വാചകമേള
Mail This Article
∙ ആനന്ദ്: വഴികൾ തന്നെയായിരുന്നു എന്റെ വഴികാട്ടികൾ. ഞാൻ നടന്നുപോന്ന വഴികൾ. അവിടെ കണ്ടുമുട്ടിയവരിൽ സഹപ്രവർത്തകരും തൊഴിലാളികളും പട്ടാളക്കാരും അഭയംതേടി വന്നവരും ഒക്കെയുണ്ടായിരുന്നു. ഈ വലിയ ആൾക്കൂട്ടം വഴികൾ നീളുംതോറും പേനയിലും മഷിയിലും നടന്നുകയറി. ‘ആൾക്കൂട്ടം’ ഉണ്ടായി. യാത്രക്കാർ വേഷംമാറി കഥാപാത്രങ്ങളും പുതിയ കൂട്ടുകാരുമായി.
∙ കൽപറ്റ നാരായണൻ: ഇന്ത്യയിൽതന്നെ സരസ്വതി ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് വികെഎന്നിനൊപ്പമാണ്. പക്ഷേ, സരസ്വതി സമ്മാൻ അദ്ദേഹത്തിന് ഇല്ല. എഴുത്തച്ഛൻ പുരസ്കാരത്തിന്, വികെഎന്നിനായിരുന്നു പ്രഥമ യോഗ്യത. ഇന്നതു ഭാഷാപരമായി ഒരടി ഉയരത്തിൽപോലും പറക്കാൻ ശേഷിയില്ലാത്തവർക്കുള്ള ധനസഹായമായി മാറിയിരിക്കുന്നു.
∙ മാമുക്കോയ: സംസ്ഥാന യുവജനോത്സവത്തിൽ ഇല്ലാത്ത ഒരിനം എന്നു മെനക്കെട്ട് കണ്ടുപിടിച്ചവരാണ് പഴയിടം നമ്പൂതിരിയെ വിമർശിച്ചത്. എന്തിനെയെങ്കിലും വിമർശിക്കണമല്ലോ. അപ്പോൾ പഴയിടത്തിനു കിടക്കട്ടെ വിമർശനം എന്നു ചിലർ തീരുമാനിച്ചു. അർഹരല്ലാത്ത ആളുകളാണ് പഴയിടത്തെ വിമർശിച്ചത്. എല്ലാ നല്ല കാര്യങ്ങൾക്കും അപശബ്ദങ്ങൾ ഉണ്ടാക്കുന്ന ചിലരുണ്ട്.
∙ കെ.ഇ.എൻ. കുഞ്ഞഹമ്മദ്: പല പരീക്ഷണങ്ങൾക്കും വേദിയാവാനുള്ള യുവജനോത്സവത്തിൽ ഭക്ഷണകാര്യത്തിൽ മാത്രം ഒരു പരീക്ഷണവും ഇല്ല! ഒരു ഉത്സവദിനത്തിലെങ്കിലും ഓരോരുത്തർക്കും അവരുടെ രുചിക്കനുസരിച്ചു ഭക്ഷണം കൊടുക്കാൻ സന്നദ്ധമാവാത്തവർക്ക് മറ്റെന്തുണ്ടെങ്കിലും ‘കലാബോധം’ കഷ്ടിയാണ്.
∙ അഡ്വ. കാളീശ്വരം രാജ്: തിരഞ്ഞെടുപ്പു കമ്മിഷൻ മുതൽ അന്വേഷണ ഏജൻസികൾ വരെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായ സ്ഥിതിക്ക് ഭരണഘടനാ കോടതികളിൽ ന്യായാധിപന്മാരെക്കൂടി കേന്ദ്രം നിശ്ചയിക്കുന്ന അവസ്ഥ വന്നാലുള്ള സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ!
∙ അടൂർ ഗോപാലകൃഷ്ണൻ: എനിക്കു തൃപ്തിയില്ലാതെ ഒരു കാര്യവും ഞാൻ ചെയ്യില്ല. പൂർണ തൃപ്തിയോടെയാണ് ഓരോ സിനിമകളും ചെയ്തിട്ടുള്ളത്. അതിൽ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവരുടെ അറിവുകേടാണെന്ന് എനിക്കറിയാം. ഈ പറയുന്നവരെക്കാളും സിനിമയെപ്പറ്റി എനിക്കറിയാം എന്നുള്ളതുകൊണ്ടാണ്. അഹങ്കാരം പറയുന്നതല്ല; ഉള്ളതു പറയുന്നതാണ്.
∙ രമേഷ് പിഷാരടി: ചിരി പൊളിറ്റിക്കലി കറക്ട് ആയിരിക്കണം എന്നുതന്നെ വിശ്വസിക്കുന്ന ആളാണു ഞാൻ. അതെക്കുറിച്ച് അറിവില്ലാത്ത കാലത്ത് മറിച്ചു ചെയ്തിട്ടുണ്ടെങ്കിലും. പക്ഷേ, എല്ലാറ്റിലും ജഡ്ജ്മെന്റൽ ആയാൽ ആസ്വാദനം കുറയും. നമുക്ക് ഈ ഭൂമിയിൽനിന്നു മാത്രമേ തമാശയെടുക്കാൻ പറ്റൂ.
∙ ശ്യാം പുഷ്കരൻ: സിനിമയിൽ എന്താണു സംഭവിക്കുന്നതെന്ന് ഇപ്പോഴത്തെ ആളുകൾക്കു നന്നായി അറിയാം. സിനിമയൊരു മായികലോകമാണെന്ന ധാരണയൊക്കെ മാറി. ശ്രമിച്ചാൽ ആർക്കും എത്തിപ്പെടാവുന്ന മേഖലയാണു സിനിമയെന്നു മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.
English Summary : Vachakamela