ADVERTISEMENT

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലയുടെ വിലാപംകേട്ടു കൈകോർത്ത് കേരളം ഒരുമിച്ചൊഴുകി ദുഃഖിതരിലേക്കു സ്‌നേഹവും കരുതലും നിറയ്ക്കുകയാണിപ്പോൾ. ഉരുൾപാച്ചിൽ ഒട്ടേറെപ്പേരെ നഷ്ടങ്ങളുടെ ആഴത്തിലേക്കു താഴ്ത്തിയപ്പോൾ, സ്നേഹസാഹോദര്യങ്ങൾ ഒരുമിപ്പിച്ച അതിലുമെത്രയോ പേർ അവരെ ജീവിതത്തിലേക്കു കൈപിടിക്കാനുമുണ്ടാവുന്നതാണ് ഇപ്പോൾ നാം കാണുന്നത്. ജീവിതം പാതിവഴിയിൽ നിലച്ചുപോയവരെ തിരികെക്കെ‍ാണ്ടുവരാൻ സർക്കാർ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. 

എല്ലാം നഷ്ടപ്പെട്ടവരാണ് ഈ മേഖലയിലാകെ. വീടും ജീവനോപാധികളും നഷ്ടപ്പെട്ട് അനിശ്ചിതഭാവിയിലേക്ക് ആശങ്കയോടെ നോക്കുന്ന എത്രയോ പേർ ക്യാംപുകളിലും മറ്റുമായുണ്ട്. ചെറുകിട വ്യാപാരമേഖലയിലുള്ളവരും കന്നുകാലിവളർത്തലുൾപ്പെടെയുള്ള ജീവിതവഴികൾ നഷ്ടപ്പെട്ട കർഷക കുടുംബങ്ങളുമെ‍ാക്കെ ഉരുൾപെ‍ാട്ടലിന്റെ ഇരകളാണ്. ഇവരെയെ‍ാക്കെയും ജീവിതത്തിലേക്കും ആത്മവിശ്വാസത്തിലേക്കും മടക്കിവിളിക്കാനുതകുന്നതാകണം പുനരധിവാസദൗത്യം.   

ദുരന്തത്തിൽനിന്നു മാത്രമല്ല, പുനർനിർമാണ പ്രവർത്തനങ്ങളിൽനിന്നുപോലും ആവർത്തിച്ചുകൂടാത്ത ചില പാഠങ്ങൾ കണ്ടെടുക്കാനാവും. പ്രളയവും മഹാമാരിയുമെല്ലാം നിസ്സഹായതയോടെ അനുഭവിക്കുന്നവരുടെ ജീവിതംകൊണ്ടെഴുതിയ സങ്കടഹർജികൾക്കു പലപ്പോഴും പരിഹാരമുണ്ടാകുന്നില്ലെന്നതാണു നമ്മുടെ അനുഭവം. കൊട്ടിഘോഷിക്കപ്പെട്ട പല പുനരധിവാസ പദ്ധതികളും രേഖകളിൽ പൊടിപിടിക്കുമ്പോൾ വർഷങ്ങളായി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെപ്പോലും കേരളം കണ്ടിട്ടുണ്ട്. സർക്കാർ തീരുമാനങ്ങളുടെ മെല്ലെപ്പോക്കിനെയും ചുവപ്പുനാടയുടെ കുരുക്കിനെയും സ്വന്തം ജീവിതങ്ങൾകൊണ്ടു ചോദ്യംചെയ്യുകയാണവർ. 

ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുൾപെ‍ാട്ടലിന്റെ നാലാം വാർഷികമായിരുന്നു ഇന്നലെ. നാളെ, വയനാട്ടിലെതന്നെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലുമുണ്ടായ ഉരുൾപെ‍ാട്ടലിന്റെ അഞ്ചാം വാർഷികവും. ഇതിനകം ഈ മേഖലകളിലുണ്ടായ പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി ഈ ദുഃഖവാർഷികങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും പരിശോധിക്കാവുന്നതാണ്; ഏറ്റവും തീവ്രമായി പ്രകൃതി ദുരന്തംവിതച്ച മുണ്ടക്കൈ, ചൂരൽമല മേഖലയിൽ പുനരധിവാസദൗത്യത്തിനു സർക്കാർ ഒരുങ്ങുമ്പോൾ വിശേഷിച്ചും. 

കവളപ്പാറ ദുരന്തത്തിൽ വീടു നഷ്ടമായ എല്ലാവർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം ലഭിച്ചു. എന്നാൽ, ഭൂമി നഷ്ടപ്പെട്ടവർക്കു പകരം ഭൂമിയോ നഷ്ടപരിഹാരമോ കിട്ടിയിട്ടില്ല. 35 വ്യക്തികളുടെ 25 ഏക്കർ ഭൂമിയാണു നഷ്ടപ്പെട്ടത്. ഈ ഭൂമിയിൽ കൃഷി തുടങ്ങാനായി പലരും ബാങ്കുകളിൽനിന്നു വായ്പയെടുത്തിരുന്നു. ദുരന്തത്തിൽ ഭൂമിയാകെ നഷ്ടപ്പെട്ടെങ്കിലും വായ്പ തിരിച്ചടയ്ക്കാനുള്ള ബാങ്കുകളുടെ നോട്ടിസ് വന്നുകൊണ്ടേയിരിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

കവളപ്പാറയിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ ഭൂമി സാധാരണ നിലയിലാക്കുകയോ ഉചിതമായ നഷ്ടപരിഹാരം നൽകുകയോ വേണമെന്ന വിഷയത്തിൽ സമഗ്രമായ പദ്ധതി തയാറാക്കാനും സർക്കാരിനു ശുപാർശ നൽകാനുമായി ഉന്നതതല സമിതി രൂപീകരിക്കാൻ ഫെബ്രുവരിയിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. രണ്ടു മാസത്തിനകം സർക്കാരിനു ശുപാർശ നൽകണമെന്നും അതിന്റെ അടിസ്ഥാനത്തിൽ മൂന്നു മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്നും നിർദേശിച്ചിട്ടും ഇതുവരെ വിദഗ്ധസമിതിയെ നിയോഗിക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. 

കണ്ണൻദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവരെ മറ്റ് എസ്റ്റേറ്റുകളിലെ ലയങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുകയും മരിച്ചവരുടെ ഉറ്റവർക്കു കമ്പനി വീടുവച്ചുനൽകുകയും ചെയ്തെങ്കിലും മരിച്ചവരുടെ ബന്ധുക്കൾക്കു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വീതമുള്ള ധനസഹായം നാലു വർഷമായിട്ടും ലഭിക്കാത്തതു മറ്റെ‍ാരു വാഗ്ദാനലംഘനം. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ പുത്തുമലയിലാകട്ടെ ദുരന്തത്തിനു ശേഷം രണ്ടു വർഷം കഴിഞ്ഞാണു കുടുംബങ്ങളുടെ പുനരധിവാസം യാഥാർഥ്യമായത്.

ഇത്തരത്തിലുള്ള ഒരു ദുരനുഭവവും വയനാട്ടിലെ ദുരിതബാധിതർക്ക് ഉണ്ടായിക്കൂടാ. ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരെ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ടൗൺഷിപ് നിർമിച്ചു പുനരധിവസിപ്പിക്കുമെന്നും വേഗത്തിൽ പദ്ധതി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതിൽ വിശ്വാസമർപ്പിക്കുകയാണ് ആ മേഖലയിലുള്ളവർ. സർവതും നശിച്ചവർക്കുള്ള നഷ്ടപരിഹാരവിതരണം എത്രയുംവേഗം ആരംഭിക്കണം. വീടു തകർന്നവരെ പുനരധിവസിപ്പിക്കുന്നതിനു കാലതാമസം ഉണ്ടായിക്കൂടാ. ഇവരെയെ‍ാക്കെയും ജീവിതത്തിലേക്കു മടക്കിവിളിക്കാൻ സർക്കാരിനോടെ‍ാപ്പം പെ‍ാതുസമൂഹവും മുന്നിട്ടിറങ്ങുമെന്നു കരുതാം.

English Summary:

Editorial about rehabilitation in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com