ADVERTISEMENT

ഹരിത മനോഹര കേരള’മെന്നു കൊട്ടിഘോഷിക്കുകയും ആ കുളിരിൽ സ്വയം മുങ്ങിത്താഴുകയും ചെയ്തതിന്റെ ദുഃഖകരവും ഭയാനകവുമായ അനന്തരഫലമാണ് ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദുരന്തം. മാലിന്യക്കൂമ്പാരം നീക്കാനിറങ്ങിയ തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിക്കുണ്ടായ ദുർവിധി നമ്മൾ പ്രചരിപ്പിക്കുന്ന പലതും കള്ളമാണെന്നു കൂടിയാണ് വിളിച്ചുപറയുന്നത്. ലോകബാങ്കിന്റെയും എഡിബിയുടെയുമൊക്കെ സഹായത്തോടെ ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്ന ഒരു നാടിന്റെ തലസ്ഥാനത്താണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഉത്തരവാദപ്പെട്ടവർ ലജ്ജിച്ചു തലതാഴ്ത്തുകയാണു വേണ്ടത്.

നഗരത്തിലെ മാലിന്യസംസ്കരണം തദ്ദേശ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താനും അവർ പിന്നീട് അത് ആവർത്തിക്കാത്തവിധം ശിക്ഷാനടപടികൾ സ്വീകരിക്കാനും ഭരണാധികാരികൾക്കു കഴിയണം. 13 വർഷത്തിനിടയിൽ 12 കോടിയിലധികം രൂപ ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനു മാത്രം ചെലവഴിച്ചിട്ടും അതിനൊരു ശാശ്വതപരിഹാരം കണ്ടെത്താൻ തിരുവനന്തപുരം കോർപറേഷനു കഴിഞ്ഞില്ല എന്നതു ഞെട്ടിക്കുന്ന കാര്യമാണ്.

ഒരു പ്രദേശത്തു ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്ഥലം ഉടമയുടെ അനുമതി ഇല്ലാതെതന്നെ ഇടപെടാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുണ്ട്. അതും തിരുവനന്തപുരം നഗരത്തിൽ നടന്നില്ല. 2015ൽ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ മാതൃകയായി മുന്നിലുണ്ടായിട്ടും ആ അധികാരങ്ങളൊന്നും തുടർന്ന് ഉപയോഗിക്കാഞ്ഞത് ഭരിക്കുന്നവരുടെ വീഴ്ചയാണ്.

ദുരന്തമുണ്ടായപ്പോൾ പരസ്പരം പഴിചാരാനുള്ള ശ്രമമാണ് നടക്കുന്നത്. റെയിൽവേ പരിസരത്തേക്ക് അടുപ്പിക്കുന്നില്ലെന്നു കോർപറേഷൻ ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ മുതൽ 3 തവണ കത്തു നൽകിയിട്ടും റെയിൽവേ തങ്ങളുടെ അധീനതയിലുള്ള തോട്ടിലെ മാലിന്യം നീക്കാൻ ഇടപെട്ടില്ലെന്നാണ് പരാതി. ഒടുവിൽ മഴ കനത്ത ദിവസം, നഗരത്തിലെ മുഴുവൻ ജലവും കുത്തിയൊലിച്ചെത്തിയ തോട്ടിലേക്കു സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ 3 കരാർ തൊഴിലാളികളെ ഇറക്കി വിടുകയായിരുന്നു. എത്ര ലാഘവത്തോടെയാണ് ഉത്തരവാദപ്പെട്ടവർ കാര്യങ്ങളെ കാണുന്നതെന്നതിനു മറ്റെന്തു തെളിവു വേണം?

പ്ലാറ്റ്ഫോമുകൾക്ക് അടിയിലൂടെ ഒഴുകുന്ന തുരങ്കത്തിൽനിന്ന് 5 വർഷത്തിലൊരിക്കൽ മാലിന്യം നീക്കി വെള്ളമൊഴുക്ക് സുഗമമാക്കാൻ റെയിൽവേക്കു വർഷങ്ങൾക്കു മുൻപു തന്നെ സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും അതു ചെയ്യാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ മാലിന്യങ്ങൾ ഓരോ വർഷവും നീക്കാനും നടപടിയുണ്ടായില്ല. അതേസമയം, മാലിന്യം നീക്കം ചെയ്യുന്നതിൽനിന്ന് ആരെയും തടഞ്ഞിട്ടില്ലെന്നാണ് റെയിൽവേയുടെ മറുപടി.

2015ൽ കോഴിക്കോട്ട് മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ചു മരിച്ച 2 അതിഥിത്തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോഡ്രൈവറായ നൗഷാദ് മരണത്തിനു കീഴടങ്ങിയതു നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു. അത് അധികാരികൾക്കു പാഠമായില്ല എന്നാണ് ആമയിഴഞ്ചാൻ തോട് സംഭവം തെളിയിക്കുന്നത്. ഇന്നും സംസ്ഥാനത്തെ നഗരസഭകളിൽ ഓടകളും മാൻഹോളുകളും മാലിന്യം നിറഞ്ഞ തോടുകളും വൃത്തിയാക്കാൻ നിയോഗിക്കപ്പെടുന്ന ആയിരക്കണക്കിനു തൊഴിലാളികളുണ്ട്. നാമമാത്രമായ കൂലിക്കുവേണ്ടിയാണ് അവർ ഈ മലിനജലം കുടിച്ചും വിഷവാതകം ശ്വസിച്ചും ജോലി ചെയ്യുന്നത്.

ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തിൽ സ്റ്റാർട്ടപ് സംരംഭമായ ജൻറോബട്ടിക്സ് നിർമിച്ച ബാൻഡികൂട്ട്്, ദ്രാവകങ്ങളിലൂടെ നീന്തി ദൃശ്യങ്ങൾ പകർത്താൻ തയാറാക്കിയ ഡ്രാക്കോ എന്നീ റോബട്ടുകളുടെ സഹായം വലുതായിരുന്നു. അഗ്നിരക്ഷാ സേന, എൻഡിആർഎഫ് തുടങ്ങിയ സേനകളുടെ പ്രയത്നവും ഇടതടവില്ലാതെ ഉണ്ടായി. എങ്കിലും മാനുഷികമായ ഇടപെടലിന് അപ്പുറം ദുർഘടമായ തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഇപ്പോഴും നമ്മുടെ സേനകൾക്കു ലഭ്യമല്ലെന്നതും കാണണം.

‘ആറ്റിൽ കളയുക’ എന്ന ശീലം മലയാളി മാറ്റണം എന്നു കൂടിയാണ് ആമയിഴഞ്ചാൻ തോട് ദുരന്തം നമ്മെ ഓർമിപ്പിക്കുന്നത്. വഴിയരികിലും പൊതുജലാശയങ്ങളിലും മാലിന്യം തള്ളാതിരിക്കാനുള്ള പൗരബോധം നമ്മൾ ഓരോരുത്തരും ആർജിക്കണം.

മാലിന്യമുക്ത കേരളം, വികേന്ദ്രീകൃത മാലിന്യ നിർമാർജനം, ഹരിത കർമസേന എന്നിങ്ങനെ വിവിധ പേരുകളിൽ പല ഏജൻസികൾ വഴി ഖരമാലിന്യ നിർമാർജനം നടത്തുന്നു. വലിയൊരു വിഭാഗം മാലിന്യവും ഉറവിടത്തിൽ സംസ്കരിക്കുന്നുവെന്നാണു പറയുന്നത്. ഇതൊക്കെ എത്രത്തോളം ഫലപ്രദമായി നടക്കുന്നെന്ന ചോദ്യം കൂടിയാണ് ഇപ്പോൾ ഉയരുന്നത്. നഗരമധ്യത്തിലൂടെ ഇത്രയും മാലിന്യം ഒഴുകുമ്പോൾ ബന്ധപ്പെട്ട ഏജൻസികളും അവരെ നിരീക്ഷിക്കേണ്ടവരും എന്തു ചെയ്യുകയായിരുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഭരണാധികാരികൾക്കു ബാധ്യതയുണ്ട്. 

English Summary:

Editorial about Amayizhanjan Thodu incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com