ADVERTISEMENT

പൊടുന്നനെ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ട സുഡാനിൽനിന്ന് അതീവ ദുഷ്കരമായ ‘കാവേരി’ രക്ഷാദൗത്യം വിജയകരമായി നടത്തിയിരിക്കുകയാണ് ഇന്ത്യ. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമാക്കി നടത്തിയ ദൗത്യത്തിൽ നാവിക, വ്യോമസേനകളും പങ്കെടുത്തു. സംഘർഷഭൂമിയിൽനിന്ന് തങ്ങളുടെ പൗരരെ തിരിച്ചുകൊണ്ടുവരാൻ ആദ്യം മുന്നിട്ടിറങ്ങിയ രാജ്യമായിരുന്നു ഇന്ത്യ. തിരിച്ചുവരാൻ ആഗ്രഹിച്ച ഇന്ത്യക്കാരെ മുഴുവൻ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിനു ചുക്കാൻ പിടിച്ച വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ സംസാരിക്കുന്നു

? എന്താണ് ഓപ്പറേഷൻ കാവേരി ദൗത്യത്തിലേക്കു നയിച്ചത് 

ഇരുവിഭാഗങ്ങൾ തമ്മിൽ യുദ്ധം നടക്കുന്ന സുഡാനിൽ ഏകദേശം 3000 ഇന്ത്യക്കാരാണ് കുടുങ്ങിയത്. സുഡാനിലെ സ്ഥിതിഗതികൾ തുടക്കം മുതൽ നിരീക്ഷിച്ചുവരികയായിരുന്ന   മന്ത്രി എസ്.ജയശങ്കറിന്റെ നേതൃത്വത്തിൽ വിദേശകാര്യ മന്ത്രാലയം ആദ്യഘട്ടത്തിൽതന്നെ രക്ഷാദൗത്യം ആസൂത്രണം ചെയ്തു. പല രാജ്യങ്ങളുടെയും എംബസികൾ അടച്ചുപൂട്ടി ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും ഇന്ത്യൻ അംബാസഡറും ഉദ്യോഗസ്ഥരും സുഡാനിൽ തുടർന്നു. വീടുകളിലിരുന്ന് അവർ ജോലിചെയ്തു. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായി മലയാളിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണവാർത്തയെത്തി. ഒഴിപ്പിക്കൽ ഇനി ഒട്ടും വൈകിക്കാനാവില്ലെന്ന് ഇതോടെ പ്രധാനമന്ത്രി നിലപാടെടുത്തു. തുടർന്നു വിദേശകാര്യമന്ത്രാലയം രാവും പകലുമില്ലാതെ ജോലി തുടങ്ങി.

? എങ്ങനെയാണ് അതു നടപ്പാക്കിയത് 

ഡൽഹിയിലും പോർട്ട് സുഡാനിലും സൗദി അറേബ്യയിലെ ജിദ്ദയിലുമായി മൂന്നു കൺട്രോൾ റൂമുകൾ തയാറാക്കുകയാണ് ആദ്യം ചെയ്തത്. സുഡാനിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പൂർണമായി ക്രോഡീകരിച്ചു. ഇന്ത്യൻ എംബസി മുൻകയ്യെടുത്ത് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. മടങ്ങാനാഗ്രഹിക്കുന്നവരോട് വിവരങ്ങൾ അതിൽ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടു. സുഡാന്റെ അയൽരാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികളും സജീവമായി രംഗത്തിറങ്ങി.

? സൗദി അറേബ്യ അടക്കമുള്ള വിദേശരാജ്യങ്ങളുടെ പങ്കെന്തായിരുന്നു 

ദൗത്യത്തിനു മറ്റു രാജ്യങ്ങളുടെ സഹായം ഉറപ്പിക്കുകയായിരുന്നു അടുത്തഘട്ടം. പ്രധാനമന്ത്രിയുടെ നയതന്ത്രമികവ് ഒരിക്കൽക്കൂടി നമ്മുടെ കരുത്തായി. സൗദി അറേബ്യയടക്കം മധ്യപൂർവരാജ്യങ്ങളും അമേരിക്കയും ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ജിദ്ദയിൽ പോയി ദൗത്യം ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി എന്നോടു നിർദേശിച്ചു. ഏപ്രിൽ 25നു പുലർച്ചെ ഞാനും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ജിദ്ദയിലെത്തി. യുഎൻ സെക്രട്ടറി ജനറലുമായി ചർച്ച നടത്തിയ മന്ത്രി എസ്.ജയശങ്കർ, ഓരോ ഘട്ടത്തിലും മാർഗനിർദേശങ്ങൾ നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നിർദേശപ്രകാരം നാവിക, വ്യോമസേനകൾ രക്ഷാദൗത്യത്തിനു സർവസജ്ജരായി എത്തി.

? സുഡാനിൽ എന്തായിരുന്നു മുഖ്യ വെല്ലുവിളികൾ

സുഡാനിൽ വെടിനിർത്തൽ കരാറുകൾ ഇരുവിഭാഗവും തുടർച്ചയായി ലംഘിക്കുന്നത് കനത്ത വെല്ലുവിളിയായി. എന്നാൽ, പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളുടെയും പിന്തുണ നേടാൻ നമുക്കു കഴിഞ്ഞു എന്നതാണ് രക്ഷാദൗത്യം വിജയിപ്പിച്ച മുഖ്യഘടകം. യുദ്ധം കൊടുമ്പിരിക്കൊണ്ട ഖാർത്തൂമിൽ നിന്നുള്ള രക്ഷപ്പെടുത്തലായിരുന്നു ഏറ്റവും ശ്രമകരം. ഇന്ത്യൻ കപ്പലുകൾ കാത്തുകിടന്ന പോർട്ട് സുഡാനിലേക്ക് 800 കിലോമീറ്ററാണ് റോഡ് മാർഗം യാത്ര. ഭൂരിഭാഗവും പോരാട്ടമേഖലകൾ. പക്ഷേ, ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.

? എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിച്ചത്

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നമ്മുടെ പൗരർക്ക് മീറ്റിങ് പോയിന്റുകൾ നിശ്ചയിച്ച് ബസുകളുമായി കാത്തുകിടന്നു. പലരും കിലോമീറ്ററുകൾ സംഘർഷഭൂമിയിലൂടെ നടന്നും ടാക്സികളിലുമായാണ് അവിടെയെത്തിയത്. ഓരോരുത്തരും സുരക്ഷിതരായി എത്തിച്ചേരുന്നു എന്ന് ഉറപ്പിക്കാൻ നമ്മുടെ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടു. ജിദ്ദയിലെ കൺട്രോൾ റൂമിൽ ഞങ്ങളും ആശങ്കയോടെ കാത്തിരുന്നു.

നിറഞ്ഞ ബസുകളിൽ ഇന്ത്യൻ പതാകയേന്തി അവർ യാത്ര തുടങ്ങി. ജീവൻ പണയം വച്ച് ഈ യാത്രകൾക്ക് അകമ്പടിയേകിയ ഇന്ത്യൻ എംബസി ജീവനക്കാർ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ത്രിവർണ പതാകയുടെ കരുത്തിൽ എല്ലാവരും സുരക്ഷിതരായി പോർട്ട് സുഡാനിലെത്തി. സംഘർഷം രൂക്ഷമാകാത്ത മേഖലകളിൽനിന്നുള്ളവരെ പോർട്ട് സുഡാനിലെത്തിക്കാൻ അവർ ജോലി ചെയ്തിരുന്ന കമ്പനികളോടും നിർദേശിച്ചിരുന്നു.

? ഇതിനിടയ്ക്ക് ഒരിക്കലും സംഘർഷം ദൗത്യത്തെ ബാധിച്ചില്ലേ 

ഒരു തരത്തിലും പോർട്ട് സുഡാനിലെത്താൻ കഴിയാതെ പോയവരെ രക്ഷപ്പെടുത്തിയ ‘വാദിസെയ്ദ്ന ഓപ്പറേഷൻ’ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെടേണ്ടതാണ്. അത്രയേറെ ശ്രമകരമായിരുന്നു അത്.  സംഘർഷത്തിന്റെ മുഖ്യകേന്ദ്രമായ ഖാർത്തൂമിൽനിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള ചെറിയ എയർസ്ട്രിപ്പിൽനിന്ന് അതിസാഹസികമായാണ് വ്യോമസേന പൈലറ്റുമാർ ഗർഭിണിയടക്കം 121 പേരെ രക്ഷപ്പെടുത്തിയത്. വെളിച്ചമോ മറ്റ് ആശയവിനിമയ സംവിധാനങ്ങളോ ഇല്ലാത്തിടത്താണ് വ്യോമസേന പറന്നിറങ്ങിയത്. 

? പോർട്ട് സുഡാനിൽ നിന്നു രക്ഷപ്പെട്ടവരെ ജിദ്ദയിലേക്ക് എത്തിക്കുക ശ്രമകരമായിരുന്നോ 

ഐഎൻഎസ് സുമേധ, തെഗ്, ടർക്കാഷ് എന്നീ യുദ്ധക്കപ്പലുകൾ പൗരരെ ജിദ്ദയിലെത്തിച്ചു. അവർക്ക് അവിടെ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ സൗകര്യങ്ങളൊരുക്കി. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം വ്യോമസേനയുടെ വിമാനങ്ങളിൽ അവർ ഇന്ത്യയിലേക്കു മടങ്ങി. 

? ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം എപ്പോൾ എത്തിക്കാനാവും

അതിനായി എല്ലാ ദിവസവും ശ്രമം നടത്തുകയാണ്. ഖാർത്തൂമിൽ സംഘർഷം അവസാനിച്ചാലുടൻ എത്തിക്കാനാവും. നിരന്തരം അവിടത്തെ അംബാസഡറുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ല. സാഹചര്യം അനുകൂലമാകുന്ന നിമിഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. 

 ? ഇനി ആരെയെങ്കിലും രക്ഷപ്പെടുത്താനുണ്ടോ.

തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സുഡാനിൽനിന്നു തിരിച്ചെത്തിച്ചിട്ടുണ്ട്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ് പൗരരെയും ആ രാജ്യങ്ങളുടെ അഭ്യർഥനപ്രകാരം രക്ഷപ്പെടുത്തി. 

English Summary : Writeup about Kaveri rescue mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com