ADVERTISEMENT

കലാപത്തിനു പിന്നാലെ ഷെയ്ഖ് ഹസീനയ്ക്കു പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നതു ബംഗ്ലദേശിന്റെ ചരിത്രത്തിലെ ദുഃഖപര്യവസായിയായ സംഭവവികാസമാണ്. 53 വർഷം മുൻപു ഷെയ്ഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാൻ പട്ടാളത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടർന്നു ജന്മമെടുത്ത രാജ്യം മറ്റൊരു പട്ടാളഭരണത്തിൽ അവസാനിച്ചിരിക്കുന്നു. അന്നു നാടുവിടേണ്ടിവന്ന ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ ഇപ്പോൾ മുജീബിന്റെ മകൾക്കും ഇന്ത്യയിൽ അഭയം തേടേണ്ടിവന്നു.

ധാക്കയിലെ ഹസീനയുടെ വീടും മുജീബുർ   റഹ്മാന്റെ പ്രതിമയും പ്രക്ഷോഭകർ തകർത്ത സംഭവം ചരിത്രത്തിലെ വൈരുധ്യമാണ്. സ്വാതന്ത്ര്യസമരം നയിച്ച, രാഷ്ട്രപിതാവ് എന്നുവിളിക്കപ്പെട്ട മുജീബിനെയും കുടുംബാംഗങ്ങളെയും 1975ൽ വധിച്ചിരുന്നു. അന്നു വിദേശത്തായിരുന്നതിനാലാണു ഹസീന രക്ഷപ്പെട്ടത്. ആ പാരമ്പര്യമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

ഹസീനയും ഉത്തരവാദി

ഇടക്കാല സർക്കാർ വാഗ്ദാനം ചെയ്ത സൈനിക തലവൻ ജനറൽ വഖാറുസ്സമാൻ അതിൽ സൈന്യത്തിനു പങ്കാളിത്തമുണ്ടാകുമോയെന്നു വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ഭരണം ആരുടെ കൈപ്പിടിയിലായിരിക്കുമെന്ന കാര്യത്തിൽ സംശയം ആവശ്യമില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു ഹസീനയും ഉത്തരവാദിയാണ്. സാമൂഹിക, സാമ്പത്തിക കാരണങ്ങളെത്തുടർന്ന് ഉയർന്നുവന്ന പ്രക്ഷോഭത്തിന്റെ സൂചനകൾ മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. 1971ൽ വിമോചനസമരം നയിച്ചവർക്ക് ഏർപ്പെടുത്തിയിരുന്ന 30% ജോലി സംവരണം പിന്നീട് അവരുടെ കുട്ടികളിലേക്കും പേരക്കുട്ടികളിലേക്കും നീണ്ടതു റദ്ദാക്കണമെന്നാണു പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. അതു ശരിയുമായിരുന്നു.

പ്രക്ഷോഭം നടത്തിയവരെ ‘റസാക്കർ’ എന്നും ഭീകരരെന്നും ഹസീന വിളിച്ചു. വിമോചനസമരകാലത്തു പാക്കിസ്ഥാനെ പിന്തുണച്ചവരാണ് റസാക്കർമാർ.  സുപ്രീം കോടതി സംവരണം 5% ആയി വെട്ടിക്കുറച്ചത് ഇരുവിഭാഗത്തിനും മുഖംരക്ഷിക്കാൻ കിട്ടിയ അവസരമായിരുന്നു. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു. സുരക്ഷാസേനയെ ഉപയോഗിച്ചു നടത്തിയ അടിച്ചമർത്തൽ ജനകീയ രോഷത്തിന് ഇടവരുത്തി.

അഴിമതി, അപ്രമാദിത്വം

പാർലമെന്റിലെ പിന്തുണയാണ് ഈ പ്രക്ഷോഭത്തെ അടിച്ചമർത്താമെന്ന അപക്വമായ അമിത ആത്മവിശ്വാസം ഹസീനയ്ക്കു നൽകിയത്. തന്റെ പിതാവിനും സമാനമായ പിന്തുണയുണ്ടായിരുന്നുവെന്ന കാര്യം അവർ മറന്നുപോയി. ധാക്കയിൽ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞതും ശ്രീലങ്കയിൽ രണ്ടു കൊല്ലം മുൻപുനടന്ന സംഭവങ്ങളും സമാനതയുള്ളതാണ്. അന്നു ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയും പാർലമെന്റിൽ വൻ ഭൂരിപക്ഷം അവകാശപ്പെട്ടിരുന്നു.

2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പും മുഖ്യപ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ബഹിഷ്കരിച്ച ഈ ജനുവരിയിലെ തിരഞ്ഞെടുപ്പും വലിയ ക്രമക്കേടുകൾ നടന്നവയാണെന്നു ഭൂരിപക്ഷം ജനാധിപത്യ രാജ്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. അസാധാരണ ഭൂരിപക്ഷത്തോടെയാണു 3 തവണയും ഹസീന ജയിച്ചത്.

മഹേന്ദ്ര വേദ്, ധാക്കയിൽ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മരണാർഥമുള്ള ബംഗബന്ധു മെമ്മോറിയൽ മ്യൂസിയത്തിനു പ്രക്ഷോഭകാരികൾ തീവയ്ക്കുന്നു. മുജീബുർ റഹ്മാന്റെ ചിത്രം മുന്നിൽ. ചിത്രം: എഎഫ്പി
മഹേന്ദ്ര വേദ്, ധാക്കയിൽ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മരണാർഥമുള്ള ബംഗബന്ധു മെമ്മോറിയൽ മ്യൂസിയത്തിനു പ്രക്ഷോഭകാരികൾ തീവയ്ക്കുന്നു. മുജീബുർ റഹ്മാന്റെ ചിത്രം മുന്നിൽ. ചിത്രം: എഎഫ്പി

ഇപ്പോഴത്തെ സംഭവങ്ങളിൽ ബിഎൻപിക്കു പുറമേ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും മറ്റു മുസ്‌ലിം സംഘടനകളുടെയും പങ്കാളിത്തം വ്യക്തമാണ്. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ബംഗ്ലദേശിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടില്ല. എന്നാൽ, ഹസീനയോടുള്ള വിരോധം കാരണം പാശ്ചാത്യ രാജ്യങ്ങൾ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. സമീപകാലത്തു രണ്ടുതവണയാണ് ഹസീന ഇന്ത്യ സന്ദർശിച്ചത്. ഈ പ്രശ്നങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ സർക്കാരിലെ ഉന്നതരോടോ അവർ എന്തെങ്കിലും സൂചന നൽകിയതായി അറിവില്ല.

എഴുപതുകളിലെ ദരിദ്രകാലത്തു മാത്രമല്ല, കഴിഞ്ഞ ദശകത്തിൽ ഏഷ്യയിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയ കാലത്തും അഴിമതിയുടെ ദുഷ്പേര് ബംഗ്ലദേശിന് ഉണ്ടായിരുന്നു. തന്റെ വീട്ടിലെ ഒരു ജോലിക്കാരൻ ഹെലികോപ്റ്ററിൽ സഞ്ചരിക്കാൻ വേണ്ടത്ര പണം സമ്പാദിച്ചകാര്യവും അതിനെതിരെ സ്വീകരിച്ച നടപടിയും കഴിഞ്ഞമാസമാണ് ഹസീന പ്രഖ്യാപിച്ചത്. ഇതിനു പുറമെയാണ് എതിരാളികളെ ഭരണകക്ഷി സ്വന്തം പ്രവർത്തകരെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നത്.

ജനാധിപത്യം‌ ഇനിയെന്ന്?

രണ്ടുവർഷം നീണ്ട സൈനിക ഭരണത്തിനു പിന്നാലെയാണ് 2009ൽ ഹസീന തിരഞ്ഞെടുപ്പു ജയിച്ച് അധികാരത്തിലെത്തിയത്. 3 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തുമെന്നു വാഗ്ദാനം ചെയ്താണ് അത്തവണ സൈന്യം അധികാരം പിടിച്ചത്. ബദ്ധവൈരികളായ ഹസീനയും ബീഗം ഖാലിദ സിയയും ഇല്ലാത്ത ഒരു ‘സൗഹൃദ’സർക്കാരാവും വരികയെന്നാണ് ഇപ്പോഴത്തെ അട്ടിമറിയുടെ സൂത്രധാരർ വ്യക്തമാക്കുന്നത്. ജനറൽ വഖാറുസ്സമാൻ രാജ്യത്തെ ജനാധിപത്യചേരിയിലേക്ക് എന്നാകും നയിക്കുകയെന്നതു കാത്തിരുന്നു കാണേണ്ടതാണ്.

പിതാവിന്റെ വധത്തിനു പിന്നാലെ 1975 ഓഗസ്റ്റ് മുതൽ 1981 മേയ് വരെ 6 വർഷത്തോളം ഷെയ്ഖ് ഹസീന ഇന്ത്യയിലാണു താമസിച്ചത്. പിന്നീടവർ മടങ്ങിപ്പോയി.  ഇനി ഒരു മടക്കയാത്ര ഉണ്ടാകുമോ എന്നതു കണ്ടറിയണം.

(പ്രശസ്ത മാധ്യമപ്രവർത്തകനായ മഹേന്ദ്ര വേദ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ധാക്ക ചീഫ് ഓഫ് ബ്യൂറോ ആയിരുന്നു.)

English Summary:

Bangladesh crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com