ആകാശത്തൊരു നൂറാം മുദ്ര

Mail This Article
ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 ഇന്നലെ രാവിലെ 6.23നു ശ്രീഹരിക്കോട്ടയിൽനിന്നു ജിഎസ്എൽവിയുടെ ചിറകിലേറി ആകാശത്തേക്കുയർന്നപ്പോൾ ഒപ്പമുയർന്നത് ഇന്ത്യയുടെ അഭിമാനവും ആത്മവിശ്വാസവുമാണ്. നൂറാം വിക്ഷേപണത്തിലൂടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്‌ഥാപനം (ഐഎസ്‌ആർഒ) ചരിത്രമെഴുതിയിരിക്കുന്നു.
തദ്ദേശീയ ഉപഗ്രഹ നിർമാണത്തിനു കൂടുതൽ കരുത്തേകുന്നതാണ് ഇപ്പോഴത്തെ ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ വിജയം. ഈയിടെ സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനം ബഹിരാകാശത്തു വിജയകരമായി പൂർത്തിയാക്കി ഡോക്കിങ് ശേഷി നേടിയതിലൂടെ സങ്കീർണമായ ഏതു സാങ്കേതികവിദ്യയിലും നമുക്കു കയ്യൊപ്പു ചാർത്താനാവുമെന്നു തെളിയിച്ച ഐഎസ്‌ആർഒയുടെ മറ്റൊരു അഭിമാനവിജയമാണിത്. ലോകരാഷ്‌ട്രങ്ങൾക്കു മുന്നിൽ നമ്മുടെ സ്വയംപര്യാപ്‌തതയുടെ പ്രഖ്യാപനങ്ങളാണ് ഇന്ത്യയുടെ സമീപകാല വാനവിജയങ്ങളെല്ലാം.
ഗതിനിർണയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിലൂടെ സാധ്യതയുടെ പുതിയ ഉയരംകൂടി ജിഎസ്‌എൽവി കാണിച്ചുതരുന്നു. വൈദേശിക ആശ്രയത്വം കുറയ്‌ക്കുന്നതിനും ഭാരമേറിയ ഉപഗ്രഹങ്ങളെ ഭൂസ്‌ഥിര ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുമായി ഇന്ത്യ വികസിപ്പിച്ചെടുത്ത റോക്കറ്റാണ് ജിഎസ്‌എൽവി (ജിയോസിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ). സ്ഥാനനിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിനു പകരം ഐഎസ്ആർഒ വികസിപ്പിക്കുന്ന 7 ഉപഗ്രഹങ്ങളുടെ ശ്രേണിയായ ‘നാവികി’ലെ (നാവിഗേഷൻ വിത് ഇന്ത്യൻ കോൺസ്റ്റലേഷൻ) രണ്ടാം ഉപഗ്രഹമാണ് എൻവിഎസ് – 02.
ഇതിനകം പലതരം ബഹിരാകാശ ദൗത്യങ്ങൾക്കു സാക്ഷിയായ, ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുള്ള ഈ വിക്ഷേപണവിജയം പുതിയ ആകാശസ്വപ്നങ്ങൾക്കുകൂടി വാതിൽതുറക്കുന്നു. 1971ലാണ് ശ്രീഹരിക്കോട്ട ദ്വീപിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ഇന്ത്യയുടെ ഐതിഹാസിക ദൗത്യങ്ങളായ ചന്ദ്രയാൻ 1 (2008), മംഗൾയാൻ (2013), ചന്ദ്രയാൻ 3 (2023) എന്നിവയുടെയൊക്കെ ഉപഗ്രഹവിക്ഷേപണം നടന്നതു ശ്രീഹരിക്കോട്ടയിലാണ്. സമീപവർഷങ്ങളിൽ പല നിർണായക ദൗത്യങ്ങളും ഒട്ടേറെ വാണിജ്യ വിക്ഷേപണങ്ങളും പിഴവില്ലാതെ, കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ കഴിഞ്ഞതോടെ വിശ്വസ്ത വിക്ഷേപണകേന്ദ്രമായി ശ്രീഹരിക്കോട്ട മാറിക്കഴിഞ്ഞു.
മുൻ രാഷ്ട്രപതിയും വിശ്രുത ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ 1979 ഓഗസ്റ്റ് പത്തിനു വിക്ഷേപിച്ച എസ്എൽവി–01 ആയിരുന്നു ശ്രീഹരിക്കോട്ടയിൽനിന്നുള്ള ആദ്യ ഉപഗ്രഹദൗത്യം. തുടർന്നുനടന്ന ദൗത്യങ്ങളിൽ 62 എണ്ണത്തിലും പിഎസ്എൽവിയാണു വിക്ഷേപണ വാഹനമായത്. ജിഎസ്എൽവി 16 ദൗത്യങ്ങളിലും പങ്കാളിയായി. ഇന്ത്യയുടെ കരുത്തുറ്റ എൽവിഎം3 റോക്കറ്റിൽ 2 ദൗത്യങ്ങൾ ഉൾപ്പെടെ തുടർവിക്ഷേപണങ്ങൾ അടുത്ത മാസങ്ങളിൽ നടക്കും. നാസയുമായി ചേർന്നുള്ള ദൗത്യം, ചന്ദ്രയാൻ 4, ബഹിരാകാശത്തേക്കു മനുഷ്യനെയെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യഘട്ടമായ ആളില്ലാ വിക്ഷേപണം അടക്കമുള്ളവയും അണിയറയിൽ ഒരുങ്ങുന്നു.
ഭൂമിയുടെയും മനുഷ്യന്റെയും ഭൂതഭാവികളെപ്പറ്റിയുള്ള ഉത്തരങ്ങളാണ് ഐഎസ്‌ആർഒ തേടുന്നത്. വാർത്താവിനിമയ, വിദൂരസംവേദന രംഗങ്ങളിലെല്ലാം പുതിയ നേട്ടങ്ങളിലേക്കാണു നമ്മുടെ ബഹിരാകാശ ഗവേഷണത്തിന്റെ യാത്ര. വി.നാരായണൻ ഐഎസ്ആർഒ ചെയർമാനായശേഷമുള്ള ആദ്യ വിക്ഷേപണമെന്ന പ്രത്യേകതയും ഇപ്പോൾ കൈവരിച്ച വലിയ വിജയത്തിലുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഐഎസ്‌ആർഒ സംഘം സാധ്യതകളുടെയും വിജയങ്ങളുടെയും പുതിയ ആകാശം തേടുമ്പോൾ അവരുടെ ദൗത്യത്തിന് അഭിവാദ്യം നേരാം. തിരുവനന്തപുരം തുമ്പയിലെ കടൽത്തീരത്തുനിന്ന് 1963 നവംബറിൽ ഉയർന്ന ആദ്യ റോക്കറ്റ് ഇന്ത്യൻ ബഹിരാകാശക്കുതിപ്പിന്റെ പ്രതീക്ഷാഭരിതമായ തുടക്കമാണ് അടയാളപ്പെടുത്തിയതെന്ന് അഭിമാനത്തോടെ ഓർമിക്കുകയും ചെയ്യാം.