണം നടത്താനുള്ള അടിയന്തര പദ്ധതികൾ അനിവാര്യമാണ്. പട്ടാളക്കാർക്കിടയിൽ പഴയ ചൊല്ലുണ്ട്– ഒരു കുഴിയിൽ വീണാൽ പിന്നെ അവിടെത്തന്നെ വീണ്ടും കുഴിക്കരുത്. ആ വിവേകം സംസ്ഥാന സർക്കാർ ഉൾക്കൊള്ളണം. കടത്തിൽ നിന്നു കരകയറാൻ കൂടുതൽ കടം വാങ്ങുകയല്ല വേണ്ടത്. ഇപ്പോൾ വീണിരിക്കുന്ന കുഴി വീണ്ടും കുഴിച്ചു വലുതാക്കിക്കൊണ്ടിരിക്കുകയാണ് നമ്മൾ.

വാൽക്കഷണം:

അഞ്ചു മാസം മുൻപാണ് ലോക പ്രശസ്ത നോവലിസ്റ്റ് സൽമാൻ റുഷ്ദി ന്യൂയോർക്കിൽ തീവ്രവാദിയുടെ മാരകമായ കുത്തേറ്റു വീണത്. മുറിവുകളിൽ നിന്ന് അദ്ദേഹം ഇതുവരെ മോചിതനായിട്ടുമില്ല. ‘സാത്താനിക് ‌വേഴ്സസ്’ എന്ന അദ്ദേഹത്തിന്റെ നോവലിനെതിരെ ഇതുവരെ യുണ്ടായിട്ടുള്ള ആക്രമണങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. നോവലിന്റെ ജാപ്പനീസ് പരിഭാഷകൻ കൊലചെയ്യപ്പെട്ടു. ഇറ്റാലിയൻ പരിഭാഷകനു കുത്തേറ്റു. നോർവേയിലെ പ്രസാധകനു വേടിയേറ്റു, ഭാഗ്യത്തിനു മരണത്തിൽനിന്നു രക്ഷപ്പെട്ടു. എന്നാൽ ആ ഭാഗ്യം തുർക്കിയിലെ 37 ആളുകൾക്കുണ്ടായില്ല. നോവലിന്റെ ടർക്കിഷ് പരിഭാഷകനെ വധിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ തീപിടിത്തത്തിൽ ഇത്രയും പേർ കൊല്ലപ്പെട്ടു. എങ്കിലും ഇനിയും ഒട്ടേറെപ്പേർ പരിഭാഷയ്ക്കു തയാറായി വരുന്നത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ശക്തിയും സ്വാധീനവും നിലയ്ക്കുന്നില്ല എന്നതിന്റെ മഹത്തായ തെളിവാണ്. 

സർഗപരമായ സ്വാതന്ത്ര്യത്തിനു വലിയ വില കൊടുക്കേണ്ടിവന്നു റുഷ്ദിക്ക്. ഒളിവിലും ഒറ്റപ്പെടലിലും കഴിയേണ്ടി വന്ന വർഷങ്ങൾ, സുരക്ഷയുടെ നടുവിൽ കെട്ടിയിടപ്പെട്ട കാലം. ഒടുവിൽ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനാവുമെന്ന പ്രതീക്ഷ തെളിഞ്ഞുവന്ന നേരത്താണ് ക്രൂരമായ ആക്രമണം. അതിൽ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു.

പേനയെടുക്കുമ്പോൾ കൂടെ ആക്രമണം ചെറുക്കാനുള്ള കവചം കൂടി ധരിക്കണം എന്ന അവസ്ഥ ലോകത്തെങ്ങും ഉണ്ടാകരുത്.

English Summary: Kerala in Financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com