കോടിപ്പോകുന്ന വിശ്വാസം

Mail This Article
കുറ്റമറ്റ നൈതികതയും മാതൃകാപരമായ വിശ്വാസ്യതയും ധാർമികതയും ജുഡീഷ്യറിയുടെ മുഖമുദ്രകളായി സാമാന്യജനത്തിന്റെ മനസ്സിൽ പതിഞ്ഞുകിടക്കുകയാണ്. ഡൽഹി ഹൈക്കോടതിയിലെ ഒരു മുതിർന്ന ന്യായാധിപന്റെ വീട്ടിൽനിന്നു കണക്കിൽപ്പെടാത്ത വൻ പണശേഖരം കണ്ടെടുത്തുവെന്ന ആരോപണം നമ്മെ ഞെട്ടിക്കുന്നത് അതുകൊണ്ടുതന്നെയാണ്.
ഡൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന ആരോപണം രാജ്യത്തെയാകെ ഉലയ്ക്കുന്നതായി. അദ്ദേഹത്തിന്റെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് വിവരം പുറത്തറിഞ്ഞതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും തങ്ങളുടെ ടീമിന്റെ സാന്നിധ്യത്തിൽ പണം കണ്ടെത്തിയിട്ടില്ലെന്നാണ് ഡൽഹി ഫയർ സർവീസ് മേധാവി പിന്നീടു പറഞ്ഞത്.
സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റുമെന്ന സൂചനകൾക്കിടെ എതിർപ്പുമായി അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ രംഗത്തെത്തുകയും ചെയ്തു. ‘ചവറ്റുകൊട്ടയല്ല അലഹാബാദ് ഹൈക്കോടതി’ എന്നായിരുന്നു ബാർ അസോസിയേഷന്റെ പ്രതികരണം. ഗൗരവമേറിയ വിഷയമാണിതെന്നും ജഡ്ജി രാജിവയ്ക്കണമെന്നും രാജ്യത്തെ പല പ്രമുഖ അഭിഭാഷകരും നിയമരംഗത്തെ വിദഗ്ധരും ആവശ്യപ്പെട്ടുകഴിഞ്ഞു.
ആരോപിക്കപ്പെടുന്ന സംഭവം എന്ന വിലയിരുത്തലിലാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം നീങ്ങുന്നതെന്നു വ്യക്തം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തുന്ന ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് സുപ്രീം കോടതിതന്നെ പരസ്യപ്രസ്താവന നടത്തിയിട്ടുണ്ട്.
ഒരു വീട്ടിൽനിന്നു കണക്കില്ലാപ്പണം കണ്ടെടുത്തു എന്ന ആരോപണത്തിനു ഗൗരവതരമായ മാനം കൈവരുന്നത് അതൊരു മുതിർന്ന ന്യായാധിപന്റെ വീടായതുകൊണ്ടാണ്. എങ്ങനെയാണ് ഒരാൾക്ക് ഇത്രയും പണം സമ്പാദിക്കാനായത്, എന്തുകൊണ്ടാണ് അതു കണക്കിൽപ്പെടുത്താത്തത് തുടങ്ങിയ ചോദ്യങ്ങൾക്കു വലിയ പ്രസക്തിയുണ്ട്. അങ്ങനെയെങ്കിൽ, നേർവഴിക്കാവില്ല ഈ പണം അദ്ദേഹത്തിനു കിട്ടിയതെന്ന സംശയവും ന്യായം. ആരോപിതൻ ഹൈക്കോടതി ജഡ്ജി ആയതുകൊണ്ട് ഈ പണംവരവിനു പുറത്തറിയാത്ത കാരണങ്ങളുമുണ്ടാവാം എന്നു സംശയിക്കുന്നവരുണ്ട്. ജിഎസ്ടി ഉൾപ്പെടെ നികുതിക്കേസുകളും കമ്പനികളുടെ അപ്പീലുകളും പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിന്റെ അധ്യക്ഷനാണ് നിലവിൽ ജസ്റ്റിസ് യശ്വന്ത് വർമ.
നീതിന്യായ സംവിധാനത്തിലുള്ളവർതന്നെ ധനാർത്തിയിൽപ്പെട്ടുപോയെങ്കിൽ ജനങ്ങൾക്ക് എന്തിലാണു വിശ്വാസമർപ്പിക്കാൻ കഴിയുന്നത്? കണക്കില്ലാപ്പണത്തിനും കോഴയ്ക്കും അഴിമതിക്കുമെതിരെ സുപ്രീം കോടതിയും ഹൈക്കോടതികളും നിരന്തരം നടത്തിപ്പോരുന്ന ഇടപെടലുകളെയെല്ലാം ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ കണ്ടെത്തിയെന്നു പറയുന്ന ആ പണക്കൂന ചോദ്യം ചെയ്യുന്നുണ്ട്. സമാനതകളില്ലാത്ത ഈ സംഭവം കുറ്റമറ്റ അന്വേഷണവും ആരോപണം ശരിയെന്നുവന്നാൽ വിട്ടുവീഴ്ചയില്ലാത്ത തുടർനടപടികളും ആവശ്യപ്പെടുകയും ചെയ്യുന്നു.
ആരോപണം വാസ്തവമെങ്കിൽ, ഇങ്ങനെയുള്ള ആളുകളെ ന്യായാധിപന്മാരായി നിയമിക്കുന്നതിനെക്കുറിച്ചും ചോദ്യമുയരുമെന്നു തീർച്ച. നിയമനങ്ങളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടോ അതിൽ വെള്ളം ചേർക്കുന്നതുകൊണ്ടോ അല്ലേ കളങ്കിതർ ഏതു സ്ഥാനത്തേക്കും കയറിവരുന്നത്? ജുഡീഷ്യറിയുടെ സുതാര്യതയെന്ന സങ്കൽപത്തിൽ കൊളീജിയത്തിന്റെ കുറ്റമറ്റ പ്രവർത്തനവും നേർവഴിയിലൂടെ, മികവുറ്റവർക്കു മാത്രം ന്യായാധിപക്കസേര ഉറപ്പാക്കുന്നതുംകൂടി ഉൾപ്പെടുന്നു. രാജ്യത്ത് ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്ന പൊതുരഹസ്യങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനവും സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റവുമെന്നു പറഞ്ഞത് മികച്ചൊരു ജഡ്ജിയെന്നു സുപ്രീം കോടതിയിൽ പേരെടുത്ത ജസ്റ്റിസ് റുമ പാലാണ്. എങ്കിൽ, ആ രഹസ്യത്തിനു നൈതികതയും ധാർമികതയും വേണ്ടേ?
നിയമനങ്ങൾക്കുള്ള കൊളീജിയം സംവിധാനത്തിന്റെ പോരായ്മകൾ എടുത്തുപറഞ്ഞാണ് പാർലമെന്റ് ഭരണഘടനാ ഭേദഗതിയിലൂടെ 2014ൽ ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ കൊണ്ടുവന്നത്. 2015ൽ സുപ്രീം കോടതി അതു നിരാകരിച്ചു. ജഡ്ജിനിയമനത്തിനു പാലിക്കുന്ന നടപടിക്രമങ്ങൾ പരിഷ്കരിക്കണമെന്നാണ് ആ വിധിയിൽ കോടതി പറഞ്ഞത്. തുടർന്നിങ്ങോട്ട് ചീഫ് ജസ്റ്റിസും സർക്കാരുമായി പല എഴുത്തുകുത്തുകളും പരസ്യമായ അഭിപ്രായ പ്രകടനങ്ങളുമൊക്കെ നടന്നുവെങ്കിലും ഇതുവരെയും ധാരണ സാധ്യമായിട്ടില്ല; വീണ്ടും ജുഡീഷ്യൽ കമ്മിഷൻ ഉണ്ടാക്കാൻ ഭരണഘടനാ ഭേദഗതിക്കു സർക്കാർ ശ്രമിച്ചിട്ടുമില്ല. അങ്ങനെ പഴയരീതിയിൽ തുടരുന്ന കൊളീജിയം സംവിധാനംതന്നെയാണു മികച്ച ന്യായാധിപന്മാരെ നിയമിക്കുന്നത്; അങ്ങനെയല്ലാത്തവരെയും.