യുഎസിൽ ജനകീയവോട്ടിൽ ജയിച്ചാൽ മാത്രം പോരാ...
Mail This Article
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ കടുത്ത മത്സരം. സർവേകൾ ഡോണൾഡ് ട്രംപിനും കമല ഹാരിസിനും ജയം പ്രവചിക്കുന്നു. ജനകീയ വോട്ടിൽ മുന്നിലെത്തിയാൽ മാത്രം ജയം ഉറപ്പിക്കാൻ കഴിയില്ല. ഇലക്ടറൽ വോട്ടിൽ മേൽക്കൈ നേടണം.
നാലിന്റെ ഗുണിതമായ വർഷങ്ങളിൽ നവംബറിലെ ആദ്യ തിങ്കളാഴ്‌ചയ്‌ക്കുശേഷം വരുന്ന ചൊവ്വാഴ്‌ചയാണ് യുഎസിൽ തിരഞ്ഞെടുപ്പ്. ഒരു സ്റ്റേറ്റിൽനിന്നു കൂടുതൽ വോട്ടു നേടുന്ന പാർട്ടിക്ക് ആ സ്‌റ്റേറ്റിലെ മൊത്തം ഇലക്‌ടറൽ വോട്ടും ലഭിക്കും. എന്നാൽ, മെയ്‌ൻ, നെബ്രാസ്‌ക സ്‌റ്റേറ്റുകളിൽ ഈ രീതിയല്ല പിന്തുടരുന്നത്.
ഓരോ സ്‌റ്റേറ്റിലെയും രണ്ടു സെനറ്റ് അംഗങ്ങളോടൊപ്പം ജനസംഖ്യാനുപാതികമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിസഭാംഗങ്ങളും ചേരുന്നതാണ് ഇലക്‌ടറൽ വോട്ട്. 50 സ്‌റ്റേറ്റുകളിലെ വോട്ടുകളും രാഷ്‌ട്രതലസ്‌ഥാനമായ വാഷിങ്ടൻ ഉൾപ്പെടുന്ന ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടടക്കം 538 വോട്ട് ചേർന്നതാണ് ഇലക്‌ടറൽ കോളജ്. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കണമെങ്കിൽ 270 ഇലക്‌ടറൽ വോട്ട് ലഭിക്കണം.
ഒരു സ്‌ഥാനാർഥിക്കും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കൂടുതൽ വോട്ടു നേടിയ മൂന്നു സ്‌ഥാനാർഥികളിൽ ഒരാളെ യുഎസ് പ്രതിനിധിസഭ പ്രസിഡന്റായി തിരഞ്ഞെടുക്കും. 1800ലും 1824ലും പ്രതിനിധിസഭയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടു നേടുന്ന രണ്ടു സ്‌ഥാനാർഥികളിൽനിന്നു സെനറ്റ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും. 1836ൽ വൈസ് പ്രസിഡന്റിനെ സെനറ്റാണ് തിരഞ്ഞെടുത്തത്.
മുന്നിലെത്തിയിട്ടും പരാജയം
1876,1888, 2000, 2016 വർഷങ്ങളിൽ കൂടുതൽ ജനകീയ വോട്ട് ലഭിച്ചവർ ഇലക്ടറൽ വോട്ടിൽ പരാജയപ്പെട്ടു.
2000
ജോർജ് ഡബ്ല്യു. ബുഷ് (റിപ്പബ്ലിക്കൻ പാർട്ടി): 5,04,56,002 (48.4%)
ഇലക്ടറൽ വോട്ട്: 271
അൽ ഗോർ (ഡെമോക്രാറ്റിക് പാർട്ടി): 5,09,99,897 (48.4%)
ഇലക്ടറൽ വോട്ട്: 266
2016
ഡോണൾഡ് ട്രംപ് (റിപ്പബ്ലിക്കൻ പാർട്ടി): 6,29,84,828 (46.09%)
ഇലക്ടറൽ വോട്ട്: 304
ഹിലറി ക്ലിന്റൻ (ഡെമോക്രാറ്റിക് പാർട്ടി): 6,58,44,610 (48.18%)
ഇലക്ടറൽ വോട്ട്: 227