ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ‍ ദേശീയ ജനാധിപത്യ സഖ്യ(എൻഡിഎ) സർക്കാർ തുടർച്ചയായ മൂന്നാം തവണ അധികാരമേറ്റിരിക്കുകയാണ്. വികസിത ഭാരതമെന്ന ലക്ഷ്യം മുന്നിൽ നിൽക്കുമ്പോൾ, 142 കോടി പൗരരുടേതായ ഇന്ത്യ വലിയ പ്രതീക്ഷയാണ് പുതിയ സർക്കാരിനെ ഭരമേൽപിക്കുന്നത്.

മൂന്നു മാസത്തോളം നീണ്ട പ്രക്രിയയിലൂടെയാണ് 18–ാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തത്. 2019ലെ വോട്ടു ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തത്തിൽ ചെറിയൊരു ശതമാനം കുറവുണ്ടായി. എന്നിരുന്നാലും, വ്യക്തതയുള്ളതാണ് ജനവിധി: ബിജെപിക്കു തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ല, എൻഡിഎക്കു ഭരണഭൂരിപക്ഷമുണ്ട്; പ്രതിപക്ഷത്തിനു ലോക്സഭയിൽ കൂടുതൽ പ്രാതിനിധ്യവുമുണ്ട്. 

കഴിഞ്ഞ 10 വർഷം ബിജെപിക്കു തനിച്ചുള്ള ഭരണത്തിനു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതു  ബിജെപിയുടെ സർക്കാരായിരുന്നു; മന്ത്രിസഭയിൽ സഖ്യകക്ഷി സാന്നിധ്യം നാമമാത്രമായിരുന്നു. ഇത്തവണ അങ്ങനെയല്ല. സഖ്യകക്ഷികളുടെ സഹകരണത്തോടെയാണ് ബിജെപിക്കു ഭരണത്തുടർച്ച സാധ്യമായിരിക്കുന്നത്; മന്ത്രിസഭയിൽ ഘടകകക്ഷികൾക്കു നിർണായക സ്വാധീനത്തിനുള്ള ഇടമുണ്ട്. 

ജനക്ഷേമവും രാജ്യപുരോഗതിയും ലക്ഷ്യംവച്ചുള്ളതും രാജ്യത്തിന്റെ യശസ്സുയർത്തുന്നതുമായ പല കാര്യങ്ങളും മോദി സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിലുണ്ടായെന്നതു തർക്കമില്ലാത്ത കാര്യമാണ്. ശാക്തികവും വാണിജ്യപരവുമായി ഏറ്റുമുട്ടുന്ന രാജ്യങ്ങളോടുള്ള സമീപനത്തിലും അറബ്‌ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും ഉണ്ടാക്കിയ നേട്ടങ്ങൾ എടുത്തുപറയാം. കോവിഡ് പ്രതിസന്ധിയെ മറികടന്ന് സാമ്പത്തികവളർച്ചയുടെ പാതയിൽ പിടിച്ചുനിൽക്കാൻ സാധിച്ചതും േദശീയസുരക്ഷയ്ക്കു നൽകിയ പ്രാധാന്യവും ഭീകരവാദം വലിയൊരുപരിധിവരെ അമർച്ച ചെയ്യാൻ സാധിച്ചതും നേട്ടങ്ങൾതന്നെ.

എന്നാൽ, ഭരണകക്ഷിക്കു തനിച്ചു ഭൂരിപക്ഷമെന്നത് എന്തുകൊണ്ട് ആവർത്തിക്കാനായില്ലെന്നതും ഉണ്ടായിരുന്നതിൽ 63 സീറ്റ് നഷ്ടപ്പെട്ടുവെന്നതും ഗൗരവമായ പരിശോധന അർഹിക്കുന്നു. 

പല സന്ദേശങ്ങളും ഉള്ളടങ്ങുന്നതാണ് ഇത്തവണത്തെ ജനവിധി എന്നു വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിൽ കേന്ദ്രത്തിലെ ഭരണകക്ഷി പ്രകടമാക്കിയ രീതികളിൽ പലതും ജനം അംഗീകരിച്ചില്ല എന്നതാണ് സന്ദേശങ്ങളിൽ പ്രധാനം. സർക്കാരിൽ അമിതമായ അധികാരകേന്ദ്രീകരണമുണ്ടായി എന്ന ആരോപണമുയർന്നു. തിരഞ്ഞെടുപ്പു കമ്മിഷനുൾപ്പെടെ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ ദുർബലമാക്കുന്നുവെന്നും പ്രതിപക്ഷ അഭിപ്രായങ്ങൾക്കു ചെവികൊടുക്കാതെയും വേണ്ടത്ര ചർച്ചകളില്ലാതെയും പാർലമെന്റിൽ ബില്ലുകൾ തിടുക്കത്തിൽ പാസാക്കുന്നുവെന്നും പരാതിയുണ്ടായി. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ആവശ്യമില്ലെന്ന മട്ടിലുള്ള സമീപനവും വിമർശിക്കപ്പെട്ടു. നിയമനിർമാണത്തിലുൾപ്പെടെ ന്യൂനപക്ഷങ്ങൾ‍ക്ക് ആശങ്കാകരമായ നടപടികളെടുക്കുന്നുവെന്നും അധികാര കേന്ദ്രങ്ങളെ വിമർശിക്കുന്ന വ്യക്തികളെയും പൗരപ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും പല മാർഗങ്ങളിലൂടെ നിശ്ശബ്ദമാക്കുന്നുവെന്നും ആക്ഷേപമുണ്ടായി.  

മണിപ്പുരിൽ സമാധാനം സാധ്യമാക്കുന്നതിലുണ്ടായ പരാജയവും ചൈനയുമായുള്ള അതിർത്തിയിൽ ഇപ്പോഴും തുടരുന്ന സംഘർഷ സാഹചര്യവും സർക്കാരിന്റെ കാര്യശേഷിയെക്കുറിച്ചു ചോദ്യങ്ങളുയർത്തി. ജനത്തെ എങ്ങനെ ബാധിക്കുമെന്നു വിലയിരുത്താതെയെടുത്ത നോട്ടുനിരോധനംപോലെയുള്ള തീരുമാനങ്ങളും കർഷകസമരത്തെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങളും തിരിച്ചടിച്ചതായി കരുതണം.

ഭരണഘടനയിൽ അടിസ്ഥാനപരവും പാർട്ടി താൽപര്യപ്രകാരവുമുള്ള തിരുത്തലുകൾ വരുത്തിയേക്കുമെന്നുള്ള ആശങ്കയും വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്നു വിലയിരുത്തപ്പെടുന്നു. 

കൂട്ടുകക്ഷി സർക്കാരാണ് ഭരിക്കേണ്ടതെന്നും പാർലമെന്റിൽ നേതാവുള്ള ശക്തമായ പ്രതിപക്ഷം വേണമെന്നും വോട്ടിലൂടെ ജനം വ്യക്തമാക്കുമ്പോൾ തെളിഞ്ഞുനിൽക്കുന്നതു ജനാധിപത്യത്തിന്റെ മഹിമ തന്നെയാണ്. ഭരണഘടനാശിൽപികൾ വിഭാവന ചെയ്ത ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളിലും സ്വഭാവഗുണങ്ങളിലുംനിന്നു വ്യതിചലിക്കാതെയുള്ള പ്രവർത്തനമാണ് പുതിയ എൻഡിഎ സർക്കാരിൽനിന്നു ജനം പ്രതീക്ഷിക്കുന്നത്. അതു സാധ്യമാക്കുന്നതിന് മുഖ്യക്ഷിയായ ബിജെപിക്കു മാത്രമല്ല, ഭരണസഖ്യത്തിലെ മറ്റെല്ലാ കക്ഷികൾക്കും ഉത്തരവാദിത്തമുണ്ട്. 

സഖ്യകക്ഷി ധർമം പാലിച്ച്, വിവാദവിഷയങ്ങൾ‍ മാറ്റിവച്ച് ഭരിച്ച എ.ബി.വാജ്പേയി സർക്കാരിനെ പിന്തുണച്ചിരുന്ന എൻ.ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ള അനുഭവപരിചയം സർക്കാരിനു കരുത്താവണം. എന്നാൽ, സഖ്യകക്ഷി സർക്കാരെന്നതു ഞാണിന്മേൽ കളിയെന്ന ചരിത്രം ആവർത്തിക്കാനും പാടില്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും അതിലൂടെ സാധാരണ ജനത്തിന്റെ അഭിവൃദ്ധിക്കും സുസ്ഥിരഭരണം സുപ്രധാനമാണ്. ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാനാണ് ജനം പുതിയ കരുത്തുനൽകിയിരിക്കുന്നതെന്ന വസ്തുത പ്രതിപക്ഷവും മറക്കരുത്; വോട്ടർമാർ പ്രതിപക്ഷത്തിനു നൽകുന്ന പ്രാധാന്യം അംഗീകരിച്ചുള്ളതാവണം പാർലമെന്റിലുൾപ്പെടെ സർക്കാരിന്റെ സമീപനവും. 

കഴിഞ്ഞ ദിവസം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി തൊട്ടുവണങ്ങിയതും ഇന്നലെ അദ്ദേഹവും മന്ത്രിമാരും ചൊല്ലിയ സത്യവാചകങ്ങൾ ഉൾപ്പെടുന്നതുമായ ഭരണഘടനയെ ചേർത്തുപിടിച്ചുള്ളതാണ് ഭരണം എന്നുറപ്പാക്കിയാൽ  അതു ജനാധിപത്യപരമായ സദ്ഭരണമാവും.

English Summary:

Editorial about third Narendra Modi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com