ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി നാടിനെ അന്നമൂട്ടാൻ കൃഷിചെയ്യുന്ന നെൽക്കർഷകർ ഓരോ വർഷവും അനിശ്ചിതത്വത്തിലൂടെയാണു കടന്നുപോകുന്നത്. വിത്തില്ല, വളമില്ല, കൊയ്യാൻ യന്ത്രമില്ല, നെല്ലെടുക്കാൻ ആളില്ല, എടുത്ത നെല്ലിനു തുക കിട്ടാനില്ല എന്നിങ്ങനെ പലതരത്തിൽ കഷ്ടസ്ഥിതിയിലാണു നമ്മുടെ കർഷകർ. പലയിടത്തും നെല്ലുസംഭരണം പ്രതിസന്ധിയിലായിരിക്കുന്നതാണ് ഇപ്പോഴത്തെ കടുത്ത ആശങ്ക.  

സപ്ലൈകോയ്ക്കുവേണ്ടി നെല്ലെടുക്കുന്നത് വിവിധ മില്ലുകളാണ്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം (1800 ഏക്കർ) പാടശേഖരത്തെ നെല്ലു സംഭരിക്കാൻ മില്ലുകാരില്ലാതെ കർഷകർ കഷ്ടത്തിലായത് സങ്കടകരമായെ‍ാരു ഉദാഹരണമാണ്. കുമരകത്തിനു സമീപമുള്ള ഈ പാടശേഖരത്തിലെ നെല്ലു സംഭരിക്കാൻ സപ്ലൈകോ മില്ലുകാരെ നിയോഗിച്ചെങ്കിലും ഇതുവരെ ആരുമെത്തിയിട്ടില്ല. പാടശേഖരത്തിന്റെ കിഴക്കുഭാഗത്തെ 350 ഏക്കറിലെ നെല്ലാണു സംഭരിക്കാതെ കിടക്കുന്നത്. സമീപത്തും കൊയ്ത്തു നടക്കുന്നുണ്ട്. കൊയ്ത്തു തുടങ്ങുന്നതുമുതൽ സംഭരണവും ആരംഭിച്ചാൽ മാത്രമേ യഥാസമയം പൂർത്തിയാക്കാൻ കഴിയൂ. ഇതിനിടെ വലിയ മഴ പെയ്താൽ നെല്ലുസംഭരണം പ്രതിസന്ധിയിലാകും.  

ബാങ്കുകളിൽനിന്നു വായ്പയെടുത്തും സ്വർണം പണയംവച്ചുമെ‍ാക്കെ പണം കണ്ടെത്തിയാണു മിക്ക കർഷകരും കൃഷിയിറക്കുന്നത്. നെല്ലുസംഭരണം വൈകുന്തോറും അവരുടെ നെഞ്ചിടിപ്പേറുന്നു. വിറ്റ നെല്ലിന്റെ പണം കൃത്യസമയത്തു ലഭിക്കുന്നില്ലെന്നും കർഷകർക്കു പരാതിയുണ്ട്. നെല്ലു സംഭരിക്കുമ്പോൾ ചില മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നതും തിരിച്ചടിയാകുന്നു. തങ്ങളുടെ പാടശേഖരത്തെ നെല്ലിനു ഗുണനിലവാരം ഉള്ളതിനാൽ കിഴിവു നൽകാൻ തയാറല്ലെന്ന് ഉറപ്പിച്ചുപറയുന്ന കർഷകരുണ്ട്. ഇതോടെ നെല്ലു സംഭരിക്കാതെ പലപ്പോഴും മില്ലുകാർ മടങ്ങുന്നു.  

ഈർപ്പവും ‘കറവലും’ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി മില്ലുടമകൾ നെല്ല് ഏറ്റെടുക്കാൻ വിസമ്മതിക്കുന്നതാണ് കുട്ടനാട്ടിൽ പ്രശ്നമായി ഉയരുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയിൽ തണ്ണീർത്തട കൃഷിയിടവും കരിനിലവും കൂടുതലാണ്. കരിനിലത്തിൽ വിളയുന്നത് എത്ര നല്ലനെല്ലായാലും പുറംഭാഗത്തു കറുപ്പ് (കറവൽ) തോന്നിക്കുമെന്നു കർഷകർ പറയുന്നു. 100 കിലോ നെല്ലിൽനിന്ന് 68 കിലോ അരി എന്ന കണക്ക് കുട്ടനാട്ടിൽ പ്രായോഗികമല്ലെന്നും സംഭരിക്കുന്ന നെല്ല് ഈർപ്പക്കൂടുതൽ കാരണം രണ്ടു ദിവസത്തിനകം ചുരുങ്ങിപ്പോകുന്നെന്നുമാണ് മില്ലുകാരുടെ പരാതി. എന്നാൽ, ആലപ്പുഴയുടെ ഭൂമിശാസ്ത്ര പ്രത്യേകതകളും കൃഷി ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും കണക്കിലെടുക്കണമെന്നാണു കർഷകരുടെ വാദം. 10 വർഷത്തിനിടെ ഉൽപാദനച്ചെലവ് 70 ശതമാനത്തിലധികം കൂടിയിട്ടും നെല്ലിന്റെ വില കൂടുന്നില്ല. സംഭരണം ആരംഭിച്ച കാലം മുതൽ ഒരു ക്വിന്റൽ നെല്ലിനു 12 രൂപയാണു കൈകാര്യച്ചെലവു നൽകുന്നതെന്നും കർഷകർക്കു പരാതിയുണ്ട്.

പാലക്കാട് ജില്ലയിൽ രണ്ടാംവിള കെ‍ായ്ത്തു തുടരുന്നതിനോടെ‍ാപ്പം നെല്ലുസംഭരണവും ആരംഭിച്ചത് ആശ്വാസകരമാണ്. തുടക്കം പതുക്കെയായിരുന്നുവെങ്കിലും ഇതുവരെ 5000 കർഷകരിൽനിന്നായി 8000 മെട്രിക് ടൺ നെല്ലു സംഭരിച്ചുകഴിഞ്ഞു. ഈ മാസം അവസാനത്തേ‍ാടെ ഊർജിതമാകുന്ന സംഭരണം മേയിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ സീസണിൽ സംഭരണവില പ്രഖ്യാപനവും സംഭരണവും വൈകിയതു കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സംഭരണവില വർധിപ്പിക്കണമെന്നതാണ് കർഷകരുടെ മുഖ്യ ആവശ്യം.

മനുഷ്യത്വവും കരുതലും കെ‍ാണ്ടാണ് നെല്ലുസംഭരണവിഷയത്തെ സർക്കാർ സമീപിക്കേണ്ടത്. പരിഹരിക്കാൻ കഴിയാത്ത പ്രശ്നമല്ല ഇതെന്നു തിരിച്ചറിഞ്ഞ്, സംഭരണത്തിലെ അപാകതകൾക്കു ശാശ്വതപരിഹാരം ഉണ്ടാക്കുകതന്നെ വേണം. സപ്ലൈകോയ്ക്കു സർക്കാർ കൃത്യസമയത്ത് ഫണ്ട് ലഭ്യമാക്കുകയും മില്ലുകാരുടെ നിസ്സഹകരണത്തിനു പരിഹാരം കാണുകയും വേണം.

ഗുണമേന്മയുള്ള നെൽവിത്ത് കാർഷിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ യഥാസമയം വിതരണം ചെയ്യുകയും കൊയ്ത്തുയന്ത്രം വേണ്ടത്ര ലഭ്യമാക്കുകയും വേണം. മികച്ച വിള, അതിനു ന്യായവില, സമയബന്ധിതമായ സംഭരണം – ഇതൊക്കെയാണു നമ്മുടെ കർഷകർക്കു വേണ്ടത്; ഈ അടിസ്ഥാന ആവശ്യങ്ങൾക്കുപോലും വിയർപ്പിന്റെ വില കിട്ടാതെ പോകുന്നതു കാർഷിക കേരളത്തിന്റെ നട്ടെല്ലെ‍ാടിക്കും.

English Summary:

Kerala's Rice Bowl Empties: Kerala rice farmers' anger boils over procurement delays

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com