ADVERTISEMENT

അരനൂറ്റാണ്ടിനുള്ളിൽ േകരളത്തിൽ നികത്തപ്പെട്ടുപോയ കുളങ്ങളുടെ കണക്കെടുത്താൽ അത് അമ്പരപ്പിക്കുന്നതാവും. എല്ലാ കുളങ്ങളും നികത്തി ജീവിതംതന്നെ കുളം തോണ്ടിയപ്പോഴാണ് പണ്ടു തൂർത്ത നിലങ്ങളിൽ നാം മഴക്കുഴികൾ തീർത്തു പ്രായശ്ചിത്തം ചെയ്യുന്നത്. പക്ഷേ, കുളത്തോളം വരുമോ മഴക്കുഴി. 

ആലങ്കോട് ലീലാകൃഷ്ണൻ

 ‘കവർ സോങ്സ്’ എന്ന സംഗതി ഒരു തരത്തിൽ നോക്കുമ്പോൾ നല്ലതുമാണ്, അതുപോലെ മോശവുമാണ്. പല പുതിയ ഗായകരെയും കവർ സോങ്സ് വഴി കിട്ടുന്നു. ഒറിജിനൽ പാട്ടിന്റെ ആത്മാവു നഷ്ടപ്പെടുത്തുന്ന മട്ടിൽ മാറ്റങ്ങൾ വരുത്തുന്നുവെന്നതാണു ദോഷം. പിന്നെ ഇത്തരം കവർ സോങ്ങുകളാണ് ഒറിജിനലെന്ന് ഇന്നത്തെ തലമുറയിലെ പലരും കരുതുന്നുണ്ട്. ദശരഥത്തിലെ ‘മന്ദാരച്ചെപ്പുണ്ടോ’ എന്ന പാട്ട് തൈക്കൂടം ബ്രിജിന്റേതാണെന്നു കരുതുന്ന ആളുകളുണ്ട്. 

ബിജിബാൽ 

തലമുറകളിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതം അനുസ്യൂതമായ കുടിയേറ്റങ്ങളുടെ കഥയാണു കാഴ്ചവയ്ക്കുന്നത്. ഭൂമേഖലകളിലെന്നപോലെ മാനസികവും ആത്മീയവുമായ മേഖലകളിലും അതു തുടരുന്നു. അടങ്ങാത്ത അന്വേഷണത്വര അതിലെ പ്രേരകശക്തിയാണ്. 

എം.കെ.സാനു 

സ്ത്രീ ഒരു വ്യക്തി എന്ന നിലയിൽ എത്രമാത്രം പരിഗണിക്കപ്പെടുന്നുണ്ട് എന്നതു സംശയാസ്പദമാണ്. സ്ത്രീക്കും പുരുഷനും വരുന്ന രോഗങ്ങളുണ്ട്. എന്നാൽ, സ്ത്രീശരീരത്തിന്റെ പ്രത്യേകതകൾ കൂടി പരിഗണിച്ചുകൊണ്ടല്ല നമ്മുടെ പല പഠനങ്ങളും നടന്നിട്ടുള്ളത്. പുരുഷ കേന്ദ്രീകൃതമായ ലോകമാണ് നമ്മുടേത്. ആ കാഴ്ചപ്പാടു തന്നെയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. 

ഖദീജ മുംതാസ് 

പതിനെട്ടാമത്തെ വയസ്സിലാണ് ആദ്യമായി എന്റെ കഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. എഴുതില്ലെന്നു ശപഥം ചെയ്യാൻ അന്ന് അമ്മ എന്നെ പൊതിരെ തല്ലി. മുറിക്കുള്ളിൽ ഇട്ടുപൂട്ടി. എന്റെ കണ്ണീരെടുത്ത് ജനൽപടിയിലെ പൂഴിയിൽ ഞാൻ എഴുതിയത് ഇനിയും എഴുതും എന്നാണ്. അന്നായിരിക്കണം എന്നിലെ എഴത്തുകാരി ജനിച്ചത്. പെണ്ണായതുകൊണ്ടുമാത്രം സമൂഹം അരുതെന്നു പറഞ്ഞ ഒരുപാടു കാര്യങ്ങളെ ഞാൻ ധിക്കരിക്കാൻ തുടങ്ങിയത് അന്നുമുതലാണ്.

മാനസി

ഈ ലോകത്ത് ഏറ്റവും നല്ല ജോലി കൃഷിപ്പണിയാണ്. ശുദ്ധമായ മനസ്സുള്ളവരാണു കർഷകർ. അതുകൊണ്ടാണു പ്രതിസന്ധി വരുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ അവർ ആത്മഹത്യ ചെയ്യുന്നത്. 

ചെറുവയൽ രാമൻ

എങ്ങനെയാണ് കുപ്പത്തൊട്ടിയിൽ കളഞ്ഞ ഒരു സിനിമ മാണിക്യമായി വരിക? ‘ദേവദൂതൻ’ 24 കൊല്ലം മുൻപു മരിച്ചു പോയതാണ്. എന്നാൽ, മരിച്ചതിനെ ഉയിർത്തെഴുന്നേൽപിക്കുന്ന ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ ഉയിർത്തെഴുന്നേൽപാണു സംഭവിച്ചത്. 

സിബി മലയിൽ

 പറഞ്ഞു കേട്ടിട്ടുള്ളത് കർണാടക സംഗീതം കർണങ്ങൾക്ക് ഇമ്പമുള്ള സംഗീതം എന്നാണ്. അപ്പോൾ മറ്റു സംഗീതരൂപങ്ങൾ ഒന്നും അങ്ങനെയല്ല എന്നാണോ? ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ്. ആദ്യം നാം ചെയ്യേണ്ടത് ഈ രണ്ടു പേരുകളും ഉപേക്ഷിക്കുക എന്നതാണ്. ഹിന്ദുസ്ഥാനി സംഗീതം ഉത്തരേന്ത്യൻ സംഗീതം എന്നും കർണാടകസംഗീതം ദക്ഷിണേന്ത്യൻ സംഗീതം എന്നും പുനർനാമകരണം ചെയ്യപ്പെടേണ്ടതാണ്. 

രമേശ് നാരായണൻ 

പക്വതയും അനുഭവവും കൈവന്നപ്പോൾ സിനിമയോടുള്ള എന്റെ സമീപനവും മാറിയിട്ടുണ്ട്. ഏതു സിനിമയുടെ ക്ഷണം വന്നാലും അതിൽ ഏതു തിരഞ്ഞെടുക്കണം എന്നുള്ളത് എന്റെ മാത്രം അവകാശവും സ്വാതന്ത്ര്യവുമാണ്. അതു മറ്റാർക്കും ഞാൻ നൽകിയിട്ടില്ലാത്തതിനാൽ അതു പരാജയമായാൽ എന്റെ മാത്രം പ്രവൃത്തിയുടെ ഫലമാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

ആസിഫ് അലി

എന്നെവച്ച് 20 കോടിയുടെ സിനിമ ചെയ്യാമെന്നു പറഞ്ഞ് നിർമാതാവ് വന്നാൽ ചെയ്യരുതെന്നു ഞാൻ പറയും. അതു തിരിച്ചു കിട്ടില്ലെന്ന് എനിക്കറിയാമല്ലോ. സിനിമയുടെ സമ്മർദം നമ്മൾ മാത്രമല്ലല്ലോ അനുഭവിക്കുന്നത്.

ഷറഫുദ്ദീൻ  

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com