ADVERTISEMENT

വിലക്കയറ്റമടക്കമുള്ള ആഘാതങ്ങൾകൊണ്ട് അല്ലെങ്കിൽത്തന്നെ നട്ടെല്ലൊടിഞ്ഞ കേരളത്തിന് ഇപ്പോഴുണ്ടായ വൈദ്യുതിനിരക്കുവർധന കഠിനഭാരം തന്നെയാണു നൽകുന്നത്. സംസ്ഥാനത്തെ ഒരു കോടിയിലേറെ ഗാർഹിക ഉപയോക്താക്കളെ ഈ വർധന പൊള്ളലേൽപിക്കുന്നു. കേരളത്തിലെ വൈദ്യുതിപ്രതിസന്ധിയും അതിന്റെ തുടർച്ചയായി ഉണ്ടാവുന്ന വൻ നിരക്കുവർധനയും വൈദ്യുതി ഉൽപാദന, പ്രസരണ രംഗങ്ങൾ വർഷങ്ങളായി അവഗണിക്കപ്പെട്ടതിനു നാം കൊടുക്കേണ്ടിവരുന്ന വിലകൂടിയല്ലേ? കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതിന്റെ ഭാരംകൂടിയല്ലേ നിരക്കുവർധനയിലൂടെ കേരളം ചുമക്കേണ്ടിവരുന്നത് ?

യൂണിറ്റിന് 16 പൈസ കൂട്ടിയതു സാധാരണക്കാരുടെ കുടുംബബജറ്റിനെ കാര്യമായി ബാധിക്കുമെന്നു തീർച്ച. അടുത്ത സാമ്പത്തികവർഷം 12 പൈസയുടെ വർധന കൂടിയുണ്ടാകും. അതായത്, നാലു മാസത്തിനുള്ളിൽ 28 പൈസ കൂടുന്നുവെന്നർഥം. ജനങ്ങളുടെ പണംകെ‍ാണ്ടു മുന്നോട്ടുപോകുന്ന, ജനസേവനം മാത്രം ലക്ഷ്യമാക്കേണ്ട കെഎസ്ഇബി ഇപ്പോഴെത്തിനിൽക്കുന്ന സാഹചര്യം ഗുരുതരമാണെന്നും അതിന്റെ ബാധ്യത തങ്ങളുടെ തലയിൽവച്ചുതരുന്നതിന്റെ ന്യായമെന്താണെന്നുമാണു ജനത്തിന്റെ ചോദ്യം. നടപടികൾ നേരത്തേ പൂർത്തീകരിച്ചെങ്കിലും നിരക്കുവർധന പ്രഖ്യാപിക്കാൻ ഉപതിരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ കാത്തിരിക്കുന്ന പരിഹാസ്യ സാഹചര്യവും കേരളം കണ്ടു. 

കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്ക് യൂണിറ്റിന് അഞ്ചു പൈസ വർധിപ്പിച്ചത് സൗജന്യ വൈദ്യുതി പദ്ധതിയിൽ ഉൾപ്പെടാത്ത കർഷകരെ സാരമായി ബാധിക്കുന്നതു ചൂണ്ടിക്കാട്ടി പ്രതിഷേധമുയരുന്നുണ്ട്. സൗജന്യ കാർഷിക വൈദ്യുതി പദ്ധതിയിൽ അംഗങ്ങളല്ലാത്ത ഒട്ടേറെ കർഷകരുണ്ട്. തോട്ടം മേഖലയിൽ ഒട്ടേറെ കർഷകർ ജലസേചനത്തിനായി വൈദ്യുതി കണക്‌ഷൻ എടുത്തിട്ടുമുണ്ട്. ഇവർക്കെ‍ാക്കെയും നിരക്കുവർധന തിരിച്ചടിയാകും.

വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾക്കു കാരണമായെന്ന് അധികൃതർതന്നെ പറയുമ്പോൾ 10 വർഷം മുൻപു തുടങ്ങിയ ജലവൈദ്യുത പദ്ധതിക്കുപോലും ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത കെഎസ്ഇബിയുടെ അനാസ്ഥ അതോടു ചേർത്തുവയ്ക്കേണ്ടിവരും. 2014ൽ അനുമതി നൽകിയ കോഴിക്കോട് മറിപുഴ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ടെൻഡർ, ഭൂമി ഏറ്റെടുക്കാൻ കഴിയാത്തതിനെത്തുടർന്നു റദ്ദാക്കി. 130 മെഗാവാട്ടിലധികം വൈദ്യുതി ഉൽപാദിപ്പിക്കേണ്ട പല പദ്ധതികളും അകാരണമായി നീളുന്നതിനു ന്യായീകരണമില്ല.

പദ്ധതികൾ നടപ്പാക്കുന്നതിൽ കെഎസ്ഇബി വരുത്തുന്ന അനാവശ്യമായ കാലതാമസം കാരണം പദ്ധതികളുടെ ചെലവു വർധിച്ചാൽ അതു വൈദ്യുതി നിരക്കിലൂടെ ഈടാക്കാൻ അനുവദിക്കില്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഈയിടെ വ്യക്തമാക്കിയതാണ്. പദ്ധതികൾ വൈകുന്നത് ഒഴിവാക്കാൻ അവയുടെ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും ചെലവു ചുരുക്കി പദ്ധതി പൂർത്തിയാക്കാൻ സമയോചിതമായി തീരുമാനമെടുക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

ജനത്തിന് ഇരുട്ടടി നൽകാൻ ഉത്സാഹിക്കുന്ന കെഎസ്ഇബി, വലിയതുക കുടിശികയുള്ള വൻകിട ഉപയോക്താക്കളെ തലോടുന്ന ഇരട്ടത്താപ്പു നയം സ്വീകരിക്കുന്നുവെന്ന പരാതിയും പ്രസക്തമാണ്. നിരക്കുവർധന അടിച്ചേൽപിക്കാനുള്ള ശുഷ്കാന്തി കുടിശിക കൃത്യമായി പിരിച്ചെടുക്കുന്നതിൽകൂടി കെഎസ്ഇബി കാണിക്കേണ്ടതല്ലേ? നിലവിലെ നിരക്കുവർധനയിലൂടെ 2027 മാർച്ച് 31 വരെ 1834.43 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിടുന്ന കെഎസ്ഇബി പിരിച്ചെടുക്കാനുള്ള കുടിശിക ശതകോടികളാണ്. 

നിലവിൽ സംസ്ഥാനത്തിന് ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതിയും വിവിധ കരാറുകൾപ്രകാരം മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നതിനുപുറമേ, പീക്ക് സമയങ്ങളിൽ അപ്പപ്പോൾ വിപണിയിൽനിന്നു വലിയ വില നൽകി വാങ്ങേണ്ട അവസ്ഥയുമുണ്ട്. ബദൽ ഊർജസ്രോതസ്സുകളുടെ സാധ്യതകളെല്ലാം ഈ ഭീഷണസാഹചര്യത്തിൽ കേരളത്തിനു മുന്നിൽ ഉണ്ടാവേണ്ടതുണ്ട്. 

കാര്യക്ഷമത വർധിപ്പിച്ചും ചെലവുചുരുക്കിയും കുറഞ്ഞനിരക്കിൽ വൈദ്യുതി വാങ്ങിയും വരുമാനക്കമ്മി പരമാവധി കുറയ്ക്കണമെന്നു കമ്മിഷൻ നിർദേശിച്ചത് കെഎസ്ഇബി എത്രത്തോളം പാലിക്കുമെന്നു കണ്ടറിയേണ്ടതുണ്ട്. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചും ദീർഘകാല കരാറുകളിലൂടെ കുറഞ്ഞ ചെലവിൽ വൈദ്യുതി കണ്ടെത്തിയും വൈദ്യുതിവാങ്ങൽച്ചെലവു ക്രമമായി കുറച്ചുകെ‍ാണ്ടുവന്നാൽ രണ്ടു വർഷത്തിനുശേഷം നിരക്കുവർധന ആവശ്യമാകില്ലെന്നു റഗുലേറ്ററി കമ്മിഷൻ ചൂണ്ടിക്കാട്ടിയതു ഗൗരവത്തിലെടുക്കണം.

കെഎസ്ഇബി പ്രഫഷനൽ പ്രവർത്തനശൈലി സ്വീകരിക്കണമെന്നാണ് കാലം ആവശ്യപ്പെടുന്നത്. നഷ്ടത്തിൽ മുങ്ങി, ശമ്പളവിതരണംപോലും പതിവായി മുടങ്ങിനിൽക്കുന്ന കെഎസ്ആർടിസിയുടെ ഗതി കെഎസ്ഇബിക്ക് ഉണ്ടായിക്കൂടാ. കെഎസ്ഇബിയുടെ നോട്ടക്കുറവിന്റെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഭാരം ജനങ്ങളുടെ തലയിൽ വച്ചുകെ‍ാടുക്കുന്നതിനു ന്യായമില്ല.

English Summary:

Editorial: KSEB's recent electricity tariff hike in Kerala has sparked outrage and concern. The hike, attributed to KSEB's inefficiencies and lack of planning, places an unfair burden on citizens already struggling with rising costs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com