ADVERTISEMENT

അതിമനോഹരമായ ഭൂപ്രകൃതികൊണ്ടും കാർഷികസമൃദ്ധികൊണ്ടും തനതു പ്രകൃതിവിഭവങ്ങൾകൊണ്ടുമൊക്കെ ലോകത്തെയാകെ വിരുന്നുവിളിക്കുന്ന വയനാടിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കൃഷിമേഖലയുടെ തകർച്ചയും വന്യമൃഗശല്യവും മൂലം പതിറ്റാണ്ടുകളായി ദുരിതത്തിലാണ്ട വയനാടിന്റെ സാമ്പത്തിക മരവിപ്പ് രൂക്ഷമാക്കുകയായിരുന്നു മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ. വയനാടൻ ചുരം കയറിവരുന്നവരെ സ്വാഗതം ചെയ്യുന്ന ലക്കിടിയിലെ ആ വലിയ കമാനത്തിലൂടെ ഇപ്പോൾ സഞ്ചാരികൾ അധികമെത്തുന്നില്ല.

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ മാസം ശരാശരി മൂന്നു ലക്ഷം സഞ്ചാരികളെത്തിയിരുന്നതാണ്. എന്നാൽ, ജൂലൈ മുപ്പതിനുണ്ടായ ഉരുൾപൊട്ടലിനുശേഷം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അഞ്ചു കേന്ദ്രങ്ങൾ വീണ്ടും തുറന്നദിവസം വയനാട്ടിലെത്തിയത് 168 വിനോദസഞ്ചാരികൾ മാത്രം! വയനാട് ടൂറിസം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധി വ്യക്തമാക്കുന്ന കണക്കാണിത്. കൽപറ്റയ്ക്കടുത്തുള്ള ഒരു റിസോർട്ടിൽ മാത്രം കഴിഞ്ഞമാസം 45 ലക്ഷം രൂപയുടെ ബുക്കിങ് റദ്ദാക്കേണ്ടിവന്നു. ഇത്തരത്തിൽ എത്രയോ റിസോർട്ടുകളിൽ റദ്ദാക്കലുകളുണ്ടായി.  ഉരുൾപെ‍ാട്ടലിനുശേഷമുള്ള ഒരു മാസംകൊണ്ടുമാത്രം കുറഞ്ഞതു 30 കോടി രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധമേഖലയ്ക്കുമുണ്ടായത്. ആ നഷ്ടം പെരുകിവരികയാണ്.

‌പ്രളയവും കോവിഡുമുണ്ടാക്കിയ പ്രതിസന്ധി മറികടന്ന് പതിയെ പച്ചപിടിച്ചുവന്നപ്പോൾ വയനാട്ടിൽ വന്യജീവിശല്യം കടുത്ത വെല്ലുവിളിയായി. കൃഷിമേഖലയുടെ തകർച്ചയിൽ പതറിനിന്ന ഒരു ജനവിഭാഗമാണ് ഈ വെല്ലുവിളി നേരിടേണ്ടിവന്നത്. അതിതീവ്രമഴയും മറ്റു പ്രകൃതിക്ഷോഭങ്ങളും തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുകയും ചെയ്തു. 

ഈ ദുർഘട സാഹചര്യത്തിൽ, ചെറുകിട വ്യവസായങ്ങളും വ്യാപാരം, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, നിർമാണം, ഓട്ടോ–ടാക്സി മേഖലകളുമെല്ലാം പിടിച്ചുനിൽ‍ക്കാൻ പാടുപെടുകയാണ്. വിനോദസഞ്ചാരികൾ എത്താതായതോടെ വലിയ പ്രതിസന്ധിയിലാണു വ്യാപാരിസമൂഹം. ലക്കിടി മുതൽ വൈത്തിരി വരെ വിനോദസഞ്ചാരികളെ പ്രതീക്ഷിച്ചുതുറന്ന പല റസ്റ്ററന്റുകളും കരകൗശല വിൽപനശാലകളും അടച്ചുകഴിഞ്ഞു. സഞ്ചാരികൾ കുറഞ്ഞതോടെ ഇൗ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകൾ കഷ്ടത്തിലായി. ടൂറിസം മേഖലയെ മാത്രമല്ല, വയനാടിന്റെ സമ്പദ്‌വ്യവസ്ഥയെയാകെ ഉരുൾപെ‍ാട്ടൽ സാരമായി തളർത്തിയിരിക്കുന്നു.

ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുന്നതും വിനോദസഞ്ചാര മേഖലയെ ബാധിച്ചു. കുറുവദ്വീപിലെ ജീവനക്കാരൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഫെബ്രുവരി 19നു ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്. ഇതോടെ, സർക്കാരിനു നികുതി ഇനത്തിലും മറ്റും ലഭിക്കേണ്ട വരുമാനത്തിലും കാര്യമായ കുറവുണ്ടായി. ഇതിനിടെ, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശം ഹൈക്കോടതി മുന്നോട്ടുവയ്ക്കുകയും ചെയ്തു. 

മുണ്ടക്കൈ– ചൂരൽമല കൊടുംദുരന്തത്തിന്റെ ആഘാതത്തിൽനിന്നു മോചനംനേടാൻ കൊതിക്കുന്ന വയനാടിനെ കരകയറ്റാൻ അടിയന്തരമായി സർക്കാർ ഇടപെടേണ്ടതുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനും കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുന്നതിനുമുള്ള ‘സേവ് വയനാട്’ ക്യാംപെയ്നിന് ഇന്നലെ തുടക്കം കുറിച്ചതു പ്രതീക്ഷ നൽകുന്നു. ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ സുരക്ഷിതമാണെന്ന സന്ദേശം സഞ്ചാരികളിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. കോവിഡ്– പ്രളയകാലങ്ങളിൽ ഒരുഘട്ടം കഴിഞ്ഞപ്പോഴും ‘സേഫ് വയനാട്’ ക്യാംപെയ്നുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചാരണം നടത്തിയാണ് ആ വേളയിൽ സഞ്ചാരികളെ വീണ്ടുമെത്തിച്ചത്. 

ആത്മവിശ്വാസത്തോടെ നമുക്കു സഞ്ചാരികളെ വയനാട്ടിലേക്കു വിരുന്നുവിളിക്കാം; എല്ലാ ജാഗ്രതയും സുരക്ഷയും പാലിച്ച്, സ്നേഹവും കരുതലും കാഴ്ചകളും നൽകി അവരെ വരവേൽക്കാം. ദുരന്തമേഖലയിലെ പുനരുജ്ജീവന പ്രവർത്തനങ്ങളോടെ‍ാപ്പം വയനാട്ടിലെ ടൂറിസം മേഖലയ്ക്കും ആവോളം പിന്തുണ നൽകാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകണം. ഇപ്പോഴത്തെ നാടുണർത്തൽ സാർഥകമാകേണ്ടത് വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ ആവശ്യമാണ്.

English Summary:

Editorial about tourism drop in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com