ADVERTISEMENT

ഭാരതത്തിന്റെ, അല്ല ലോകത്തിന്റെതന്നെ ചരിത്രത്തിൽ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ ധീരനായ യോദ്ധാവാണ് ശ്രീ അയ്യങ്കാളി. ജീവിതകാലത്ത് അദ്ദേഹത്തെ ചങ്ങലകൊണ്ടു ബന്ധിക്കാൻ പലരും ശ്രമിച്ചു. ആ ചങ്ങലകളെല്ലാം പൊട്ടിക്കാനുള്ള കരുത്തും ധീരതയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ തെളിവാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രതിമ ഉയർത്താൻ ശ്രമിച്ചപ്പോൾ പല പ്രാവശ്യം ചങ്ങലകൾ പൊട്ടിപ്പോയത്. ഒരു ശക്തിക്കും ബന്ധിക്കാനാവാത്ത അജയ്യശക്തിയായിരുന്നു ശ്രീ അയ്യങ്കാളി...’’ 

1980 ഒക്ടോബർ 26ന് ആണ് അയ്യങ്കാളിയുടെ വെങ്കലപ്രതിമയുമായുള്ള പ്രയാണം ചെന്നൈയിൽനിന്നു പുറപ്പെട്ടത്. പ്രതിമയ്ക്കു ചെന്നൈയിലെ മദിരാശി ആശാൻ സ്മാരക സ്കൂളിൽ നൽകിയ സ്വീകരണത്തിൽ പ്രേംനസീർ നടത്തിയ അർഥഗംഭീരമായ ഈ പ്രസംഗത്തിന് വലിയ കയ്യടികിട്ടി. ചെന്നൈയിലെ നിർമാണസ്ഥലത്തുനിന്നു പ്രതിമ ലോറിയിൽ കയറ്റാൻ ശ്രമിച്ചപ്പോൾ പലതവണ ചങ്ങല പൊട്ടി. ഈ സംഭവമാണ് പ്രേംനസീർ പരാമർശിച്ചത്. 

മുത്തച്ഛനെക്കുറിച്ചു മറ്റുള്ളവർ ആവേശത്തോടെ പറഞ്ഞുതന്ന അറിവേ കൊച്ചുമക്കളായ ഞങ്ങൾക്കുള്ളൂ. അദ്ദേഹത്തിന്റെ ഇളയമകനായ എന്റെ അച്ഛൻ കെ.ശിവതാണുവിന് 16 വയസ്സുള്ളപ്പോഴാണു മുത്തച്ഛൻ മരിച്ചത്. ‘പാതി നേരംപോക്കിലും പാതി വാത്സല്യത്തിലും പുലയരാജാവ് എന്നു നിങ്ങൾ വിളിക്കുന്ന അയ്യങ്കാളിയിൽ അക്ഷീണനായ ഒരു പ്രവർത്തകനുണ്ട്’ എന്നു ഗാന്ധിജി പറഞ്ഞപ്പോൾ മുത്തച്ഛന്റെ കൈപിടിച്ച് എന്റെ അച്ഛൻ അടുത്തുണ്ടായിരുന്നു. 1937 ജനുവരി 14നു വെങ്ങാനൂരിൽ മഹാത്മജിയെ വരവേറ്റ് ഗാന്ധിത്തൊപ്പിയും ഖാദി ജുബ്ബയും ധരിച്ചു മുത്തച്ഛൻ നടന്നു നീങ്ങിയപ്പോഴായിരുന്നു ഗാന്ധിജി അങ്ങനെ പറഞ്ഞത്.

ചിങ്ങത്തിലെ അവിട്ടം നക്ഷത്രത്തിൽ (1863 ഓഗസ്റ്റ് 28) അയ്യന്റെ കുടിലിലെ ‘കാളി’യായി അദ്ദേഹം ജനിച്ചകാലത്തു പുത്തളത്ത് പരമേശ്വരൻ പിള്ളയുടെ കർഷകത്തൊഴിലാളികളായിരുന്നു ആ കുടുംബം. അയ്യങ്കാളിയിൽ സ്വാതന്ത്ര്യബോധം വളർത്തിയതിൽ പരമേശ്വരൻ പിള്ളയ്ക്കും വലിയ പങ്കുണ്ടെന്നാണ് ഞങ്ങളെല്ലാം വിശ്വസിക്കുന്നത്. 

മുത്തച്ഛന്റെ നേതൃത്വത്തിൽ സാധുജനപരിപാലന സംഘത്തിന്റെ പ്രവർത്തനം ശക്തിപ്പെട്ട കാലം. ശ്രീമൂലം പ്രജാസഭയിലേക്കു സംഘത്തിന്റെ പ്രതിനിധിയായി ‘സുഭാഷിണി’ പത്രാധിപരായിരുന്ന പി.കെ.ഗോവിന്ദപിള്ളയെയാണു നാമനിർദേശം ചെയ്തത്. എന്നാൽ, പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ അവർ തന്നെ അവതരിപ്പിക്കുന്നതായിരിക്കും കൂടുതൽ ഉചിതമെന്ന അഭിപ്രായമായിരുന്നു ഗോവിന്ദപിള്ളയ്ക്ക്. 1911 ഫെബ്രുവരി 18നു കൂടിയ ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചു. 

girijathmajan
എസ്.ഗിരിജാത്മജൻ

പുലയരുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യങ്കാളി നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ദിവാൻ രാജഗോപാലാചാരി മുത്തച്ഛനെ വിളിപ്പിച്ചു. അങ്ങനെ 1911 ഡിസംബർ 5ന് അദ്ദേഹത്തെ പ്രജാസഭാംഗമായി നാമനിർദേശം ചെയ്തു. 

അങ്ങനെ പിന്നാക്ക വിഭാഗങ്ങളുടെ അഭിമാനദിനം വന്നെത്തി– 1912 ഫെബ്രുവരി 26 തിങ്കളാഴ്ച.  ശ്രീമൂലം പ്രജാസഭയുടെ എട്ടാമതു സമ്മേളനം തിരുവനന്തപുരം വിജെടി ഹാളിൽ നടക്കുമ്പോൾ പത്തു മണിയോടെ രാജപാതയിൽ ഒരു മണികിലുക്കം മുഴങ്ങിക്കേട്ടു. രണ്ടു വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടി ഹാളിനു മുന്നിലെത്തി. ആറടിയിലധികം ഉയരമുള്ള ഒരാൾ കസവുതുന്നിയ തലപ്പാവും തിലകക്കുറിയും കറുത്തകോട്ടും വെള്ളമുണ്ടും കാൻവസ് ചെരിപ്പും ധരിച്ചു ഹാളിലേക്കു കയറി. കാതിൽ കടുക്കൻ ധരിച്ച, വലിയ മീശയുണ്ടായിരുന്ന അദ്ദേഹത്തെ പലരും ദിവാനാണെന്നു തെറ്റിദ്ധരിച്ചെന്ന കഥ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

ചക്രം ഘടിപ്പിച്ച വണ്ടികൾ ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം അന്നു പൗരർക്കുണ്ടായിരുന്നെങ്കിലും പലരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. മുത്തച്ഛന്റെ വില്ലുവണ്ടി സമരം ഇത്തരം അവകാശങ്ങളുണ്ടെന്ന ബോധവൽക്കരണം കൂടിയായിരുന്നു. വസ്ത്രധാരണത്തിൽ അധികാര ചിഹ്നങ്ങൾ ഉപയോഗിച്ചതു പിന്നാക്ക വിഭാഗങ്ങളിൽ ആത്മവിശ്വാസവും അധികാരബോധവും വളർത്താനായിരുന്നു. 

1893ൽ ആണ് രണ്ടു വെള്ളക്കാളകൾ വലിക്കുന്ന വില്ലുവണ്ടി ആദ്യമായി ബാലരാമപുരം ആറാലുംമൂട് ചന്തയിലെത്തിയത്. വണ്ടിയിൽ അയ്യങ്കാളി, വണ്ടിക്കാരൻ കൊച്ചപ്പി. ആളെ തിരിച്ചറിഞ്ഞതും മാടമ്പികളുടെ പ്രതിഷേധം ചെറുകലാപമായി പടർന്നു. അതു ചാലിയത്തെരുവു ലഹളയിലാണ് അവസാനിച്ചത്. മാടമ്പികൾ ‘അയിത്തവണ്ടിയെന്നു’ വിളിച്ച വില്ലുവണ്ടി പിന്നാക്കവിഭാഗങ്ങളുടെ ആത്മവിശ്വാസം ഉയർത്താനായി തിരുവിതാംകൂറിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു. സായുധപ്രതിരോധങ്ങളെ തോൽപിച്ച അദ്ദേഹം പിന്നാക്കക്കാരായ പ്രജകളുടെ ഹൃദയത്തിലേക്കാണു വില്ലുവണ്ടി തെളിച്ചത്. 

ചക്രമുള്ള വണ്ടി ഉപയോഗിക്കാൻ 1865ൽ ആണ് സാധാരണക്കാർക്ക് അനുവാദം ലഭിച്ചത്. അവർക്കു പൊതുനിരത്ത് ഉപയോഗിക്കാമെന്ന  പ്രഖ്യാപനം 1870ൽ ഉണ്ടായി. ചാതുർവർണ്യ വ്യവസ്ഥ അടിച്ചേൽപിക്കാൻ ശ്രമിച്ചവർ ഈ അവകാശങ്ങൾ പിന്നാക്കക്കാർക്കു നിഷേധിച്ചപ്പോഴാണ് വില്ലുവണ്ടിയാത്രയിലൂടെ അയ്യങ്കാളി സാധാരണ ജനങ്ങളെ പ്രചോദിപ്പിച്ചത്. 

അവകാശങ്ങൾ നിഷേധിക്കപ്പെട്ട പിന്നാക്കക്കാരനു വേറെ വഴിയും ദൈവവും വിദ്യാലയവുമായിരുന്നില്ല അയ്യങ്കാളി മുന്നോട്ടുവച്ച രാഷ്ട്രീയം. അതേവഴിയും അതേ ദൈവവും അതേ വിദ്യാലയവുമായിരുന്നു. അതിനുവേണ്ടി മാടമ്പികൾക്കു മനസ്സിലാകുന്ന കരുത്തിന്റെ ഭാഷയും അദ്ദേഹം  പ്രയോഗിച്ചു. പിന്നാക്കവിഭാഗക്കാരുടെ ഇടയിൽനിന്ന് ഇത്തരമൊരു ചെറുത്തുനിൽപ് രാജ്യം ആദ്യമായാണു കണ്ടതും കേട്ടതും.

ഒരുവർഷത്തിലധികം നീണ്ട കർഷകസമരത്തിനിടെ തൊഴിലാളികൾ പട്ടിണിയിലാവാതിരിക്കാൻ അദ്ദേഹം മറുവഴി കണ്ടിരുന്നു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളായ ക്രൈസ്തവ–മുസ്‌ലിം സഹോദരങ്ങളുടെ സഹായത്തോടെ മീൻപിടിക്കാനും ചന്തയിൽ അവ വിൽക്കാനും കർഷകത്തൊഴിലാളികളെ അദ്ദേഹം പഠിപ്പിച്ചു. തീരദേശത്തെ ക്രൈസ്തവരുടെ കപ്പലോട്ടകലാരൂപമായ ചവിട്ടുനാടകത്തെ തന്റെ ആശയപ്രചാരണത്തിന് അദ്ദേഹം പ്രയോജനപ്പെടുത്തി. തങ്കപ്പൻ ഭാഗവതർ, കേശവൻ റൈറ്റർ, തോമസ് വാധ്യാർ എന്നിവരുടെ ബൗദ്ധിക പിന്തുണയോടെയായിരുന്നു ഇത്. ഈ ആശയപ്രചാരണരീതി തിരുവിതാംകൂറിൽനിന്നു കൊച്ചിയിലേക്കു വ്യാപിച്ചു. ക്രൈസ്തവ സഹോദരങ്ങൾക്കൊപ്പം ഇന്നും ദലിത് പിന്നാക്ക വിഭാഗക്കാർ ചവിട്ടുനാടകം പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്നുണ്ട്. 

നിരക്ഷരനായിരുന്ന അയ്യങ്കാളി പ്രജാസഭയിൽ അവതരിപ്പിച്ച നിവേദനങ്ങളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ സാമൂഹിക–രാഷ്ട്രീയ ബോധ്യങ്ങളുടെ തെളിവുകളാണ്. തരിശുഭൂമി പതിച്ചുനൽകൽ, തൊഴിലധിഷ്ഠിത പഠനം, സ്കൂൾ പ്രവേശനം, വിദ്യാഭ്യാസ ആനുകൂല്യം, സ്കോളർഷിപ്, തലചായ്ക്കാൻ ഇടം, ഉച്ചക്കഞ്ഞി, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി, കോർട്ട്ഫീ സൗജന്യമാക്കൽ... ശ്രീമൂലം പ്രജാസഭയിൽ ഈ വിഷയങ്ങൾ അയ്യങ്കാളി അവതരിപ്പിച്ച കാലത്ത് ഇതിൽ മിക്കതും നമ്മുടെ നാടിനു പരിചിതമായ കാര്യങ്ങൾ ആയിരുന്നില്ലെന്നും ഓർമിക്കണം. 

1924 മാർച്ച് 10നു ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി അവതരിപ്പിച്ച പ്രമേയം

‘‘പുലയരുടെയും പറയരുടെയും കുട്ടികൾ പലപ്പോഴും രാവിലെ ഒന്നും കഴിക്കാതെയാണ് സ്കൂളിൽ പോകേണ്ടി വരുന്നത്. ഉച്ചയ്ക്കും ഭക്ഷണമില്ലാതെ പഠനം തുടരാൻ വളരെ പ്രയാസമാണ്. അതുകൊണ്ട് അവർക്ക് ഉച്ചഭക്ഷണം നൽകാനുള്ള ഏർപ്പാടുണ്ടാക്കുന്നത് നന്നായിരിക്കും. ഒരു കുട്ടിക്ക് ഒരുനേരത്തെ ആഹാരത്തിന് ഒരു ചക്രമോ അരനാഴിയരിയോ മതിയാവും. ഈ ആനുകൂല്യം ചെയ്തു കൊടുത്തില്ലെങ്കിൽ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാരിന്റെ സൗജന്യങ്ങൾ പ്രയോജനപ്പെടുത്താൻ പാവപ്പെട്ട സമുദായത്തിലെ കുട്ടികൾക്കു കഴിയാതെ വരും.’’

(1984ൽ കേരളത്തിലാണ് രാജ്യത്ത് ആദ്യമായി സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണപദ്ധതി നടപ്പാക്കിയത്. 1995 ഓഗസ്റ്റ് 15ന് ഉച്ചക്കഞ്ഞി വിതരണം കേന്ദ്രസർക്കാർ ദേശീയ നയത്തിന്റെ ഭാഗമാക്കി.)

(അയ്യങ്കാളിയുടെ കൊച്ചുമകനായ ലേഖകൻ ഗവ. റിട്ട. അഡീഷനൽ സെക്രട്ടറിയാണ്)

English Summary: Tribute To Social Reformer Mahatma Ayyankali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com